ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം വിവാദങ്ങള്‍ ഒഴിഞ്ഞ നേരമില്ല. ട്വിറ്റര്‍ ഏറ്റെടുത്ത ശേഷമുണ്ടായത് അത്ര നല്ല അനുഭവങ്ങളല്ലെന്നും മുന്നോട്ടുകൊണ്ടുപോകുന്നത് ദുഷ്‌കരമാണെന്നും മസ്‌ക് തുറന്നുപറഞ്ഞിരിക്കുകയാണ്. യോഗ്യനായ ഒരാള്‍ വന്നാല്‍ ട്വിറ്റര്‍ വില്‍ക്കാന്‍ തയ്യാറാണെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ജനപ്രിയ മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ ട്വിറ്ററിനെ 4400 കോടി ഡോളറിനായിരുന്നു കഴിഞ്ഞ വര്‍ഷം ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തത്. ട്വിറ്റര്‍ ആസ്ഥാനത്ത് ബാത്ത്‌റൂം സിങ്കുമായി മസ്‌ക് പ്രവേശിച്ചതു തന്നെ വലിയ ചര്‍ച്ചയായിരുന്നു. ഉള്ളടക്ക നിയന്ത്രണങ്ങളും കൂട്ടപ്പിരിച്ചുവിടലും ബ്ലൂ, ഗോള്‍ഡന്‍ ബാഡ്ജുകള്‍ക്ക് പണം ഈടാക്കലുമൊക്കെയായി മസ്‌കിന്റെ പരിഷ്‌കാരങ്ങള്‍ നിരവധിയായിരുന്നു. ഏറ്റവും ഒടുവില്‍ ട്വിറ്റര്‍ ലോഗോ തന്നെ മസ്‌ക് മാറ്റി. എന്നാല്‍ മസ്‌കിന്റെ പരിഷ്‌കാരങ്ങളൊക്കെ വിപരീത ഫലമുണ്ടാക്കി.
പരസ്യദാതാക്കള്‍ക്ക് മസ്‌കിലുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ നിരവധി പ്രമുഖ സഥാപനങ്ങള്‍ പരസ്യം നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവച്ചു. ഉപയോക്താക്കള്‍ പ്ലാറ്റ്‌ഫോമില്‍ ചെലവഴിക്കുന്ന സമയവും കുറഞ്ഞു. ട്വിറ്ററിന്റെ പരസ്യവരുമാനത്തില്‍ ഈ വര്‍ഷം വലിയ ഇടിവുണ്ടാകുമെന്നാണ് ഇന്‍സൈഡര്‍ ഇന്റലിജന്‍സ് എന്ന ഗവേഷണ സ്ഥാപനത്തിന്റെ നിഗമനം. മസ്‌കിന്റെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ ശ്രമം മുതല്‍ ഇതുവരെ നേരിട്ടതൊക്കെയും തിരിച്ചടികളാണ്.
സ്‌പെയ്‌സ് എക്‌സിന്റെയും ടെസ്ലയുടെയും ന്യൂറാലിങ്കെന്റെയുമൊക്കെ ഉടമസ്ഥനായ താൻ ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം ജോലി ഭാരം വളരെകൂടുതലാണെന്നും പലപ്പോഴും ഓഫീസ് ലൈബ്രറിയിലെ സോഫയിലാണ് ഉറങ്ങാറെന്നും മസ്ക് വെളിപ്പെടുത്തി.
ജോലിഭാരം കൂടുതലാണെങ്കിലും ട്വിറ്റര്‍ ഏറ്റെടുത്തത് ശരിയായ തീരുമാനമായിരുന്നുവെന്നും പ്ലാറ്റ്‌ഫോം ഇപ്പോള്‍ മുന്‍പത്തെക്കാള്‍ നന്നായി ആളുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്റര്‍ ഏറ്റെടുത്തത് ഒട്ടും വിരസമല്ലായിരുന്നുവെന്നും ആ അനുഭവം റോളര്‍ സ്‌കേറ്റിങ്ങ് ചെയ്യുന്നത് പോലെയായിരുന്നുവെന്നുമാണ് മസ്‌ക് പറഞ്ഞിരിക്കുന്നത്.
ജീവനക്കാരെ പിരിച്ചുവിട്ട നടപടി പ്രായാസകരമായിരുന്നുവെന്നും സ്ഥാപനത്തിലെ 80 ശതമാനം ജീവനക്കാരെ പുറത്താക്കുകയെന്നത് അത്ര എളുപ്പമല്ലെന്നും മസ്‌ക് വ്യക്തമാക്കി. 8000 ജീവനക്കാരുണ്ടായിരുന്ന സ്ഥാപനത്തില്‍ ഇപ്പോള്‍ 1500 പേര്‍ മാത്രമാണുള്ളത്. പിരിച്ചുവിടല്‍ നടപടി നേരിട്ട എല്ലാ ജീവനക്കാരെയും നേരിട്ടുകാണാന്‍ സാധിച്ചില്ലെന്നും ഇമെയിലിലൂടെ അറിയിക്കുകയാണ് ചെയതതെന്നും മസ്‌ക് കൂട്ടിച്ചേേര്‍ത്തു. ഇത്രയും ജീവനക്കാരോട് നേരിട്ടു സംസാരിക്കുന്നത് പ്രായോഗികമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിക്കുകയും കമ്പനി കൈകാര്യം ചെയ്യുമ്പോവുള്ള ബുദ്ധിമുട്ടുകള്‍ സമ്മതിക്കുകയും ചെയ്യുമ്പോഴും യോഗ്യനായ ഒരാള്‍ വന്നാല്‍ ട്വിറ്റര്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് മസ്‌ക് ഉറപ്പിച്ച് പറയുന്നു.