വസ്ത്രത്തിനനുസരിച്ച് വാച്ചുകള്‍ ധരിക്കാന്‍ ഇഷ്ടമുള്ളവരാണ് ഏറെയും. അങ്ങനെയുള്ളവര്‍ക്കായി ആപ്പിള്‍ അവതരിപ്പിക്കുന്ന പുതിയ പ്രോഡക്ട് ആണ് നിറം മാറുന്ന വാച്ച്. ധരിക്കുന്ന വസ്ത്രത്തിന് അനുസരിച്ച് സ്വയം നിറം മാറുന്ന ബാന്‍ഡ് ആണ് ഈ വാച്ചിന്റെ പ്രത്യേകത. നിറം മാറുന്നതിന്റെ നോട്ടിഫിക്കേഷന്‍ വാച്ച് ഉപയോക്താവിന് നല്‍കുകയും ചെയ്യും. ബാന്‍ഡിന്റെ നിറത്തിലും ഒപ്പാസിറ്റിയിലും വ്യത്യാസം വരുത്താന്‍ ഇലക്ട്രോക്രോമിക് ഫിലമെന്റുകളായിരിക്കും ഉപയോഗിക്കുകയെന്നും കമ്പനി സൂചിപ്പിക്കുന്നു.
ഇലക്ട്രോക്രോമിക് ഫിലമെന്റ് ഉപയോഗിച്ച് ഒരു ചെറിയ വൈദ്യുതപ്രവാഹം കടത്തിവിട്ട് വാച്ചിന്റെ നിറത്തിലും ഒപ്പാസിറ്റിയിലും വ്യത്യാസം വരുത്താന്‍ സാധിക്കുമെന്നാണ് പേറ്റന്റ് രേഖകള്‍ വ്യക്തമാക്കുന്നത്. വൈദ്യുതി പ്രവഹിക്കുമ്പോള്‍ പ്രതികരിക്കുന്ന കണ്ടക്ടറുകളും ഇലക്ട്രോക്രോമിക് ലെയറുകളും ബാന്‍ഡിന്റെ ഫിലമെന്റുകളില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. മൂന്ന് സ്‌ട്രൈപ്പുകളുള്ള ഡിസൈനുകളിലാണ് വാച്ച് അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ സ്‌ട്രൈപ്പിനും നിറം മാറാന്‍ സാധിക്കും. ആപ്പിള്‍ വാച്ചിന്റെ ആപ്പ് ഉപയോഗിച്ച് വാച്ചിന്റെ നിറവും ഒപ്പാസിറ്റിയും മാറ്റാന്‍ ഉപയോക്താവിന് സാധിക്കും.
ഐക്കണുകള്‍, ആകൃതി, എഴുത്ത് എന്നിവ പ്രദര്‍ശിപ്പിക്കാനും ബാന്‍ഡിന് സാധിക്കുമെന്ന് പേറ്റന്റില്‍ സൂചിപ്പിക്കുന്നു.സാധാരണ ആളുകള്‍ വാച്ചിന്റെ ബാന്‍ഡ് അഴിച്ച് മാറ്റി മറ്റൊന്ന് ഘടിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ഇനി ഒറ്റ ബാന്‍ഡ് തന്നെ വ്യത്യസ്ത ഡിസൈനുകളില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇത് ഉപയോക്താവിന് ചെലവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ആപ്പിള്‍ വാച്ച് മോഡലില്‍ ഉള്‍പ്പെടുത്താവുന്ന ബ്ലഡ് ഗ്ലൂക്കോസ് മോണിറ്ററിങ്ങ് സാങ്കേതിക വിദ്യ ആപ്പിള്‍ വികസിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സൂചിയുടെ സഹായമില്ലാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് മനസിലാക്കാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ അവതരിപ്പിക്കുകയാണെങ്കില്‍ അത് ഒരു നാഴികക്കല്ലായി മാറിയേക്കും