ഗൂഗിളിന്റെ ജിമെയിൽ സേവനങ്ങൾ ലോകമെമ്പാടും പ്രവർത്തനരഹിതമായി. രാവിലെ മുതല്‍ സേവനത്തില്‍ തടസങ്ങള്‍ നേരിട്ടിരുന്നു. രാത്രി 8.30യോടെ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് സേവനം പൂർണമായും നിലച്ചു. പിന്നീട് ചുരുക്കം ഉപയോക്താക്കളുടെ പ്രശ്നം പരിഹരിക്കപ്പെട്ടു. ഉടന്‍ പരിഹാരം കാണുമെന്ന് ഗൂഗിള്‍ പ്രതികരിച്ചു.
ഇന്ത്യയിലും നിരവധി ഉപയോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമാകുന്നില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ജിമെയിൽ ആപ്പിനോടൊപ്പം ഡെസ്ക്ടോപ്പ് പതിപ്പിനെയും പ്രശ്നം ബാധിച്ചിട്ടുണ്ട്. #GmailDown എന്ന ഹാഷ്ടാഗ് ട്വിറ്ററിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും ട്രെൻഡിങ് ആണ്.
ജി മെയിലിന് ലോകമെമ്പാടും 1.5 ബില്യണിലധികം ഉപയോക്താക്കളാണുള്ളത്
"ഉപയോകതാക്കൾക്ക് ഇമെയിൽ ഡെലിവെറിയിൽ കാലതാമസം അനുഭവപ്പെടാം. ഞങ്ങളുടെ എഞ്ചിനീയറിംഗ് ടീം പ്രശ്നത്തെ ക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. നിലവിൽ പ്രശ്നം ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇനി ഇത്തരം അനുഭവം ഉണ്ടാവില്ല " കമ്പനി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. അടുത്ത കുറച്ച് മണിക്കൂറിനുള്ളിൽ എല്ലാ സന്ദേശങ്ങളും ഡെലിവർ ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും കമ്പനി കൂട്ടിച്ചേർത്തു. തകരാറിന് പിന്നിലെ കാരണം എന്തെന്ന് ഗൂഗിൾ വെളിപ്പെടുത്തിയിട്ടില്ല.
ലോകമെമ്പാടും 1.5 ബില്യണിലധികം ഉപയോക്താക്കളുള്ള ജി മെയിൽ 2022 ൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പുകളിൽ ഒന്നാണ്.