ടെലികോം നെറ്റ് വർക്ക് താത്കാലികമായെങ്കിലും സർക്കാരുകൾക്ക് പിടിച്ചെടുക്കാനാകുന്ന തരത്തില്‍ 2023ലെ ടെലി കമ്മ്യൂണിക്കേഷൻസ് കരട് ബില്ലിന് ലോക് സഭയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞു. അച്ചടക്ക നടപടിയുടെ പേരില്‍ പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കി തീര്‍ത്തും ഏകപക്ഷീയ എന്ന നിലയിലായിരുന്നു ബില്ല് ലോക്സഭയുടെ അംഗീകാരം നേടിയത്. സ്വകാര്യതയുടെ നഗ്നമായ ലംഘനം അടക്കം വിമര്‍ശനങ്ങള്‍ നേരിടുന്നതാണ് ഈ നിയമം എന്നതും ശ്രദ്ധേയമാണ്.
1950 ലെ ടെലിഗ്രാഫ് വയേഴ്‌സ് (നിയമവിരുദ്ധമായ കൈവശം വെക്കൽ) നിയമം,19933 ലെ ഇന്ത്യൻ വയർലെസ് ടെലിഗ്രഫി ആക്ട്, 1885 ലെ ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് തുടങ്ങിയവയ്ക്ക് പകരമായാണ് 2023ലെ ടെലി കമ്മ്യൂണിക്കേഷൻസ് ബിൽ അവതരിപ്പിക്കപ്പെട്ടത്. ടെലികോം ബില്ലിന്റെ പ്രധാനപ്പെട്ട സവിശേഷതകളെന്തൊക്കെയെന്ന് പരിശോധിക്കാം.
ഒടിടി ആപ്പുകള്‍ നിയന്ത്രണവിധേയമല്ല
വാട്‌സ്ആപ്പ്, സിഗ്നല്‍, ടെലഗ്രാം പോലുള്ള ആപ്പുകള്‍ ബില്ലിന് പുറത്താണ്. ഈ ആപ്പുകളെ ടെലി കമ്മ്യൂണിക്കേഷന്‍ ബില്ലുകള്‍ നിയന്ത്രിക്കുന്നില്ല.
മുന്‍കൂര്‍ സമ്മതം ആവശ്യമുള്ള സന്ദേശങ്ങള്‍
ചില സന്ദേശങ്ങള്‍ക്ക് ഉപയോക്താക്കളുടെ മുന്‍കൂര്‍ സമ്മതം ആവശ്യമായി വരുന്നു. ചട്ടം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും ശിക്ഷ ലഭിക്കുന്നതായിരിക്കും
പുതിയ തര്‍ക്ക പരിഹാര സംവിധാനം
ബില്ലില്‍ സൂചിപ്പിക്കുന്നത് പ്രകാരം ഒന്നോ അതിലധികമോ തര്‍ക്ക പരിഹാര സംവിധാനങ്ങള്‍ സജ്ജീകരിക്കും
അനുമതിയില്ലാതെ ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിച്ചാല്‍ പിഴ
അനുമതിയില്ലാതെ ടെലികോം ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുക, നിയമവിരുദ്ധമായി ടെലികോം നെറ്റ്‌വര്‍ക്കുകളിലേക്കുള്ള അനധികൃത പ്രവേശനങ്ങളില്‍ തടസം സൃഷ്ടിക്കുക തുടങ്ങിയ ഏത് പ്രവൃത്തി നടത്തിയാലും പിഴയും ശിക്ഷയും ലഭിക്കുന്നതായിരിക്കും.
ഇന്റര്‍നെറ്റ് നിര്‍ത്തലാക്കാനുള്ള അധികാരം
ബില്ല് പ്രകാരം ഇന്റര്‍നെറ്റ് റദ്ദാക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. കേന്ദ്രത്തിന് മാത്രമേ ഇന്റര്‍നെറ്റ് നിര്‍ത്തലാക്കാന്‍ അനുമതി നല്‍കാന്‍ സാധിക്കുകയുള്ളു.
സര്‍ക്കാരിന് ടെലികോം സേവനങ്ങള്‍ എപ്പോഴെല്ലാം തടയാം
ഒരു പൊതു അടിയന്തര സാഹചര്യത്തില്‍ സന്ദേശങ്ങളുടെ പ്രക്ഷേപണം നിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കും. ടെലികോം ഉപകരണങ്ങള്‍ വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് മാത്രം വാങ്ങണം. രാജ്യങ്ങളില്‍ നിന്നോ ഒരു വ്യക്തിയില്‍ നിന്നോ ടെലികോം ഉപകരണങ്ങളുടെ ഉപയോഗം സസ്‌പെന്‍ഡ് ചെയ്യാനോ നിരോധിക്കാനോ സര്‍ക്കാരിന് കഴിയും.
ഫീസ്, പലിശ, അധിക ചാര്‍ജുകള്‍ എന്നിവ ഒഴിവാക്കാനുള്ള അധികാരം എടുത്തുകളഞ്ഞു
ഫീസ്, പലിശ, അധികനിരക്കുകള്‍, പിഴ എന്നിവ ഒഴിവാക്കാനുള്ള അധികാരം കേന്ദ്രം എടുത്തുകളഞ്ഞു. ഇത് വോഡഫോണ്‍, ഐഡിയ പോലുള്ള കമ്പനികളെ പ്രതികൂലമായി ബാധിക്കുന്നു
ലേലമില്ലാതെ സ്‌പെക്ട്രം ലഭിക്കാവുന്ന 19 സ്ഥാപനങ്ങള്‍ അഥവാ സേവനങ്ങള്‍
ലേലമില്ലാതെ സ്‌പെക്ട്രം ലഭിക്കാവുന്ന 19 സ്ഥാപനങ്ങളെയും സേവനങ്ങളെയും പട്ടികപ്പെടുത്തിയിട്ടുണ്ട്. ദേശീയ സുരക്ഷ, പ്രതിരോധം, ദുരന്തനിവാരണം, പൊതു പ്രക്ഷേപണം മുതലായ സേവനങ്ങൾക്കും ജിഎംപിസിഎസ് ഉടമകള്‍ ഉള്‍പ്പെടെയുള്ള സാറ്റ്‌ലൈറ്റ് സേവനങ്ങള്‍ (ഭാരതി വണ്‍വെബ്, സ്റ്റാര്‍ലിങ്ക്, ആമസോണ്‍ കൈപ്പര്‍, റിലയന്‍സ് ജിയോ സാറ്റ്‌ലൈറ്റ്), ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നീ സ്ഥാപനങ്ങള്‍ക്കും ലേലമില്ലാതെ സ്‌പെക്ട്രം ലഭിക്കും. മറ്റുള്ളവര്‍ക്ക് ലേലത്തിലൂടെയും സ്‌പെക്ട്രം ലഭിക്കുന്നതാണ്.
പാപ്പരത്തവുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥകള്‍ നീക്കം ചെയ്തു
പാപ്പരത്തവും അതുമായി ബന്ധപ്പെട്ട പ്രത്യേക വ്യവസ്ഥകളും കേന്ദ്രം നീക്കം ചെയ്തു. ഒരു ടെലികോം സേവന ദാതാവിന് പാപ്പരത്ത നടപടികളില്‍ സേവനങ്ങള്‍ തുടര്‍ന്നും നല്‍കാനാവില്ല