എജ്യൂടെക് മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച ബൈജൂസില്‍ സാമ്പത്തിക പ്രതിസന്ധി ശക്തമാകുന്നു. സ്പോണ്‍സര്‍ഷിപ്പുമായി ബന്ധപ്പെട്ട് ബി സി സി ഐ നല്‍കിയ പാപ്പരത്ത പരാതിയില്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ ജീവനക്കാര്‍ക്കു ശമ്പളം മുടങ്ങിയത് കമ്പനിയുടെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശമ്പള പ്രതിസന്ധിയില്‍ ബൈജുസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശം ടെക് മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിതുറന്നു.
കമ്പനി നേരിടുന്ന നിയമപ്രശ്‌നങ്ങളാണ് ഇപ്പോഴത്തെ ശമ്പള പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ബൈജു രവീന്ദ്രന്റെ വിശദീകരണം. സുപ്രീം കോടതിയുടെ സ്‌റ്റേ നിലവിലുള്ളതിനാല്‍ ഫണ്ട് റിലീസ് ചെയ്യാന്‍ സാധിക്കാത്തതാണ് ശമ്പളം വൈകിയതിനു പിന്നിലെന്നാണ് ബൈജു രവീന്ദ്രന്റെ വിശദീകരണം.
വിദേശ വായ്പക്കാരുമായുള്ള നിയമപരമായ തര്‍ക്കം കമ്പനിയുടെ സാമ്പത്തിക രംഗത്തെയും ബാധിച്ചിട്ടുണ്ട്. കോടതി സാമ്പത്തിക ഇടപാടുകള്‍ മരവിപ്പിച്ചതാണ് ഇപ്പോഴത്തെ സാഹചര്യങ്ങളുടെ കാരണം. നിര്‍ണായകമായ ഒരു സാഹചര്യത്തിലൂടെയാണ് കമ്പനി കടന്നുപോകുന്നത്. എന്നാല്‍ എന്റെ വ്യക്തിഗത കടം ഉയര്‍ത്തിയാലും നിങ്ങളുടെ ശമ്പളം ഉടനടി നല്‍കും. ഇത് വെറുമൊരു വാഗ്ദാനമല്ല, പ്രതിബദ്ധതയാണ്. കുറച്ച് ആഴ്ചകളായി വലിയ ആരോപണങ്ങളാണ് തങ്ങള്‍ നേരിടുന്നത്. തങ്ങള്‍ ഒളിച്ചോടി എന്നുള്‍പ്പെടെ ആരോപണങ്ങള്‍ ഉയര്‍ന്നു. ചില വ്യക്തിപരമായ കാരണങ്ങളും ബിസിനസ് സംബന്ധമായ വിഷയങ്ങളുമായി വേണ്ടിവന്ന യാത്രകളാണ് ഇത്തരം ആക്ഷേപങ്ങള്‍ക്കു കാരണം. പിതാവിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് യുഎസില്‍ തങ്ങേണ്ടി വന്നത്. എന്നാല്‍ താന്‍ എവിടെയായിരുന്നുവെന്നതും തന്റെ പ്രവര്‍ത്തനങ്ങളും എപ്പോഴും സുതാര്യമാണെന്നും ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ പറയുന്നു.
ബൈജുസിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിനായി സ്ഥാപകര്‍ ഇതുവരെ 7,500 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും രണ്ടു വര്‍ഷമായി ശമ്പളത്തിനായി 1,600 കോടി രൂപ തന്റെ സഹോദരന്‍ റിജു രവീന്ദ്രന്‍ നല്‍യിട്ടുണ്ടെന്നും ബൈജു രവീന്ദ്രന്‍ ജീവനക്കാര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ അവകാശപ്പെടുന്നു.