ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) വരവോടെ സാങ്കേതിക വിദ്യയിൽ വൻ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ഇതോടെ ജോലി നഷ്ടമാകുമോ എന്ന ആശങ്കയിലാണ് പലരും. ഈ ആശങ്ക ശരി വയ്ക്കുന്നതാണ് അമേരിക്കൻ ബഹുരാഷ്ട്ര സാമ്പത്തിക സേവന കമ്പനിയായ ഗോൾഡ്മാൻ സാക്ക്സിന്റെ റിപ്പോർട്ട്. എഐയുടെ വരവോടെ 30 കോടി ആളുകൾക്ക് ജോലി നഷ്ടമാകുമെന്നാണ് ഗോൾഡ്മാൻ സാക്ക്സ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്.
ജനറേറ്റീവ് എഐ പ്രതീക്ഷിക്കുന്ന രീതിയില്‍ പ്രവർത്തിച്ചാൽ തൊഴിൽ മേഖല കാര്യമായ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. നിലവിലെ ജോലിയുടെ നാലിലൊന്ന് ഭാഗം വരെ നഷ്ടമാകുമെന്നാണ് യുഎസിലെയും യൂറോപ്പിലെയും തൊഴിൽ ഡാറ്റ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നതെന്ന് ഗോൾഡ്മാൻ സാക്ക്സിന്റെ ഗവേഷണ കുറിപ്പിൽ പറയുന്നു. എന്നാൽ സാങ്കേതിക വളർച്ച പുതിയ തൊഴിലവസരങ്ങൾക്ക് വഴിവയ്ക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഇതുവഴി ആഗോള ജിഡിപി 7 ശതമാനം വരെ ഉയർത്താനാകുമെന്നാണ് കണക്കുകൂട്ടൽ.
പല മേഖലകളിൽ പല രീതിയിൽ എഐയുടെ വളർച്ച ബാധിച്ചേക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഭരണപരവും നിയമപരവുമായ മേഖലകളായിരിക്കും കൂടുതല്‍ തിരിച്ചടി നേരിടുക. എഐയുടെ വളർച്ച മൂലം 46 ശതമാനം അഡ്മിനിസ്ട്രേറ്റീവ് ജോലികളും 44 ശതമാനം നിയമപരമായ ജോലികളും നഷ്ടമാകുമെന്നാണ് കണക്കുകൂട്ടൽ. ക്ലീനിംഗ്, മെയിന്റനൻസ്, ഇൻസ്റ്റലേഷൻ, റിപ്പയർ, നിർമാണ ജോലികൾ അടക്കമുള്ള മേഖലകൾ വലിയ തിരിച്ചടി നേരിടില്ല.
1940കളില്‍ നിലവിലില്ലാതിരുന്ന ജോലികളിലാണ് ഇന്ന് 60 ശതമാനം ആളുകളും തൊഴിലില്‍ ഏർപ്പെട്ടിരിക്കുന്നതെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ 1980കൾക്ക് ശേഷമുള്ള സാങ്കേതിക വളർച്ച തൊഴിലവസരങ്ങൾ സൃഷ്ടിച്ചതിനേക്കാൾ വേഗത്തിൽ, തൊഴിലാളികൾക്ക് ജോലി നഷ്ടമാകാൻ ഇടയാക്കിയെന്നും മറ്റൊരു ഗവേഷണം ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത്തരത്തിലാണ് എഐയുടെ വളർച്ചയെങ്കിൽ തൊഴിലവസരങ്ങൾ ഉണ്ടാകുന്നതിലും കൂടുതൽ തൊഴിൽ നഷ്ടപ്പെടാനാകും സാധ്യതയെന്നാണ് സൂചന