TECHNOLOGY

'ചന്ദ്രനിൽ മാത്രമല്ല ആപ്പിളിലുമുണ്ട് ഇസ്രോ ടച്ച്'; ഐഫോൺ 15ൽ ഇന്ത്യൻ സാന്നിധ്യമായി നാവിഗേഷന്‍ ആപ്പ്

നിലവിൽ ഐഫോണിന്റെ ഏറ്റവും പുതിയ മോഡലുകൾക്ക് പുറമെ ഷവോമിയുടെ എംഐ 11എക്സ്, 11ടി പ്രോ, വൺപ്ലസ് നോർഡ് 2ടി, റിയൽമി 9 പ്രോ എന്നീ മോഡലുകളിലും നാവിക് ലഭ്യമാണ്

വെബ് ഡെസ്ക്

ആപ്പിളിനൊപ്പം കൈകോർത്ത് ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയും. ഏറെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങിയ ഐഫോൺ 15 സീരീസിലാണ് ഐഎസ്ആർഒയുടെ കയ്യൊപ്പുള്ളത്. ഇസ്രോ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാവിക് എന്ന നാവിഗേഷൻ സംവിധാനമാണ് ഐഫോൺ അവരുടെ ഏറ്റവും പുതിയ രണ്ടുമോഡലുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിന് (ജിപിഎസ്) ബദലായി ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധാനമാണ് നാവിക്.

ആപ്പിളിന്റെ ഐഫോൺ 15 പ്രോ, 15 പ്രോ മാക്സ് എന്നീ മോഡലുകളിലാണ് നിലവിൽ നാവിക് ലഭിക്കുക. ആദ്യമായും ആപ്പിൾ ഐഫോൺ മോഡലുകളിൽ നാവിക് ഉൾപ്പെടുത്തുന്നത്. 'നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ' എന്നതിന്റെ ചുരുക്കപ്പേരാണ് നാവിക്. കൂടുതൽ കൃത്യതയുള്ള ലൊക്കേഷൻ ട്രാക്കിങ് ഉറപ്പുനൽകുന്ന ഏഴ് ഉപഗ്രഹങ്ങളുടെ ശൃംഖലയുടെ സഹായത്തോടെയാണ് നാവിക് പ്രവർത്തിക്കുന്നത്.

നിലവിൽ ഐഫോണിന്റെ ഏറ്റവും പുതിയ മോഡലുകൾക്ക് പുറമെ ഷവോമിയുടെ എംഐ 11എക്സ്, 11ടി പ്രോ, വൺപ്ലസ് നോർഡ് 2ടി, റിയൽമി 9 പ്രോ എന്നീ മോഡലുകളിലും നാവിക് ലഭ്യമാണ്.

ഇന്ത്യയുടേയും സമീപ മേഖലയുടെയും സ്ഥാനനിർണയം, സമയവിവരം, ഉൾപ്പെടെയുള്ളവ ജിപിഎസ് ഉൾപ്പെടെയുള്ള മറ്റ് നാവിഗേഷൻ സംവിധാനങ്ങളെക്കാൾ കൃത്യമായി നൽകാൻ നാവിക്കിന് കഴിയും. 2018 മുതലാണ് നാവിക് പ്രവർത്തന സജ്ജമായത്. ഇന്ത്യക്ക് പുറമെ ചൈന, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങളും ജിപിഎസിന്റെ കുത്തക അവസാനിപ്പിക്കുന്നത് സ്വന്തമായി നാവിഗേഷൻ സംവിധാനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്.

ഒരുപാട് ഓപ്ഷനുകൾ ലഭ്യമായ സംവിധാനമാണ് നാവിക്. ഗതാഗതം (ഭൂപ്രദേശം, ആകാശം, സമുദ്രം), ലൊക്കേഷൻ അധിഷ്‌ഠിത സേവനങ്ങൾ, വ്യക്തിഗത മൊബിലിറ്റി, റിസോഴ്‌സ് മോണിറ്ററിങ്, സർവേയിങ്, ജിയോഡെസി (ഭൂമിയുടെ വലുപ്പത്തെയും ആകൃതിയെയും കുറിച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ), ശാസ്ത്രീയ ഗവേഷണം, സമയ വ്യാപനവും സമന്വയവും നാവികിൽ ഉൾപ്പെടുന്നു. എന്നാൽ ഐഫോണിൽ ഇതിൽ ഏതൊക്കെ സംവിധാനങ്ങൾ ലഭ്യമാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.

നേരത്തെ ജിപിഎസ്, ഗ്ലോനാസ് (GLONASS), ഗലീലിയോ എന്നീ നാവിഗേഷൻ സംവിധാനങ്ങളെ മാത്രമാണ് ഐഫോൺ ആശ്രയിച്ചിരുന്നത്. നാവിക് കൂടി ഉൾപ്പെടുത്തുന്നതിലൂടെ ഇന്ത്യൻ ഭൂപ്രദേശത്തിനകത്തെ സ്ഥാനനിർണയ കഴിവുകൾ കൂടുതൽ കൃത്യത കൈവരിക്കും. സാംസങ്, ഷവോമി, ആപ്പിൾ തുടങ്ങിയ പ്രമുഖ സ്‌മാർട്ട്‌ഫോൺ നിർമാതാക്കളോട്നാവിക് അവരുടെ മോഡലുകളിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ മുൻപ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഐ എസ് ആർ ഒയും നാവിക് ഉപയോഗം വർധിപ്പിക്കാൻ പ്രേരിപ്പിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ