TECHNOLOGY

ആമസോൺ ഇനി നിങ്ങൾക്ക് കേടായ ഉത്പന്നങ്ങൾ അയയ്ക്കില്ല; ഗുണ നിലവാരം ഉറപ്പ് വരുത്താൻ AI സാങ്കേതികവിദ്യ

ഓ‌‌ർഡർ ലഭിക്കുന്ന സാധനങ്ങൾ കയറ്റി അയക്കുന്നതിനുമുൻപ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ ഐ) സഹായത്തോടെ പരിശോധിക്കും

വെബ് ഡെസ്ക്

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് കടന്നുവരാത്ത മേഖലകൾ ഇപ്പോൾ വിരളമാണ്. മനുഷ്യ പ്രയത്‌നം ലഘൂകരിക്കുക, കൃത്യത ഉറപ്പുവരുത്തുക, സമയം ലാഭിക്കുക തുടങ്ങി നിർമിത ബുദ്ധിക്ക് പലതും സാധ്യമാണ്. ടെക് ലോകത്തെ ഭീമന്മാരൊക്കെ എഐ സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങി കഴിഞ്ഞു. ഇപ്പോഴിതാ ഓൺലൈൻ വ്യാപാര രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ ആമസോണും എഐ സാങ്കേതിക വിദ്യയുടെ കൈപിടിച്ചുകഴിഞ്ഞിരിക്കുന്നു.

ഓൺലൈനായി സാധനങ്ങൾ വാങ്ങുമ്പോൾ മിക്കവർക്കും കേടായ ഉത്‌പന്നങ്ങൾ ലഭിക്കാറുണ്ട്. അത് തിരികെ നൽകി വാങ്ങാനും ബുദ്ധിമുട്ടാണ്. ഇതിനെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് ആമസോൺ. വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് അനുസരിച്ച്, ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ നല്ല നിലയിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആമസോൺ അതിന്റെ വെയർഹൗസുകളിൽ വലിയ മാറ്റം വരുത്തുന്നു. ഓ‌‌ർഡർ ലഭിക്കുന്ന സാധനങ്ങൾ കയറ്റി അയക്കുന്നതിനുമുൻപ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ ഐ) സഹായത്തോടെ പരിശോധിക്കും. അതായത് ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും ആമസോൺ ഒരു ഉത്‌പന്നം കയറ്റി അയയ്ക്കുകയുള്ളൂ. ഇതിലൂടെ സാധനങ്ങൾ പാക്ക് ചെയ്യുന്നതും എളുപ്പത്തിലാവും.

ആമസോണിന്റെ വെയർഹൗസുകളിൽ കൂടുതൽ ഓട്ടോമേഷൻ ലഭ്യമാക്കുന്നതിനുള്ള ഒരു ചുവടവയ്പ് കൂടിയാണിത്. ഇപ്പോൾ, ആമസോണിന്റെ വെയർഹൗസുകളിലെ തൊഴിലാളികളാണ് ഓരോ ഉത്‌പന്നങ്ങളുടെയും പരിശോധന നടത്തുന്നത്. എന്നാൽ ഓർഡറുകളുടെ എണ്ണം വർധിക്കുമ്പോൾ പലപ്പോഴും ചെറിയ കേടുപാടുകൾ കണ്ടെത്താൻ സാധിക്കില്ല. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് എഐ സാങ്കേതിക വിദ്യയുടെ സഹായം ആമസോൺ തേടുന്നത്. ഇനിമുതൽ എഐ പരിശോധനയ്ക്ക് ശേഷമായിരിക്കും ആമസോൺ ഓഡറുകൾ ഷിപ്പിങ്ങിനായി പുറപ്പെടുക.

വെയർഹൗസ് പ്രക്രിയയുടെ പിക്കിങ്, പാക്കിങ് ഘട്ടങ്ങളിലാണ് എഐ പരിശോധന നടക്കുക. സംഭരണ ശാലകളിൽ എത്തുന്ന ഉത്പങ്ങൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കേടുപാടുകൾ ഉണ്ടോ എന്ന് ആദ്യം പരിശോധിക്കും. എന്തെങ്കിലും കേടുപാട് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഒരു ജീവനക്കാരൻ അ‌ത് സൂക്ഷ്മമായി പരിശോധിക്കും. അതിനുശേഷം മാത്രമായിരിക്കും ഉത്പന്നങ്ങൾ കയറ്റി അയയ്ക്കുക. കേടുപാടുകൾ സംഭവിച്ച ഉപകരണങ്ങൾ ആളുകളിലേക്ക് എത്തുന്നില്ല എന്ന് ഉറപ്പാക്കുന്നതിനൊപ്പം നൽകുന്ന പ്രോഡക്ടുകൾ നിലവാരമുള്ളതാണ് എന്ന് ഉറപ്പാക്കി ആളുകളിൽ വിശ്വാസം വർധിപ്പിക്കാമെന്നുമാണ് കമ്പനി കണക്കുകൂട്ടുന്നത്.

നിലവിൽ രണ്ട് വെയർഹൗസുകളിൽ ആമസോൺ എഐ സേവനം ഉപയോഗിക്കുന്നുണ്ട്. നോർത്ത് അമേരിക്കയിലെയും യൂറോപ്പിലെയും പത്ത് സ്ഥലങ്ങളിൽ കൂടി ഈ സംവിധാനം ഉപയോഗിക്കാനുള്ള നീക്കത്തിലാണ് ആമസോൺ. കേടായ വസ്തുക്കളെ തിരിച്ചറിയുന്നതിൽ എഐ സംവിധാനം ഒരു തൊഴിലാളിയേക്കാൾ മൂന്നിരട്ടി മികച്ചതാണ് എന്നാണ് ആമസോണിലെ സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെന്റ് മാനേജർ ക്രിസ്‌റ്റോഫ് ഷ്വേർഡ്‌ഫെഗർ പറയുന്നത്. കേടുപാടുള്ളതും കേടുപാട് ഇല്ലാത്തതുമായ വസ്തുക്കളുടെ ചിത്രങ്ങളുടെ ഒരു ശേഖരം ഉപയോഗിച്ചാണ് ആമസോൺ എഐയെ പരിശീലിപ്പിച്ചത്.

അ‌നന്തമായ സാധ്യതകളുള്ള സാങ്കേതികവിദ്യയാണ് എഐ എന്ന് ഇതിനോടകം ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഓൺലൈൻ വ്യാപാര ആപ്പുകളുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന കാലഘട്ടത്തിൽ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തേണ്ടത് കമ്പനികൾക്ക് ആവശ്യമായി വരുന്നതിനാൽ നിർമിത ബുദ്ധിയുടെ ഉപയോഗം ആമസോണിന് കൂടുതൽ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ