TECHNOLOGY

ട്വിറ്റര്‍ സര്‍വേകളിലും 'ഫോര്‍ യു' ശുപാർശകളിലും ഇനി മുതല്‍ വെരിഫൈഡ് അക്കൗണ്ടുകൾ മാത്രം; പരിഷ്കാരങ്ങളുമായി മസ്ക്

ഏപ്രിൽ 15ന് പുതിയ മാറ്റങ്ങള്‍ നിലവില്‍ വരും

വെബ് ഡെസ്ക്

ട്വിറ്റര്‍ സാങ്കേതികതയിൽ വീണ്ടും മാറ്റം. വെരിഫൈഡ് അക്കൗണ്ടുകൾ മാത്രമേ ഇനി മുതല്‍ 'ഫോർ യു' ശുപാർശകളിൽ ഉൾപ്പെടാൻ അർഹതയുള്ളൂവെന്ന് മസ്ക് പ്രഖ്യാപിച്ചു. പോള്‍ സര്‍വേകളില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് വെരിഫൈഡ് ഉപയോക്താക്കൾക്ക് മാത്രമാകും സാധിക്കുക. ഏപ്രിൽ 15ന് പുതിയ മാറ്റങ്ങള്‍ നിലവിൽ വരും. നിർമിത ബുദ്ധിയുടെ സഹായത്തോടെയുള്ള ചാറ്റ് ജിപിടിയടക്കമുള്ള നൂതന സാങ്കേതിക വിദ്യയെ മറികടക്കാൻ ഇത് മാത്രമാണ് മാർഗമെന്ന് മസ്ക് ട്വീറ്റ് ചെയ്തു.

ഏപ്രിൽ ഒന്നുമുതൽ ലെഗസി വെരിഫൈഡ് അക്കൗണ്ടുകൾക്കുള്ള ബ്ലൂ ടിക്ക് ഒഴിവാക്കുമെന്ന് മസ്ക് നേരത്തെ അറിയിച്ചിരുന്നു. ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ ഇല്ലാത്ത വെരിഫൈഡ് അക്കൗണ്ടുകൾക്കും ബ്ലൂ ടിക്ക് നഷ്ടമാകുമെന്ന് മസ്‌ക് പറഞ്ഞു. മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നതിന് മുൻപ് ബ്ലൂ ടിക്ക് ലഭിച്ചവർക്കാണ് ഇത് ബാധകമാകുക. മാത്രമല്ല, വെരിഫൈഡ് ബ്ലൂ ചെക്ക് മാർക്കുള്ള വ്യക്തിഗത ഉപയോക്താക്കൾ പ്രതിമാസം വെബ് വഴി എട്ട് യുഎസ് ഡോളറോ ആൻഡ്രോയിഡിൽ ആപ്പ് വഴിയാണെങ്കിൽ 11 ഡോളറോ അടയ്‌ക്കേണ്ടതായുണ്ട്. എന്നാൽ, പ്രമുഖരായ ആളുകളുടെ അക്കൗണ്ടുകൾ എങ്ങനെ കൈകാര്യം ചെയുമെന്നതിൽ ട്വിറ്റർ വ്യക്തത വരുത്തിയിട്ടില്ല.

കമ്പനികൾക്കും ബ്രാൻഡുകൾക്കും ട്വിറ്റർ അടുത്തിടെ സ്വർണ നിറത്തിലെ ചെക്ക് മാർക്ക് അവതരിപ്പിക്കുകയും സർക്കാർ അക്കൗണ്ടുകൾ ഗ്രേ ചെക്ക് മാർക്കിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിന് പ്രതിമാസം 1000 യുഎസ് ഡോളറും ഓരോ അധിക അക്കൗണ്ടുകൾക്ക് 50 ഡോളർ വീതവും ഈടാക്കാനാണ് കമ്പനിയുടെ തീരുമാനം. 2009ലാണ് ആദ്യമായി ട്വിറ്റർ വെരിഫൈഡ് അക്കൗണ്ടുകൾക്ക് തുടക്കമിടുന്നത്. ചലച്ചിത്ര താരങ്ങൾ, രാഷ്ട്രീയക്കാർ, കമ്പനികൾ, ബ്രാൻഡുകൾ, മാധ്യമങ്ങൾ തുടങ്ങിയ അക്കൗണ്ടുകൾക്കാണ് ബ്ലൂ ടിക്ക് നൽകിയിരുന്നത്. മുൻപ് ഇതിന് സബ്സ്ക്രിപ്ഷൻ ആവശ്യമായിരുന്നില്ല. മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം ബ്ലൂ ടിക്കിലും മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ