TECHNOLOGY

ലാപ്ടോപ്പ്, കംപ്യൂട്ടർ ഇറക്കുമതി നിരോധനം വൈകും; ലൈസൻസ് സ്വന്തമാക്കാൻ കമ്പനികൾക്ക് മൂന്ന് മാസം കൂടി സമയം

വെബ് ഡെസ്ക്

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതിക്ക് നിരോധനമേർപ്പെടുത്താനുള്ള തീരുമാനം മൂന്ന് മാസത്തേക്ക് നീട്ടി കേന്ദ്രം. ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള ലൈസൻസ് സ്വന്തമാക്കാൻ കമ്പനികൾക്ക് ഒക്ടോബർ 31 വരെ സമയമുണ്ടെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചു. കഴിഞ്ഞ ദിവസം ഇവയുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതായി കാണിച്ച് കേന്ദ്രം അടിയന്തര പ്രാബല്യത്തോടെ ഉത്തരവിറക്കിയിരുന്നു.

തീരുമാനം പുനഃപരിശോധിച്ച് പുതിയ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടാൻ കൂടുതൽ സമയം അനുവദിക്കാനായാണ് സമയം നീട്ടിയത്. വാണിജ്യ-വ്യവസായ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം 2023 ഒക്ടോബർ 31 വരെ ലൈസൻസില്ലാതെ ചരക്കുകൾ ഇറക്കുമതി ചെയ്യാം. എന്നാൽ നവംബർ ഒന്നിന് ശേഷം ഇറക്കുമതി വിലക്കിയ സാധനങ്ങൾ കൊണ്ടുവരാനുള്ള പ്രത്യേക ലൈസൻസ് ഉള്ളവർക്ക് മാത്രമേ ഇനി എച്ച്എസ്എൻ 8741ന്റെ കീഴിൽ വരുന്ന ലാപ്‌ടോപ്പുകൾ പോലെയുള്ള ഓട്ടോമാറ്റിക് ഡാറ്റ പ്രോസസ്സിങ് മെഷീനുകൾ പുറംരാജ്യങ്ങളിൽനിന്ന് ഇന്ത്യയിലെത്തിക്കാൻ സാധിക്കൂ.

സുരക്ഷാ കാരണങ്ങളും ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ നീക്കം ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഈ വസ്തുക്കളുടെ ഇൻബൗണ്ട് കയറ്റുമതി കുറയ്ക്കുമെന്നും, ഉത്പന്നങ്ങൾ വരുന്ന സ്ഥലങ്ങൾ സർക്കാർ നിരീക്ഷണത്തിനുള്ളിലാക്കാമെന്നും അധികൃതർ വിശദീകരിക്കുന്നു. വിശ്വസനീയമായ ഹാർഡ്‌വെയറും സിസ്റ്റങ്ങളും ഉറപ്പാക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് നടപടി ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടിയിരുന്നു.

ഏപ്രിൽ- ജൂൺ മാസങ്ങളിൽ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവ ഉൾപ്പെടുന്ന ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ ഇറക്കുമതി മൂല്യം 1900 കോടി ഡോളറായിരുന്നു. രാജ്യത്തെ മൊത്തം ചരക്ക് ഇറക്കുമതിയുടെ ഏഴ് മുതൽ 10 ശതമാനമാണിത്. ഇന്ത്യൻ ഇലക്ട്രോണിക്സ് വിപണിയിലെ പ്രമുഖ സ്ഥാപനങ്ങളായ ഡെൽ, ഏസർ, സാംസങ്, എൽ ജി, ആപ്പിൾ, ലെനോവോ, എച്ച്പി എന്നിവരിൽ ഗണ്യമായ ഒരു വിഭാഗം ഇപ്പോഴും ചൈന പോലുള്ള രാജ്യങ്ങളിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ദീപാവലി സീസൺ വരാനിരിക്കെ പുതിയ ഉത്തരവ് കമ്പനികൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും