ഗൂഗിൾ മാപ്പ് നിർദേശിച്ച വഴിയിലൂടെ കാറോടിച്ചതിനെത്തുടർന്ന്, തകർന്ന പാലത്തിൽനിന്ന് വീണ് വെള്ളത്തിൽ മുങ്ങി മരിച്ചയാളുടെ കുടുംബം ഗൂഗിളിനെതിരെ നിയമനടപടിക്ക്. അമേരിക്കയിലെ നോർത്ത് കരോലിനയിലാണ് സംഭവം.
ഗൂഗിൾ മാപ് പിന്തുടർന്ന് കാറോടിച്ച ഫിലിപ്പ് പാക്‌സണാണ് അപകടത്തിൽ മരിച്ചത്. പാലം തകർന്നതാണെന്ന് അറിയിപ്പ് ലഭിച്ചെങ്കിലും ഗൂഗിൾ മാപ്പിന്റെ നാവിഗേഷൻ സിസ്റ്റം അത് അപ്‌ഡേറ്റ് ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് കാണിച്ചാണ് ഫിലിപ്പിന്റെ കുടുംബം ഗൂഗിളിനെതിരെ കുടുംബം നിയനടപടി സ്വീകരിക്കുന്നത്.
മെഡിക്കൽ ഉപകരണങ്ങളുടെ വിൽപ്പനക്കാരനും യുഎസ് നാവികസേനയിൽനിന്ന് വിരമിച്ചയാളുമായ ഫിലിപ്പ് പാക്‌സൺ കഴിഞ്ഞവർഷം സെപ്റ്റംബർ 30 നായിരുന്നു അപകടത്തിൽപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിൽ നടന്ന തന്റെ മകളുടെ ജന്മദിനപാർട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു അദ്ദേഹം. സുഹൃത്തിന്റെയും ഫിലിപ്പിന്റെ മകളുടെയും ജന്മദിനങ്ങൾ ഒരുമിച്ചാണ് ആഘോഷിച്ചത്. ക്യാമ്പിങ് തീം പാർട്ടിക്ക് ശേഷം ഫിലിപ്പിന്റെ ഭാര്യ രണ്ട് പെൺമക്കളോടൊപ്പം മടങ്ങി. എന്നാൽ പാർട്ടിനടന്ന സ്ഥലം വൃത്തിയാക്കാനായി ഫിലിപ് അൽപ്പനേരം കൂടി അവിടെ തങ്ങുകയായിരുന്നു.
നല്ല മഴയുണ്ടയായിരുന്ന അന്ന് രാത്രി ബാരിക്കേഡില്ലാത്ത, മറ്റ് അടയാളങ്ങൾ ഒന്നുമില്ലാതിരുന്ന പാലത്തിലേക്ക് കാർ ഓടിക്കാനുള്ള നിർദേശം ഗൂഗിൾ മാപ്പ് നൽകുകയായിരുന്നു. ഗൂഗിൾ മാപ് പറഞ്ഞതനുസരിച്ച് സുരക്ഷിതമാണെന്ന് കരുതി ഫിലിപ് തന്റെ ജീപ്പ് ഗ്ലാഡിയേറ്റർ പാലത്തിലേക്ക് കയറ്റുകയായിരുന്നു. എന്നാൽ കാർ പാലത്തിൽനിന്ന് 20 അടി താഴ്ചയിലേക്ക് വീണ് ഫിലിപ്പ് വെള്ളത്തിൽ മുങ്ങിമരിച്ചു.
വർഷങ്ങളായി തകർന്ന പാലം ഉപയോഗിക്കുന്നതിന് ഗൂഗിൾ മാപ്പ് ഡ്രൈവർമാർക്ക് നിർദേശം നൽകുന്നുണ്ടെന്നും പാലം ഉപയോഗശൂന്യമാണെന്ന് ആളുകൾ നേരത്തെ ഗൂഗിളിനെ അറിയിച്ചിരുന്നതായും ഫിലിപ്പിന്റെ ഭാര്യ അലീസിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അപകടം നടന്ന ഹിക്കറിയിലെ ഒരു താമസക്കാരൻ, ഗൂഗിൾ മാപ്പിലെ എഡിറ്റ് ചെയ്യുന്ന ഫീച്ചർ ഉപയോഗിച്ച് തകർന്ന പാലത്തെക്കുറിച്ച് ഗൂഗിളിന് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതായും അവർ പറയുന്നു.
നിർദ്ദേശിച്ച മാറ്റം അവലോകനം ചെയ്യുകയാണെന്ന് ഗൂഗിളിൽ നിന്നുള്ള ഇമെയിൽ സ്ഥിരീകരണം ലഭിക്കുമെങ്കിലും നിർദ്ദേശങ്ങൾ പരിഷ്‌ക്കരിക്കുന്നതിന് 2020 മുതൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭർത്താവിന്റെ മരണശേഷവും പാലം തകർന്നതാണെന്ന് ഗൂഗിളിനെ അറിയിച്ചു. എന്നാൽ ഏകദേശം ആറുമാസത്തിനുശേഷവും ഗൂഗിൾ മാപ്പിൽ പാലം സഞ്ചാരയോഗ്യമാണെന്നാണ് കാണിച്ചതെന്നും അലീസിയ പറഞ്ഞു.
അതേസമയം, വിഷയം അവലോകനം ചെയ്ത് വരികയാണെന്ന് ഗൂഗിൾ വക്താവ് ജോസ് കാസ്റ്റനേഡ വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. "ഫിലിപ്പിന്റെ കുടുംബത്തെ ഞങ്ങൾ അഗാധമായ ദുഃഖം അറിയിക്കുന്നു. മാപ്‌സിൽ കൃത്യമായ റൂട്ടിങ് വിവരങ്ങൾ നൽകുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം, ഞങ്ങൾ ഈ കേസ് അവലോകനം ചെയ്യുകയാണ്," ജോസ് കാസ്റ്റനേഡ പറഞ്ഞു.