ഒരോ ചിത്രങ്ങള്‍ക്കും ഓരോ കഥ പറയാന്‍ ഉണ്ടാകും. മനോഹരമായ നിമിഷങ്ങളെ പകര്‍ത്തിയ ആ ചിത്രങ്ങള്‍ നാം പോലും അറിയാതെ സുരക്ഷിതമായി ഒരിടത്ത് ശേഖരിച്ച് വെക്കപ്പെട്ടാലോ? ഉപയോക്താക്കളുടെ സേവ് ചെയ്ത് വച്ചിരിക്കുന്ന ചിത്രങ്ങളെ സ്വയമേ ഒരു ശേഖരമാക്കി മാറ്റി സൂക്ഷിക്കുന്ന പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ ഫോട്ടോസ്. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പുതിയ ഫീച്ചറിനെ 'ഹെല്‍പ് മി ടൈറ്റില്‍' എന്നാണ് വിളിക്കുന്നത്.
ചിത്രങ്ങളുടെ ആശയത്തെ അടിസ്ഥാനമാക്കി അവയ്ക്ക് പേരുകളിടാന്‍ എഐ നിങ്ങളെ സഹായിക്കും. ഇടാന്‍ ഉദ്ദേശിക്കുന്ന തലകെട്ടിന് ഉചിതമായ നിര്‍ദ്ദേശങ്ങള്‍ ഒരാള്‍ക്ക് നിര്‍മിത ബുദ്ധിയ്ക്ക് നല്‍കാവുന്നതാണ്. ഉദാഹരണത്തിന് നിങ്ങള്‍ ഹിമാലയത്തിലേയ്ക്ക് ഒരു യാത്ര പോയെന്നിരിക്കട്ടെ, നിങ്ങളുടെ ഹിമാലയന്‍ ട്രിപ്പിന്റെ ചിത്രങ്ങള്‍ക്ക് 'പ്രണയം', 'യാത്ര', 'സാഹസികം' തുടങ്ങിയ സൂചനകള്‍ അഥവാ നിര്‍ദ്ദേശങ്ങള്‍ എഐയ്ക്ക് നല്‍കാന്‍ സാധിക്കും.
ഗൂഗിള്‍ ഫോട്ടോസ് ആപ്പിന് താഴെ ഇനി മുതല്‍ ഒരു 'മെമ്മറീസ്' ബട്ടണും കാണാന്‍ സാധിക്കും. അവിടെ നിങ്ങള്‍ക്ക് സ്വയമേ സൃഷ്ടിച്ച ചിത്രങ്ങളുടെയും വീഡിയോകളുടെയും ശേഖരവും ലഭിക്കും. ഇപ്പോഴുള്ള ഷെയറിങ് ബട്ടണിന് പകരമായിട്ടാണ് മെമ്മറീസ് ബട്ടണ്‍ കൊടുത്തിരിക്കുന്നത്.
ഗൂഗിള്‍ ഫോട്ടോസിന്റെ പുതിയ ഫീച്ചര്‍ യുഎസില്‍ ഇന്നുമുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. വരും മാസങ്ങളില്‍ ഈ മെമ്മറീസ് ബട്ടണ്‍ ലോകമെമ്പാടും ലഭ്യമാകും. മെമ്മറീസ് ഫീച്ചറിനായുള്ള 'വീഡിയോ എക്‌സ്‌പോര്‍ട്ട്' ചെയ്ത് സമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പങ്കുവെക്കാനുള്ള സൗകര്യം ഉള്‍പ്പെടെ സജ്ജീകരിക്കുമെന്നും ഗൂഗിള്‍ പറയുന്നു. എന്നാല്‍ ഗുഗിളിന്റെ പുതിയ ഫീച്ചര്‍ ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് ഇതൊരു പുതിയ അനുഭവമായിരിക്കില്ല. ആപ്പിളിന്റെ ഫോട്ടോസ് ആപ്പില്‍ മെമ്മറീസ് ബട്ടന് സമാനമായ 'ഫോര്‍ യു' എന്ന ഫീച്ചറുണ്ട്.