TECHNOLOGY

ഗൂഗിൾ ക്രോം ഉപയോക്താക്കൾ സൂക്ഷിക്കുക; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്രം

വ്യക്തി​ഗത വിവരങ്ങൾ ചോർന്നു പോകുന്നതുൾപ്പടെയുള്ള സുരക്ഷാ വീഴ്ചകൾ ​ഗൂ​ഗിൾ ക്രോമിന്റെ ഭാ​ഗത്തുനിന്ന് വന്നേക്കാമെന്നാണ് മുന്നറിയിപ്പ്

വെബ് ഡെസ്ക്

ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം. ഗൂഗിൾ ക്രോമിന്റെ പല പതിപ്പുകളിലും സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) വ്യക്തമാക്കി.

വ്യക്തി​ഗത വിവരങ്ങൾ ചോർന്നു പോകുന്നതുൾപ്പടെയുള്ള സുരക്ഷാ വീഴ്ചകൾ ​ഗൂ​ഗിൾ ക്രോമിന്റെ ഭാ​ഗത്തുനിന്ന് വന്നേക്കാമെന്നാണ് ഏജൻസിയുടെ മുന്നറിയിപ്പ്. ഫിഷിങ് (പാസ്‌വേഡുകളും ക്രെഡിറ്റ് കാർഡ് നമ്പറുകളും പോലെയുള്ള വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കാൻ ഇമെയിലുകളോ മറ്റ് സന്ദേശങ്ങളോ അയയ്‌ക്കുന്ന രീതി), ഡാറ്റാ ലംഘനങ്ങൾ, മാൽവെയർ എന്നിവ ഈ അപകടസാധ്യതകളിൽ ഉൾപ്പെടുന്നു. ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും സ്വയം പരിരക്ഷയ്ക്കായി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഏജൻസി വ്യക്തമാക്കി.

പ്രോംപ്റ്റുകൾ (ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് ഫോണിലേക്ക് വരുന്ന അറിയിപ്പുകൾ), വെബ് പേയ്‌മെന്റ് എപിഐ, സ്വിഫ്റ്റ്ഷെയ്ഡർ, വുൾകാൻ, വീഡിയോ, വെബ്ആർടിസി എന്നിവ ഉൾപ്പെടെ ക്രോമിന്റെ നിരവധി മേഖലകളിൽ സുരക്ഷാ പ്രശ്നങ്ങളുണ്ട്. വീഡിയോയിലെ ഹീപ്പ് ബഫർ ഓവർഫ്ലോയിലൂടെയോ പിഡിഎഫിലെ ഇന്റീ​ഗർ ഓവർഫ്ലോയിലൂടെയോ അക്രമിക്ക് ഉപയോക്താവിനെ ചൂഷണം ചെയ്യാം. ഒരു വെബ്‌സൈറ്റ് സന്ദർശിക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിച്ചുകൊണ്ട് സൈബർ ആക്രമണകാരിക്ക് അവർ ലക്ഷ്യമിടുന്ന സിസ്റ്റത്തിൽ അനിയന്ത്രിതമായ പ്രവേശിക്കാനും ഹാക്ക് ചെയ്യാനും മറ്റ് പല രീതിയിൽ ദുരുപയോഗം ചെയ്യാനും സാധിക്കും.

ലിനക്സിലെയും മാക്കിലെയും 115.0.5790.170-ന് മുമ്പുള്ള ​ഗൂ​ഗിൾ ക്രോം പതിപ്പുകളും വിൻഡോസിലെ 115.0.5790.170/.171-ന് മുമ്പുള്ള പതിപ്പുകളും ഉപയോഗിക്കുന്നവർ ഉടനടി വേണ്ട നടപടിൾ സ്വീകരിക്കണമെന്നാണ് നിർദേശം. ​ഗൂഗിൾ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് എത്രയും വേഗം അപ്ഡേറ്റ് ചെയ്യുക എന്നതാണ് ഇതിനുള്ള പരിഹാ​രം.

​ഗൂഗിൾ ക്രോം അപ്‌ഡേറ്റ് ചെയ്യാൻ:

  • ​ഗൂ​ഗിൾ ക്രോം ഓപ്പൺ ചെയ്ത് വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക

  • ഹെൽപ്പ് ഓപ്ഷനിലുള്ള എബൗട്ട് ​ഗൂ​ഗിൾ ക്രോം തിരഞ്ഞെടുക്കുക

  • അപ്‌ഡേറ്റ് ലഭ്യമാണെങ്കിൽ അതിൽ ക്ലിക്ക് ചെയ്യാം. ക്രോം സ്വയമേ ഡൗൺലോഡ് ചെയ്‌ത് ഇൻസ്റ്റാളാകും

  • ഇൻസ്റ്റാൾ ആകുന്നതോടെ ക്രോം റീസ്റ്റാർട്ടായി പുതിയ പതിപ്പാകും

സിസ്റ്റം അപ്‌ഡേറ്റ് ചെയ്യുന്നതിനു പുറമേ, ഇക്കാര്യങ്ങളും ശ്രദ്ധിക്കാം

  • സന്ദർശിക്കുന്ന വെബ്‌സൈറ്റുകളെക്കുറിച്ചും ക്ലിക്ക് ചെയ്യുന്ന ലിങ്കുകളെക്കുറിച്ചും ശ്രദ്ധാലുവായിരിക്കണം. ഒരു വെബ്സൈറ്റ് സുരക്ഷിതമാണോ എന്ന് ഉറപ്പില്ലെങ്കിൽ, അത് ഒഴിവാക്കുന്നതാണ് നല്ലത്.

  • എല്ലാ ഓൺലൈൻ അക്കൗണ്ടുകൾക്കും ശക്തമായ പാസ്‌വേഡുകൾ സൃഷ്‌ടിക്കാൻ ഒരു പാസ്‌വേഡ് മാനേജർ ഉപയോഗിക്കുക.

  • ടു ഫാക്ടർ ഓഥന്റിഫിക്കേഷൻ (2FA) എല്ലാ ഓൺലൈൻ അക്കൗണ്ടുകൾക്കും പ്രവർത്തനക്ഷമമാക്കുക.

  • സോഷ്യൽ മീഡിയയിൽ സ്വകാര്യ വിവരങ്ങൾ വിവരങ്ങൾ പങ്കിടുമ്പോൾ ശ്രദ്ധിക്കുക

  • ഏറ്റവും പുതിയ സുരക്ഷാ പാച്ചുകൾ ഉപയോഗിച്ച് ഓപ്പറേറ്റിങ് സിസ്റ്റവും സോഫ്‌റ്റ്‌വെയറും അപ്ഡേറ്റ് ചെയ്ത് വയ്ക്കുക

  • കമ്പ്യൂട്ടറിൽ ഫയർവാളും ആന്റിവൈറസും ഉപയോഗിക്കുന്നത് ഉറപ്പുവരുത്തുക

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെതിരെ പ്രമേയവുമായി വിജയ്‍യുടെ പാർട്ടി; ജാതി സെൻസസ് നടപ്പാക്കാത്തതിന് ഡിഎംകെയ്ക്കും ബിജെപിക്കും വിമർശനം

ഹിന്ദു ഐഎഎസ് ഓഫിസര്‍മാരെ ചേര്‍ത്ത് പ്രത്യേക വാട്‌സാപ് ഗ്രൂപ്പ്; വിവാദമായതോടെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന് പറഞ്ഞ് തലയൂരി കെ ഗോപാലകൃഷ്ണന്‍

ഗര്‍ഭഛിദ്രം മുതല്‍ കുടിയേറ്റം വരെ സജീവ ചര്‍ച്ച; അമേരിക്കയുടെ ജനവിധി തീരുമാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

ഇതിലും താഴേക്ക് പോകാനാകില്ല; ഇന്ത്യൻ ക്രിക്കറ്റില്‍ ഇനിയെന്ത്?

അയ്യയ്യേ എന്തൊരു തോല്‍വി; നാണക്കേടിന്റെ വാരിക്കുഴിയില്‍ വീണ് ടീം ഇന്ത്യ, മൂന്നാം ടെസ്റ്റിലും അടപടലം