TECHNOLOGY

തിരക്കൊഴിവാക്കാൻ സർവിസ് റോഡുകളും ഫ്ലൈഓവറും കാണിക്കും; ഇന്ത്യൻ ഉപയോക്താക്കൾക്കായി പുതിയ സവിശേഷതയുമായി ഗൂഗിൾ മാപ്‌സ്

ഫ്ലൈഓവറുകളും ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകളും കാണിക്കുന്ന ഫീച്ചറുകളുമായി ഗൂഗിൾ മാപ്‌സ്

വെബ് ഡെസ്ക്

ഇലക്ട്രിക് വെഹിക്കിൾ (ഇവി) ചാർജിങ് സ്റ്റേഷനുകൾ എവിടെയെന്നു വ്യക്തമാക്കുന്നത് ഉൾപ്പെടെ ഇന്ത്യൻ ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഒരുപിടി സവിശേഷതകളുമായി ഗൂഗിൾ മാപ്പ്. റോഡിലെ തിരക്കിന്റെ അടിസ്ഥാനത്തിൽ സർവിസ് റോഡുകളും ഫ്ലൈ ഓവറുകളും ഉപയോഗിക്കാനുള്ള നിർദേശം നൽകുന്ന ഫ്ലൈഓവർ കോൾഔട്ടാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം.

ഉപയോക്താക്കൾ ഗൂഗിൾ മാപ്പിനോട് ഏറ്റവുമധികം ആവശ്യപ്പെട്ടിരുന്ന ഫീച്ചറുകളിലൊണു ഫ്ലൈഓവർ മാർഗനിർദേശം. ഈ സാഹചര്യത്തിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഗൂഗിൾ മാപ്‌സ് ഇന്ത്യ ജനറൽ മാനേജർ ലളിത രമണി മാധ്യമങ്ങളോട് പറഞ്ഞു.

ഫ്ലൈഓവർ മാർഗനിർദേശം ഉപയോക്താക്കൾക്ക് അവരുടെ റൂട്ടുകളിൽ വരാനിരിക്കുന്ന ഫ്‌ളൈ ഓവറുകൾ ചൂണ്ടിക്കാണിക്കും. ഇതിലൂടെ യാത്രികർക്ക് ഏത് റൂട്ടിൽ യാത്ര ചെയ്യണം എന്നത് മുൻകൂട്ടി തീരുമാനിക്കാൻ കഴിയും. ഇടവഴികളിലും ഫ്‌ളൈഓവറുകളിലും മറ്റും നാവിഗേറ്റ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന സമാന ഫീച്ചറുകൾ മാപ്പിൾസ് പോലെയുളള ഇതര ഡിജിറ്റൽ മാപ്പ് പ്ലാറ്റ്‌ഫോമുകളിൽ നിലവിലുണ്ട്.

ഫോർ വീലർ, ടു വീലർ ഉപഭോക്താക്കൾക്കായി ഇന്ത്യയിലെ 40 നഗരങ്ങളിലാണ് ഫ്ലൈഓവർ കോൾഔട്ട് ഫീച്ചർ അവതരിപ്പിക്കുന്നത്. ആദ്യം ആൻഡ്രോയിഡ് ഉപകരണങ്ങളിൽ ലഭ്യമാകുന്ന ഈ സംവിധാനം പിന്നീട് ഐഎസ്‌, കാർപ്ലേ ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചു.

രാജ്യത്ത് എണ്ണായിരത്തിലധികം ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിങ് ലൊക്കേഷനുകൾ മാപ്പിൽ ചേർക്കാൻ ശ്രമിക്കുന്നതായും ഗൂഗിൾ വ്യക്തമാക്കി. ഇവി ചാർജിങ് ദാതാക്കളുമായും ഇലക്ട്രിക് പേ, എഥർ, കസം, സ്റ്റാറ്റിക് തുടങ്ങിയ ഡേറ്റ അഗ്രഗേറ്റർമായും സഹകരിച്ചാണ് സംവിധാനം നടപ്പാക്കുന്നത്.

ചാർജിങ് സ്റ്റേഷനുകളുടെ ലഭ്യതയെക്കുറിച്ചും ഏതു തരത്തിൽ ഉള്ളവയാണെന്നുള്ളതിനെക്കുറിച്ചും വിശദമായ വിവരങ്ങൾ മാപ്പിലുണ്ടാകും. അതിനാൽ തന്നെ ചാർജിങ് സംവിധാനത്തിനനുസരിച്ച് ലൊക്കേഷനുകൾ കണ്ടെത്താൻ ഉപയോക്താക്കൾക്ക് ഇത് വളരെ സഹായകമാകും. ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങൾക്ക് മാത്രമായുള്ള ചാർജിങ് സംവിധാനങ്ങൾ കണ്ടെത്താനുള്ള സൗകര്യവും ഇതിലുണ്ടാകും. നിലവിൽ മറ്റൊരു രാജ്യത്തും ഇത്തരത്തിലൊരു സംവിധാനം ഗൂഗിൾ മാപ്‌സ് ലഭ്യമാക്കുന്നില്ല.

സർക്കാരിൻ്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയായ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) വാഹനങ്ങൾ ബുക്ക് ചെയ്യുന്നതിനുള്ള ആപ്ലിക്കേഷനായ നമ്മ യാത്രിയുമായി ചേർന്ന് വികസിപ്പിച്ച മെട്രോ ടിക്കറ്റ് ബുക്കിങ് ഫീച്ചർ കൊച്ചിയിലും ചെന്നൈയിലും ഈയാഴ്ച തന്നെ ലഭ്യമാക്കുമെന്ന് ഗൂഗിൾ അറിയിച്ചു.

ഉപയോക്താക്കൾ തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള ദിശകൾ മെട്രോ ടാബിൽ തിരയുമ്പോൾ, മെട്രോ ലെഗ് എന്ന ഓപ്‌ഷനിൽ മെട്രോ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടായിരിക്കും. അതിൽ ടാപ്പ് ചെയ്താൽ നമ്മ യാത്രിയിലെ ടിക്കറ്റ് ബുക്കിംഗ് സ്‌ക്രീനിലേക്കാകും എത്തുന്നത്. അതിനുശേഷം ഫോൺ നമ്പർ നൽകി ക്യുആർ കോഡ് സംവിധാനത്തിലൂടെ ടിക്കറ്റിനുള്ള പണം അടയ്ക്കാം.

വീതി കുറഞ്ഞ റോഡുകളിലൂടെയുള്ള ഫോർവീലർ യാത്രികരുടെ യാത്ര ഒഴിവാക്കുന്നതിനായി നാരോ റോഡ് അലർട്ടിങ് സംവിധാനവും ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നുണ്ട്. തുടക്കത്തിൽ ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ, ഇൻഡോർ, ഭോപ്പാൽ, ഭുവനേശ്വർ ,ഗുവാഹതി തുടങ്ങിയ എട്ടു നഗരങ്ങളിലെ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കായിരിക്കും ഈ സംവിധാനം ലഭ്യമാകുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ