സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിന് നിയന്ത്രിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ തയ്യാറാക്കി കേന്ദ്ര സർക്കാർ. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സർമാർ അവർ പ്രൊമോട്ട് ചെയ്യുന്ന ഉത്പന്നങ്ങൾ, പ്രൊമോഷന് ലഭിക്കുന്ന പണം എന്നിവ സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തണമെന്നാണ് പുതിയ നിർദേശം. ഇതുസംബന്ധിച്ച് ഉപഭോക്തൃകാര്യ വകുപ്പ് തയ്യാറാക്കിയ മാർഗനിർദേശങ്ങളുടെ കരട് ഉടൻ പുറത്തിറങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വീഴ്ചവരുത്തിയാൽ 50 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി ചീഫ് കമ്മീഷണർ നിധി ഖാരെ പറഞ്ഞു.
പണം സ്വീകരിച്ച് ഒരു ബ്രാൻഡിനെ പ്രൊമോട്ട് ചെയ്യുമ്പോൾ അവർക്ക് ആ ബ്രാൻഡുമായുള്ള ബന്ധം വെളിപ്പെടുത്തണം
പുതിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം, പണം വാങ്ങിയിട്ടാണോ സോഷ്യൽ മീഡിയയിൽ ഒരു കമ്പനിയുടെ ഉത്പ്പന്നത്തെ പ്രൊമോട്ട് ചെയ്യുന്നത് എന്ന് വ്യക്തമാക്കണം. പണം സ്വീകരിച്ച് ഒരു ബ്രാൻഡിനെ പ്രൊമോട്ട് ചെയ്യുമ്പോൾ അവർക്ക് ആ ബ്രാൻഡുമായുള്ള ബന്ധം വെളിപ്പെടുത്തണം. കൂടാതെ പണം വാങ്ങിയാണ് പ്രൊമോഷൻ ചെയ്യുന്നതെന്ന് അത് സംബന്ധിച്ച പോസ്റ്റുകളിൽ അറിയിപ്പായും നൽകണം.
ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വലിയ ഫോളോവേഴ്‌സ് ഉള്ള നിരവധി ഇൻഫ്ലുവൻസേഴ്സ്, കമ്പനികളിൽ നിന്ന് പണം വാങ്ങി പ്രൊമോഷൻ ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇത്തരം പ്രവണതകൾ തടയുകയും ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുകയും ചെയ്യേണ്ടത് ഉപഭോക്തൃകാര്യ വകുപ്പിന്റെ ഉത്തരവാദിത്തമാണ്. ഇ-കൊമേഴ്‌സ് സൈറ്റുകളിലെ വ്യാജ റിവ്യൂകൾ തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഉപഭോക്തൃകാര്യ വകുപ്പെന്നും അധികൃതർ വ്യക്തമാക്കി.
ക്രിപ്‌റ്റോ ടോക്കണുകൾ പണം വാങ്ങി പ്രൊമോട്ട് ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ നിയന്ത്രിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇന്ത്യൻ ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് വ്യവസായത്തിന്റെ മൂല്യം ഏകദേശം 900 കോടിയാണെന്നാണ് കണക്കുകൾ. 2025ഓടെ ഇത് 2,000 കോടി കവിഞ്ഞേക്കാം. വ്യക്തിഗത പരിചരണം, ഫാഷന്‍, ജ്വല്ലറി, മൊബൈല്‍, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലയിലെ കമ്പനികളാണ് ഇൻഫ്ലുവൻസർ മാർക്കറ്റിംഗിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത്.