പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോണിൽ കൂട്ട പിരിച്ചുവിടൽ ഉണ്ടാകുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ വീഡിയോ ഗെയിം വിഭാഗത്തിലെ നൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക മാന്ദ്യം മുന്നില്‍ കണ്ടാണ് തൊഴിലാളികളെ പിരിച്ചുവിടുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.
ഗെയിം ഗ്രോത്ത് ഡിവിഷൻ, സാൻ ഡീഗോ ഗെയിം സ്റ്റുഡിയോ, കമ്പനിയുടെ ലോയൽറ്റി പ്രോഗ്രാമിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി സജ്ജീകരിച്ച സേവനമായ പ്രൈം ഗെയിമിങ് എന്നിവയിലെ ജീവനക്കാരാണ് പിരിച്ചുവിട്ടവരിൽ ഉൾപ്പെടുന്നതെന്ന് ആമസോൺ ഗെയിംസ് വൈസ് പ്രസിഡന്റ് ക്രിസ്റ്റോഫ് ഹാർട്ട്മാന്റെ മെമ്മോയിൽ പറയുന്നു.
മറ്റു ചില ജീവനക്കാരെ ആമസോണിന്റെ പ്രധാനപ്പെട്ട പുതിയ ചില പ്രോജക്ടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഹാർട്ട്മാൻ വ്യക്തമാക്കി. ''ഇത്തരത്തിലുള്ള വാർത്തകൾ ഒരിക്കലും സന്തോഷത്തോടെ പങ്കിടാൻ ഒരു മാർഗമില്ല. പക്ഷേ പിരിച്ചുവിടൽ നേരിടുന്ന ഞങ്ങളുടെ ജീവനക്കാരോട് സഹാനുഭൂതിയോടെയും ബഹുമാനത്തോടെയും പെരുമാറാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. കൂടാതെ പിരിച്ചുവിടൽ വേതനം, ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ, ഔട്ട്പ്ലേസ്മെന്റ് സേവനങ്ങൾ, അവർക്ക് പുതിയ ജോലിതിരഞ്ഞ് കണ്ടെത്തുന്നത് വരെയുള്ള ശമ്പളത്തോട് കൂടിയ സമയം എന്നിവ നൽകിക്കൊണ്ട് അവർക്ക് പിന്തുണ നൽകും,'' ഹാർട്ട്മാൻ പറഞ്ഞു.
ആമസോൺ സിഇഒ ആൻഡി ജാസി ബിസിനസിന്റെ ഭാഗമായി ചെലവുകൾ നിയന്ത്രിക്കുന്നതിനാലാണ് ഈ വെട്ടിക്കുറവ് നടത്തിയിരിക്കുന്നത്. പതിനെട്ടായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ 9,000 തൊഴിലാളികളെ കൂ ആമസോൺ പിരിച്ചുവിടുമെന്ന് കഴിഞ്ഞ മാസം ജാസി വെളിപ്പെടുത്തിയിരുന്നു. കോർപ്പറേറ്റ് ജീവനക്കാർക്ക് നിയമന മരവിപ്പിക്കലും കമ്പനി അടുത്തയിടെ നടപ്പാക്കിയിരുന്നു. ആമസോണിന്റെ ടെലിഹെൽത്ത് സേവനം, ഉപഭോക്താക്കളുടെ വീട്ടുപടിക്കൽ സാധനങ്ങൾ എത്തിക്കുന്ന റോബോട്ട് തുടങ്ങിയ പരീക്ഷണ പദ്ധതികൾ പിരിച്ചുവിടലിന് കാരണമായെന്നാണ് റിപ്പോർട്ട്.
'' മുന്നോട്ടുള്ള യാത്രയിൽ ഉള്ളടക്കത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഞങ്ങളുടെ വിഭവങ്ങൾ വിന്യസിക്കും. ആന്തരികമായ കാര്യങ്ങളിൽ വികസന കേന്ദ്രീകൃതമായ രീതിയിൽ ഞങ്ങൾ നിക്ഷേപം നടത്തും. പ്രോജക്റ്റുകൾ പുരോഗമിക്കുമ്പോൾ ഞങ്ങളുടെ ടീമുകൾ വളരുന്നത് തുടരും. ഇർവിനിലെ ന്യൂ വേൾഡ് ടീം വികസനത്തെ കൂടുതൽ പിന്തുണയ്ക്കുന്നതിന് വേണ്ടി ചില വിഭവങ്ങളെ മാറ്റും. മോൺട്രിയലിലെ സ്റ്റുഡിയോ വിപുലീകരിക്കുന്നത് തുടരും. സാൻ ഡീഗോ സ്റ്റുഡിയോ ഗെയിമിന്റെ പ്രീ പ്രൊഡക്ഷൻ വേഗത്തിലാക്കും,'' മെമ്മോയിൽ പറയുന്നു.
സോണി ഓൺലൈൻ എന്റർടൈൻമെന്റ് പോലുള്ള കമ്പനികളിൽനിന്ന് മികച്ച ആളുകളെ നിയമിക്കുകയും നിരവധി പുതിയ ഗെയിമുകൾ ഉണ്ടായിരുന്നിട്ടും ആമസോൺ ഗെയിംസിന് വലിയ വിജയം നേടാൻ കഴിഞ്ഞിട്ടില്ല. 2013 ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം കാര്യമായ പുരോഗതി കൈവരിക്കാൻ ആമസോൺ ഗെയിംസിന് സാധിച്ചിട്ടില്ല. ആമസോണിന്റെ വീഡിയോ ഗെയിം ഡിവിഷനിലെ ചില മുതിർന്ന എക്സിക്യൂട്ടീവുകൾ സ്ഥാനത്തുനിന്ന് മാറിയിട്ടുണ്ട്. ആമസോൺ ഗെയിംസിന്റെ സാൻ ഡീഗോ സ്റ്റുഡിയോയുടെ തലവനായ ജോൺ സ്മെഡ്ലി ഈ വർഷം ജനുവരിയിൽ കമ്പനി വിട്ടിരുന്നു.