ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റുന്ന ചാറ്റ് ജിപിടി നിരോധിച്ച് ഇറ്റലി. ഉപയോഗം സുരക്ഷിതമല്ല എന്ന് ചൂണ്ടിക്കാട്ടി ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റിയുടേതാണ് തീരുമാനം. ചാറ്റ് ജിപിടിക്കും അമേരിക്കൻ കമ്പനിയായ എഐക്കുമെതിരെ അന്വേഷണം ആരംഭിച്ചതായും ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി അറിയിച്ചു. മാർച്ച് 20ന് റിപ്പോർട്ട് ചെയ്ത ഒരു ഡാറ്റാ ലംഘനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ചാറ്റ് ജിപിടിയുടെ ഉപയോഗം സുരക്ഷിതമല്ല എന്ന നിഗമനത്തിലെത്തുന്നതെന്നാണ് വിശദീകരണം. ചാറ്റ് ജിപിടി നിരോധിക്കുന്ന ആദ്യ പാശ്ചാത്യ രാജ്യമാണ് ഇറ്റലി.
ഡാറ്റ പ്രോസസ്സിങ്ങിൽ ചാറ്റ് ജിപിടി സ്വകാര്യത നിയമങ്ങൾ ലംഘിക്കുന്നത് അനുവദിക്കാൻ സാധിക്കില്ല. ജാഗ്രതയെന്നവണ്ണം ചാറ്റ് ജിപിടിയുടെ മാതൃ കമ്പനിയായ എഐയെ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിൽ നിന്ന് താൽക്കാലികമായി നിരോധിച്ചതായും അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഓപ്പൺ എ ഐ ഉപയോക്താക്കളുടെ വിവരങ്ങൾ നിയമപരമായല്ല ശേഖരിച്ചിരിക്കുന്നതെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. ഓപ്പൺ എ ഐയുടെ നിബന്ധനകൾ അനുസരിച്ച് 13 വയസ്സിന് മുകളിലുള്ള ഉപയോക്താക്കൾക്ക് മാത്രമേ സേവനം ലഭിക്കൂ. എന്നാൽ ഇത് ലംഘിക്കപ്പെടുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കുന്നു.
സ്വകാര്യത സംബന്ധിച്ച ചോദ്യങ്ങൾക്ക് 20 ദിവസത്തിനകം ഉത്തരം നൽകണമെന്നാണ് ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി ഓപ്പൺ എ ഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം, വാർഷിക വിറ്റുവരവിന്റെ നാല് ശതമാനമോ അല്ലെങ്കിൽ 187 കോടി രൂപയോ പിഴ ചുമത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.