സ്ഥിരം ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവ് നേരിട്ടതായി എക്സിന്റെ പുതിയ സിഇഒ ലിൻഡ യാക്കാരിനോ. ഇലോൺ മസ്‌ക് ചുമതലയേറ്റതിന് ശേഷമാണ് ഇത് സംഭവിച്ചതെന്നാണ് ലിൻഡയുടെ വെളിപ്പെടുത്തൽ. അടുത്തിടെ നടന്ന വോക്‌സ് മീഡിയയുടെ കോഡ് 2023 പരിപാടിയിൽ സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ലിൻഡയുടെ പ്രതികരണം.
ഈ വർഷം ജൂണിലാണ് എക്സിന്റെ പുതിയ സിഇഒയായി ലിൻഡ ചുമതലയേൽക്കുന്നത്. ഇലോണ്‍ മസ്‌ക് തന്നെയാണ് ലിന്‍ഡയെ നിയമിച്ച വിവരം ആദ്യം പുറത്തുവിട്ടത്. എക്സിന്റെ ഭാഗമാകുന്നതിനു മുൻപ് അമേരിക്കന്‍ മാധ്യമസ്ഥാപനമായ എന്‍ബിസി യൂണിവേഴ്‌സലിന്റെ ഗ്ലോബല്‍ അഡൈ്വര്‍ട്ടൈസിങ് ആന്റ് പാര്‍ടനര്‍ഷിപ്പ് ചെയര്‍മാനായിരുന്നു ഇവർ.
എക്‌സിന് നിലവിൽ പ്രതിദിനം 225 ദശലക്ഷം സജീവ ഉപയോക്താക്കളാണുള്ളതെന്ന് അഭിമുഖത്തിൽ ലിൻഡ യാക്കാരിനോ പറഞ്ഞു. മസ്‌ക് കമ്പനി ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് 11.6 ശതമാനം ഇടിവാണ് ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായതെന്നും അവർ അവകാശപ്പെട്ടു.
പുതിയ സിഇഒ നിയമന പ്രഖ്യാപനത്തിന് ശേഷം ജൂലൈയിലാണ് എലോൺ മസ്ക് മുൻപ് 'ട്വിറ്റർ' എന്നറിയപ്പെട്ടിരുന്ന സമൂഹ മാധ്യമത്തിന്റെ പേര് 'എക്സ്' എന്നാക്കി മാറ്റിയത്. ഇതൊനടനുബന്ധിച്ച് ട്വിറ്ററിന്റെ ഔദ്യോഗിക ലോഗോയായിരുന്ന നീലക്കിളിയെയും ഒഴിവാക്കി പുതിയ ലോഗോ മസ്‌ക് പുറത്തിറക്കിയിരുന്നു.
ജൂലൈ അഞ്ചിന് ട്വിറ്ററിന് ഭീഷണിയായി മെറ്റ 'ത്രെഡ്‌സ്' ആരംഭിച്ചത്തിന് ശേഷമായിരുന്നു മസ്‌ക് ട്വിറ്ററിനെ റീബ്രാൻഡ് ചെയ്ത് 'എക്‌സ്' ആക്കിയത്. ഇതിനു പുറകെ, എക്സിന്റെ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായതെന്ന് വ്യക്തമാക്കി ഗ്രാഫുൾപ്പടെ ഇലോണ്‍ മസ്‌ക് എസ്‌സിലൂടെ അറിയിച്ചിരുന്നു.
ഇതിൽ നിന്നും വലിയ കുതിച്ചു ചാട്ടമാണ് ഇപ്പോഴത്തേത് എന്നവകാശപ്പെട്ടു ഈ വർഷം ജൂലൈയിലും മസ്‌ക് രംഗത്തെത്തിയിരുന്നു, 54.1 കോടി പ്രതിമാസ ഉപയോക്താക്കള്‍ ഉണ്ടെന്ന ഗ്രാഫും മസ്‌ക് എക്‌സിലൂടെ പങ്കുവച്ചു.
ഇതിനു വിപരീതമായാണ് ഇപ്പോഴത്തെ കണക്കുകളെന്ന് ലിന്ഡയുടെ പ്രസ്താവനയിൽ നിന്നും പ്രകടമാണ്.
മാഷബിൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, മസ്‌ക് ഏറ്റെടുക്കുന്നതിന് മുൻപുണ്ടായിരുന്ന ഉപയോക്താക്കളിൽ നിന്നും 3.7 ശതമാനം കുറഞ്ഞിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം മസ്‌ക് ചുമതലയേറ്റപ്പോൾ പങ്കുവെച്ച കണക്കുകളേക്കാൾ കുറവാണ് നിലവിലെ എക്സിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണം. 2022ൽ 259.4 ദശലക്ഷം പ്രതിദിന സജീവ ഉപയോക്താക്കളുണ്ടായിരുന്ന ട്വിറ്ററിന് പിന്നീട് 15 ദശലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ടതായാണ് കണക്ക്, ഏകദേശം 5.6 ശതമാനം ഇടിവാണ് എണ്ണത്തിൽ സംഭവിച്ചത്.
അഭിമുഖത്തിലുടനീളം, താൻ എക്‌സിൽ ചുമതലയേറ്റിട്ട് വെറും 12 ആഴ്‌ച മാത്രമെ ആയിട്ടുള്ളുവെന്ന് ലിൻഡ ആവർത്തിച്ച് പറയുന്നുണ്ട്. എക്‌സിൽ അമ്പതിനായിരത്തിലധികം കമ്മ്യൂണിറ്റികളുണ്ടെന്നും പ്രതിദിന ഉപയോക്താക്കളുടെ എണ്ണം 200, 250 എന്നിങ്ങനെയാണെന്നും അവർ കൂട്ടിച്ചേർത്തു.
"എക്‌സിന് പ്രതിമാസം 550 ദശലക്ഷം സജീവ ഉപയോക്താക്കളാണുള്ളത്. മിസ്റ്റർ മസ്‌കിന്റെ നേതൃത്വത്തിൽ പ്രതിമാസം സജീവമായ ഉപയോക്തളുടെ വളർച്ച എത്രമാത്രം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമല്ല. ഇപ്പോൾ ഞാൻ ഈ ബിസിനസിൽ മുഴുകിക്കഴിഞ്ഞു, വരാനിരിക്കുന്ന കാര്യങ്ങളിൽ ഞങ്ങൾക്ക് നല്ല ധാരണയുണ്ട്. 2024ന്റെ തുടക്കത്തിൽ തന്നെ ലാഭത്തിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ", ലിൻഡ പറഞ്ഞു.