ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) വരവ് ആഗോളതലത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉത്പാദനക്ഷമതയെയും നവീകരണത്തെയും വളരെ വലിയതോതിലാണ് പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ എഐയുടെ കടന്നുവരവ് ഒരു ചെറിയ കരീബിയന്‍ ദ്വീപിനെ സംബന്ധിച്ചിടത്തോളം അവരുടെ സമ്പദ് വ്യവസ്ഥയില്‍ വന്‍കുതിച്ചു ചാട്ടത്തിനാണ് വഴിയൊരുക്കിയത്.
കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ബ്രിട്ടീഷ് പ്രദേശമായ ആന്‍ഗ്വില, ഇപ്പോള്‍ സര്‍ക്കാരിന്റെ വരുമാനത്തിന്റെ മൂന്നിലൊന്നും എഐയില്‍ നിന്ന് സൃഷ്ടിക്കുന്ന തരത്തില്‍ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ്. എഐയുമായി ബന്ധപ്പെട്ടാണെങ്കിലും ഒരു വരി കോഡിങ് പോലും ഇല്ലാതെയാണ് ഈ വലിയ സാമ്പത്തിക നിക്ഷേപം ഈ ചെറുദ്വീപിലേക്ക് ഒഴുകിയതെന്ന് ഫോബ്‌സ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. .ai എന്നതില്‍ അവസാനിക്കുന്ന ഇന്റര്‍നെറ്റ് വിലാസങ്ങള്‍ക്കായി ആന്‍ഗ്വില ഓരോ രജിസ്ട്രേഷനും ഫീസ് ഈടാക്കിയാണ് ദശലക്ഷക്കണക്കിന് ഡോളറുകള്‍ സമ്പാദിക്കുന്നത്.
ജപ്പാനിലെ .jp' എന്നതിനും ഫ്രാന്‍സിന് '.fr' എന്നതിനും സമാനമായി ദ്വീപിന് നിയുക്തമാക്കിയിരിക്കുന്ന ഡൊമെയ്ന്‍ നാമമാണ് '.ai' എന്നതിനാലാണിത്. ലോകമെമ്പാടുമുള്ള ടെക്നോളജി കമ്പനികള്‍ക്കിടയില്‍ ആന്‍ഗ്വിലയുടെ കണ്‍ട്രി കോഡ് .ai പ്രിയപ്പെട്ടതായി മാറിയെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) ഔദ്യോഗിക റിപ്പോര്‍ട്ട് പറയുന്നു.
ചാറ്റ് ജിപിറ്റി ആരംഭിച്ചതിനുശേഷം 2022 നവംബര്‍ മുതല്‍ .ai ഡൊമെയ്ന്‍ നാമത്തിനായുള്ള രജിസ്‌ട്രേഷനുകള്‍ ഗണ്യമായി വര്‍ധിച്ചതായി ഐഎഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. രജിസ്ട്രേഷന്‍ 2022ല്‍ 144,000 ആയിരുന്നത് 2023ല്‍ 354,000 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം .ai ഡൊമെയ്ന്‍ രജിസ്‌ട്രേഷനിലൂടെ 87 മില്യണ്‍ ഡോളര്‍ ഈസ്‌റ്റേണ്‍ കരീബിയന്‍ കറന്‍സി ആന്‍ഗ്വില സര്‍ക്കാരിന് ലഭിച്ചെന്നും ഐഎംഎഫ് വെളിപ്പെടുത്തി. ഇത് ആന്‍ഗ്വിലന്‍ സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ മൊത്തം വരുമാനത്തേക്കാള്‍ 20 ശതമാനം കൂടുതലാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.