ട്വിറ്റര്‍ സ്വന്തമാക്കുന്നതിന് മുൻപായി താൻകൂടി സ്ഥാപകനായ റോക്കറ്റ് നിർമാണ കമ്പനി സ്‌പേസ് എക്‌സില്‍ നിന്ന് ഇലോണ്‍ മസ്‌ക് 100 കോടി ഡോളര്‍ വായ്പ പിന്‍വലിച്ചു. അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ഒക്ടോബറിൽ ട്വിറ്റർ ഏറ്റെടുക്കുന്നതിന് മുന്നോടിയായി, മസ്‌കിന്റെ ഓഹരികളുടെ അടിസ്ഥാനത്തിലാണ് 100 കോടി ഡോളര്‍ വായ്പ നല്‍കുന്നതിന് സ്‌പേസ് എക്‌സ് അംഗീകാരം നല്‍കിയത്. അതേമാസം തന്നെ മസ്‌ക് വായ്പാ തുക പിന്‍വലിച്ചതായും രേഖകള്‍ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
മസ്കിന്റെ ഇലക്ട്രിക് കാര്‍ നിർമാണ കമ്പനി ടെസ്‌ലയിൽനിന്നുൾപ്പെടെ വായ്പാക്രമീകരണങ്ങൾക്കായി മസ്ക് ബാങ്കുകളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സ്വകാര്യതലത്തിലാണ് സ്പേസ് എക്സ് വഴിയുള്ള വായ്പാ ഇടപാട് ക്രമീകരിച്ചത്.
ഒക്ടോബറിലാണ് മസ്‌ക് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. 100 കോടി വായ്പ എടുത്ത അതേസമയം തന്നെയാണ് 4400 കോടി രൂപയ്ക്ക് മസ്ക് ട്വിറ്റർ വാങ്ങുന്നതും. ഇത് മസ്‌കിന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് സ്‌പേസ്എക്‌സും മസ്കും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അമേരിക്കൻ ബഹിരാകാശ വാഹന നിർമ്മാതാവായ സ്പേക്സ് എക്സിൽ കൂടുതൽ ഓഹരിയുള്ള വ്യക്തി കമ്പനിയുടെ സ്ഥാപകൻ കൂടിയായ ഇലോൺ മസ്ക് തന്നെയാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സ്‌പേസ് എക്‌സിന് 470 കോടി ഡോളര്‍ പണവും സെക്യൂരിറ്റികളും ഉണ്ടായിരുന്നുവെന്നും വിവിധ രേഖകകളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 2022ല്‍ ട്വിറ്റര്‍ കരാറിന് മുൻപും ശേഷവുമായി ഇലോണ്‍ മസ്‌ക് തന്റെ ടെസ്‌ല ഓഹരികളുടെ വലിയൊരു ഭാഗം വിറ്റിരുന്നു. ഓഹരികള്‍ ഉപയോഗിച്ച് മസ്‌ക് കടം വാങ്ങാന്‍ ആരംഭിച്ചതിനെ തുടര്‍ന്ന് കമ്പനി നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. ടെസ്‌ലയ്ക്കും എക്‌സിനും പുറമേ ബ്രെയിന്‍ ചിപ്പ് സ്റ്റാര്‍ട്ടപ്പായ ന്യൂറലിങ്കിന്റെ സഹസ്ഥാപകനും കൂടിയാണ് മസ്ക്.