TECHNOLOGY

'അമേരിക്കക്കാരെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു'; 4800 വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ടുകൾ പൂട്ടി മെറ്റ

വ്യാജ അക്കൗണ്ടുകൾ പ്രവർത്തിക്കുന്നത് ചൈന കേന്ദ്രീകരിച്ച്

വെബ് ഡെസ്ക്

അമേരിക്കയിൽ ആയിരക്കണക്കിന് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ അടച്ചുപൂട്ടി മെറ്റ. ചൈനയിൽനിന്ന് നിർമിക്കപ്പെട്ട വ്യാജ അക്കൗണ്ടുകളാണെന്ന് കണ്ടെത്തിയാണ് മെറ്റയുടെ നടപടി. അടുത്ത വർഷം വരാനിരിക്കുന്ന പ്രസിഡന്റ് തിരെഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് പ്രവർത്തിച്ചിരുന്ന അക്കൗണ്ടുകൾ ധ്രുവീകരണ രാഷ്ട്രീയ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചുവെന്നും മെറ്റ കണ്ടെത്തിയിട്ടുണ്ട്.

ഏകദേശം 4800 വ്യാജ അക്കൗണ്ടുകൾ ഇത്തരത്തിൽ മെറ്റ നീക്കം ചെയ്തതായി എ പി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു പ്രത്യേക വിഭാഗം പ്രേക്ഷകരെ സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു ഈ വ്യാജ അക്കൗണ്ടുകളുടെ ശൃംഖല.

മെറ്റാ പ്ലാറ്റ്‌ഫോമുകൾ നെറ്റ്‌വർക്കിനെ ചൈനീസ് സർക്കാരുമായി പരസ്യമായി ബന്ധപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ നെറ്റ്‌വർക്ക് പ്രവർത്തിച്ചിരുന്നത് ചൈനയിൽനിന്നാണെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തിരഞ്ഞടുപ്പിന് മുൻപായി അമേരിക്കയെ ഭിന്നിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കക്കാരുടേതെന്ന് തോന്നിക്കുന്ന ഫോട്ടോകളും പേരുകളും സ്ഥലങ്ങളും ഈ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നു.

രാഷ്ട്രീയ വിഷയങ്ങളിൽ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്ന ദൈനംദിന അമേരിക്കൻ ഫേസ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകളായി ദൃശ്യമാകുകയെന്ന ലക്ഷ്യത്തോടെയാണ് അക്കൗണ്ടുകൾ വ്യാജ ഫോട്ടോകളും പേരുകളും ലൊക്കേഷനുകളും ഉപയോഗിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റിപ്പോർട്ടനുസരിച്ച്, ഈ അക്കൗണ്ടുകൾ എക്‌സിൽ നേരത്തെ രാഷ്ട്രീയക്കാരും മറ്റ് മാധ്യമ കമ്പനികളും പങ്കുവെച്ചിട്ടുള്ള ഉള്ളടക്കങ്ങൾ റീ ഷെയർ ചെയ്തിരുന്നു. പരസ്പരബന്ധിതമായ ഈ അക്കൗണ്ടുകൾ ലിബറൽ, കൺസെർവേറ്റിവ് വിഭാഗങ്ങളിൽ നിന്നുള്ള ഉള്ളടക്കം ഇത്തരത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു പക്ഷങ്ങളെ പിന്തുണയ്ക്കുക എന്നതല്ല, മറിച്ച് അടിസ്ഥാനപരമായി പക്ഷപാതപരമായ ഭിന്നതകളെ പെരുപ്പിച്ചു കാണിക്കുക എന്നതാണ് ഈ അക്കൗണ്ടുകളുടെ ലക്ഷ്യം എന്ന് സൂചിപ്പിക്കുന്നതാണിത്.

ഈ അക്കൗണ്ടുകളുടെ പ്രവർത്തനരീതി യുഎസിന് മാത്രമല്ല, ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾക്കും അപകടകരമായതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അടുത്ത വർഷം ദേശീയ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജ്യങ്ങളിൽ സാമൂഹ്യ മാധ്യമങ്ങൾ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഗുരുതരമായ ഭീഷണിയാണ് ഇപ്പോൾ തിരിച്ചറിഞ്ഞ ഈ ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴി പുറത്തുവരുന്നത്. ഇതിൽ യുഎസും ഇന്ത്യയും മറ്റ് രാജ്യങ്ങളും ഉൾപ്പെടുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ