TECHNOLOGY

ട്വിറ്റര്‍, മെറ്റ ഇപ്പോള്‍ ആമസോണ്‍; ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്ന ടെക്ക് ഭീമന്‍മാര്‍ക്ക് സംഭവിച്ചത് എന്ത്?

മെറ്റയ്ക്ക് പിന്നാലെ ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ച് ആമസോണും ആപ്പിളും

വെബ് ഡെസ്ക്

ട്വിറ്റര്‍, മെറ്റ ഇപ്പോള്‍ ആമസോണ്‍, ലോകത്തെ ടെക്ക് ഭീമന്‍മാര്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നു എന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നത്. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായായ ആമസോണ്‍ പേരെ ജീവനക്കാരുടെ ഒരു ശതമാനത്തോളം ഒഴിവാക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യം ആഗോളതലത്തില്‍ 1.6 ദശലക്ഷത്തിലധികം ജീവനക്കാരുള്ള ആമസോണില്‍ നിന്നും 10,000 ത്തോളം പേര്‍ക്കെങ്കിലും ജോലി നഷ്ടമാവുമെന്നാണ് സൂചന. റീട്ടെയ്ല്‍, ഹ്യൂമന്‍ റിസോഴ്‌സ് വിഭാഗങ്ങളിലായാണ് കൂട്ട പിരിച്ചുവിടല്‍.

ആഗോള ടെക് ഭീമന്‍മാര്‍ക്ക് സംഭവിക്കുന്നത് എന്ത് ?

ലോകത്തെ മറ്റെല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ച കോവിഡ് മഹാമാരി ടെക്ക് ഭീമന്മാർക്ക് എല്ലാ അർത്ഥത്തിലും അനുഗ്രഹമായിരുന്നു. ലോകത്താകമാനം ഏർപ്പെടുത്തിയ ലോക്ഡൗൺ ആളുകളെ വീടിനുള്ളിൽ തളച്ചിട്ടെങ്കിലും ഇന്റർനെറ്റ് ഉപഭോഗം അഭൂതപൂർവമായ നിലയിൽ വർധിച്ചു. ഓൺലൈൻ വില്പന വർധിച്ചു, ഒടിടി പ്ലാറ്റുഫോമുകളുടെ ഉപയോഗം കൂടി.

അതോടെ പുതിയ ടെക്ക് കമ്പനികളുടെ എണ്ണം വർധിച്ചു, ഭീമൻ കമ്പനികൾ കൂടുതൽ പേരെ നിയമിക്കുകയും ചെയ്തു. എന്നാൽ ലോക്ഡൗൺ അവസാനിച്ചതോടെ ജനജീവിതം പഴയപടിയായി. ടെക്ക് കമ്പനികൾക്ക് തിരിച്ചടിയും ആരംഭിച്ചു.

ഓൺലൈന്‍ ഇടപെടലുകള്‍ കുറഞ്ഞതോടെ അധിക നിയമനങ്ങള്‍ കമ്പനികള്‍ക്ക് തലവേദനയായി മാറുകയായിരുന്നു. ഉപയോക്തൃ സ്വഭാവം മാറിയതോടെ ഉപയോക്ത വർധന നിലനിൽക്കുമെന്ന കമ്പനികളുടെ കണക്കുകൂട്ടലുകളും പാളി. കൂടാതെ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നതിന്റെ സൂചകങ്ങളും കാര്യങ്ങൾ വഷളാക്കി.

ആമസോൺ

ആമസോൺ - പിരിച്ചുവിടാന്‍ ഒരുങ്ങുന്നത് 10,000 അധികം പേരെ

ആമസോൺ കോർപ്പറേറ്റ്, സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാരെ പിരിച്ചുവിടുമെന്ന റിപ്പോർട്ടുകൾ ന്യൂയോർക്ക് ടൈംസ് ആണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. അമേരിക്കയിലെ ഏറ്റവും കൂടുതൽ വില്‍പന നടക്കുന്ന ബ്ലാക്ക് ഫ്രൈഡേയ്ക്ക് തൊട്ട് മുൻപാണ് ചെലവ് കുറയ്ക്കലിന്റെ ഭാഗമായുള്ള ആമസോണിന്റെ ഈ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി, കോവിഡ് സമയത്ത് ആരംഭിച്ച വിർച്യുൽ ഷോപ്പിംഗ് സവിശേഷതയായ ആമസോൺ എക്സ്പ്ലോർ അടച്ചുപൂട്ടി. ഇത് കമ്പനിയുടെ പല വിഭാഗങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന സൂചനയുണ്ട്.

പിരിച്ചുവിടുന്ന സംഖ്യ ജീവനക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ വലുതല്ല. എന്നാല്‍ മെറ്റയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകളെ പിരിച്ചുവിടാൻ തീരുമാനിച്ചത് ആമസോൺ ആണെന്ന വസ്തുതയും മറക്കാനാവില്ല. നലവിലെ പിരിച്ചുവിടൽ അമേരിക്കയിൽ മാത്രമായി ഒതുങ്ങുമോ മറ്റ് രാജ്യങ്ങളിലേക്ക് വികസിക്കുമോ എന്ന കാര്യത്തിലും വ്യക്തത വരുത്തിയിട്ടില്ല.

മെറ്റ

11,000 ജീവനക്കാരെ വെട്ടിക്കുറച്ച് മെറ്റ

ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ നവംബർ 9 നാണ് 11,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചത്. ഇത് കമ്പനിയുടെ ഏകദേശം 13 ശതമാനം വരുമെന്നും ഇതിന്റെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കുന്നെന്നും വിശദീകരിച്ച് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിവരം പുറത്തറിയുന്നത്.

കോവിഡിന് ശേഷം കമ്പനിയുടെ വളർച്ച പ്രതീക്ഷിച്ച രീതിയിലേക്ക് ഉയർത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പരസ്യത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിലും ഗണ്യമായ കുറവുണ്ടായെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഓഫീസിന് പുറത്ത് ജോലിചെയ്യുന്ന ജീവനക്കാരുടെ പ്രവർത്തിസമയവും ശമ്പളവും വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നും കമ്പനിയുടെ വളർച്ച മാത്രമാണ് ഈ ഘട്ടത്തിൽ വിലയിരുത്തപ്പെടേണ്ടതെന്നും അദ്ദേഹം കുറിച്ചു.

ട്വിറ്റർ

3700 ജീവനക്കാരെ പിരിച്ചുവിട്ട് ട്വിറ്റർ

തൊഴിലാളികളെ വെട്ടിക്കുറച്ചു കൊണ്ട് ട്വിറ്റര്‍ പരിഷ്‌കരിക്കാനുള്ള ഇലോണ്‍ മസ്‌കിന്റെ നീക്കത്തിന്റെ ഭാഗമായി ഇന്ത്യയിലും കൂട്ടപ്പിരിച്ചുവിടൽ ഉണ്ടാകുമെന്നാണ് ഏറ്റവും അവസാനമായി പുറത്തുവന്ന റിപ്പോർട്ടുകൾ. മാർക്കറ്റിങ് വിഭാഗം മേധാവി മുതല്‍ താഴേക്കുള്ളവരെ പുറത്താക്കിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം സിഇഒ പരാഗ് അഗ്രവാളിനെയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെയും മറ്റ് ചില ഉന്നത ഉദ്യോഗസ്ഥരെയും പുറത്താക്കിയിരുന്നു. ഇവരെക്കൂടാതെ ലോകത്താകമാനം എഞ്ചിനീയര്‍മാര്‍ ഉള്‍പ്പെടെ 3700 ജീവനക്കാരെയും പിരിച്ചുവിട്ടു.

ട്വിറ്റര്‍ സംവിധാനങ്ങളുടെയും ഉപഭോക്തൃ വിവരങ്ങളുടെയും സുരക്ഷയ്ക്കായി കമ്പനി എല്ലാ ഓഫീസുകളും താല്‍ക്കാലികമായി അടച്ചിടുമെന്ന് ട്വിറ്റർ അറിയിച്ചു. ഇതിന് പിന്നാലെയാണ്, ട്വിറ്ററിന്റെ പുതിയ ഉടമയും സിഇഒയുമായ എലോണ്‍ മസ്‌ക് സോഷ്യല്‍ മീഡിയ കമ്പനിയിലെ അന്‍പത് ശതമാനം തൊഴിലാളികളെ വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി ബ്ലൂംബെര്‍ഗും റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തത്.

എന്നാൽ, നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി രാജിവെച്ചതോടെ ട്വിറ്റര്‍ വലിയ പ്രതിസന്ധി നേരിടുന്നുവെന്നും ട്വിറ്റര്‍ പാപ്പരാകുമെന്ന മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌കും രംഗത്തെത്തി. രണ്ടാഴ്ചയ്ക്കകം ട്വിറ്റര്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

സ്നാപ്പ് ചാറ്റ്

സ്നാപ്പ് 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു

പിരിച്ചുവിടലുകൾ പ്രഖ്യാപിച്ച ആദ്യത്തെ സോഷ്യൽ മീഡിയ കമ്പനികളിൽ ഒന്നാണ് സ്നാപ്പ് ചാറ്റിന്റെ മാതൃകമ്പനിയായ സ്നാപ്പ്. 6,400 തൊഴിലാളികൾ ഉണ്ടായിരുന്ന കമ്പനി ഈ വർഷം ഓഗസ്റ്റിൽ 20 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. വരുമാനത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് സിഇഒ ഇവാൻ സ്പീഗൽ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു

മൈക്രോസോഫ്റ്റ്

കമ്പനിയുടെ ആന്വൽ വരുമാനത്തിൽ വരുന്ന ഇടിവ് മൂലം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 1000 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടതായി ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. മാധ്യമ സ്ഥാപനങ്ങൾക്കായുള്ള തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചതായും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

ആപ്പിൾ

ആപ്പിൾ

തൊഴിൽ അവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നതായി ആപ്പിൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി കമ്പനി നിയമനങ്ങൾ മന്ദഗതിയിൽ ആക്കിയിട്ടുണ്ട്. കമ്പനിയുടെ എല്ലാ വിഭാഗങ്ങളിലും ഇപ്പോൾ ജീവനക്കാരെ ആവശ്യമില്ലെന്നും നിയമന പ്രക്രിയകൾ വളരെ സൂക്ഷ്മമായാണ് നടത്തുന്നതെന്നും ആപ്പിൾ സിഇഒ ടിം കുക്ക് അറിയിച്ചിരുന്നു. ദീർഘകാല നിക്ഷേപങ്ങളിൽ ആണ് കമ്പനി ശ്രദ്ധ ചെലുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19 തരംഗത്തെത്തുടർന്ന് ചൈന വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ, ഐഫോൺ 14 പ്രോയുടെയും പ്രോ മാക്‌സിന്റെയും വിതരണത്തെ സാരമായി ബാധിക്കുമെന്ന് ആപ്പിൾ ഇതിനകം തന്നെ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരുന്നു.

ഗൂഗിൾ

ചെലവ് ചുരുക്കല്‍ നടപടികളിലേയ്ക്ക് ഗൂഗിളും കടക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പരസ്യത്തിൽ നിന്നുള്ള വരുമാനം കുറയുന്നതുമായി ബന്ധപ്പെട്ട് നടന്ന മീറ്റിങ്ങുകളിൽ ചെലവ് ചുരുക്കലിനെ കുറിച്ചുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിസന്ധി ഘട്ടത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഗൂഗിൾ

പ്രതിസന്ധി നേരിടുന്ന മറ്റ് കമ്പനികൾ

സ്ട്രൈപ്പ്, സെയിൽസ്ഫോഴ്സ്, ലിഫ്റ്റ്, ബുക്കിംഗ് ഡോട്ട് കോം, ഐറോബോട്ട്, പെലോട്ടൺ തുടങ്ങിയ കമ്പനികളും തൊഴിൽ ചുരുക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തിക സേവന കമ്പനിയായ സ്ട്രൈപ്പ് 14 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. ഇന്ത്യയിൽ, ബൈജൂസ്, അൺകാഡമി തുടങ്ങിയ കമ്പനികളും നിരവധി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.

2500 ജീവനക്കാരെ പിരിച്ചുവിട്ട ബൈജൂസ് ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പുകളിൽ ഒന്നാണ്. ഇത്തരത്തിൽ, കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതയും കോവിഡാനന്തരം പരസ്യങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ കുത്തനെ ഉണ്ടായ ഇടിവുമാണ് ഭൂരിഭാഗം കമ്പനികളെയും പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത് എന്നത് വ്യക്തമാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ