2025 അവസാനത്തോടെ എല്ലാ സ്മാർട്ട്‌ഫോണുകളും നാവിക് (നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ) ദിശനിർണയ സംവിധാനമുണ്ടായിരിക്കുമെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി രാജീവ് ചന്ദ്രശേഖർ. അമേരിക്കൻ ദിശനിർണയസംവിധാനമായ ജിപിഎസിന് പകരമായി ഐഎസ്ആർഒ തദ്ദേശീയമായി വികസിപ്പിച്ച നാവിക് പുതിയ ഐഫോൺ 15 മോഡലുകളിൽ ആപ്പിൾ ഉൾപ്പെടുത്തിയതിനുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
5ജി സ്‌മാർട്ട്‌ഫോണുകൾ 2025 ജനുവരി ഒന്നോടെയും മറ്റ് ഫോണുകൾ ഡിസംബറോടെയും നാവിക് ഉൾപ്പെടുത്തേണ്ടി വരുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
"ഐഫോൺ 15 ന്റെ പ്രഖ്യാപനത്തിൽ രണ്ട് വലിയ നാഴികക്കല്ലുകളുണ്ടായിട്ടുണ്ട്. ഒന്നാമത്തേത് ന്യൂയോർക്കിലോ ടോക്കിയോയിലോ ലണ്ടനിലോ ഉള്ള ഉപഭോക്താക്കൾക്ക് ഐ ഫോൺ 15 ലഭിക്കുന്ന ദിവസം തന്നെ ഇന്ത്യക്കാർക്കും ലഭിക്കുമെന്നതാണ്," രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
"ഗലീലിയോയുടെയും ഗ്ലോസ്‌നാസിന്റെയും മറ്റ് ജിപിഎസുകൾക്കൊപ്പം നാവിക് ദിശനിർണയ സംവിധാനവും ആദ്യമായി ഐ ഫോൺ 15ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യൻ സാങ്കേതികവിദ്യയുടെ പുതുയുഗത്തിന്റെ വരവിനെ കാണിക്കുന്നു," അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓട്ടോമൊബൈലുകൾ പോലെ മറ്റ് മേഖലകളിലും നാവിക് അവതരിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു മറുപടി. അടുത്ത ഘട്ടത്തിൽ എല്ലാ വാഹനങ്ങൾക്കും നാവിക് ട്രാക്കർ നിർബന്ധമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സിസ്റ്റം ഡിസൈനിൽ നാവിക് പവേഡ് ചിപ്പുകൾ നിർമിക്കുന്നതിന് പ്രോത്സാഹനം നൽകാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ജിപിഎസ് ഉപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും നാവിക് ചിപ്‌സെറ്റുകൾ ഉപയോഗിക്കുന്നത് ഏറെക്കുറെ നിർബന്ധമാക്കുമെന്നും ചന്ദ്രശേഖർ പറഞ്ഞു.
അമേരിക്കയുടെ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റത്തിന് (ജിപിഎസ്) ബദലായി ഇന്ത്യ വികസിപ്പിച്ചെടുത്ത സംവിധാനമാണ് നാവിക്. ഇന്ത്യയുടെയും സമീപ മേഖലകളുടയും സ്ഥാനനിർണയം, സമയവിവരം, ഉൾപ്പെടെയുള്ളവ ജിപിഎസ് ഉൾപ്പെടെയുള്ള മറ്റ് നാവിഗേഷൻ സംവിധാനങ്ങളെക്കാൾ കൃത്യമായി നൽകാൻ നാവിക്കിന് കഴിയും.
ഏഴ് ഉപഗ്രഹങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളും ഉൾപ്പെടുന്ന ശൃംഖലയും ഉപയോഗിച്ചാണ് നാവിക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യക്ക് പുറമെ ചൈന, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, റഷ്യ എന്നീ രാജ്യങ്ങളും ജിപിഎസിന്റെ കുത്തക അവസാനിപ്പിക്കുന്നത് സ്വന്തമായി ദിശനിർണയ സംവിധാനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്.