ഇന്റർനെറ്റിൽ ഇപ്പോൾ ത്രെഡ്സ് ആണ് ട്രെൻഡിങ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം ആപ്പുകൾക്ക് ശേഷം മെറ്റ ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന ടെക്സ്റ്റ് ആപ്പാണ് ത്രെഡ്സ്. ആദ്യ ഏഴ് മണിക്കൂറിൽ ഒരു കോടിയിലേറെ ഉപയോക്താക്കളാണ് ത്രെഡ്സിൽ അക്കൗണ്ട് എടുത്തത്. ട്വിറ്ററിനെ കടത്തിവെട്ടാൻ ത്രെഡ്സിന് ആകുമോയെന്ന ചർച്ചകളാണ് സമൂഹമാധ്യമങ്ങളിലാകെ. ട്വിറ്റർ കില്ലർ എന്നാണ് ത്രെഡ്സിനെ ഇന്റർനെറ്റ് വിശേഷിപ്പിക്കുന്നത്. ബ്ലൂ സ്‌കൈ, ഡൊണാൾഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ തുടങ്ങി ട്വിറ്ററിന്റെ എതിരാളികളുടെ നിരയിൽ വളരെ ജനപ്രിയമായി മാറുകയാണ് ത്രെഡ്സ്.
ട്വിറ്ററില്‍ വേരിഫൈഡ് അല്ലാത്ത അക്കൗണ്ടുകൾക്ക് 280 ക്യാരക്ടർ പരിധി നിശ്ചയിക്കുമ്പോള്‍, 500 ക്യാരക്ടറുകളാണ് ത്രെഡ്സ് പരിധി നിശ്ചയിച്ചിരിക്കുന്നത്
ട്വിറ്ററിന് സമാനമാണ് ത്രെഡ്സ് എങ്കിലും, ഇവ തമ്മിൽ വ്യത്യസ്തതകളുണ്ട്. ടെക്സ്റ്റ് ചെയ്യുന്ന അക്ഷരങ്ങളുടെ പരിമിതിയാണ് ഇതില്‍ പ്രധാനം. ട്വിറ്ററില്‍ വേരിഫൈഡ് അല്ലാത്ത അക്കൗണ്ടുകൾക്ക് 280 ക്യാരക്ടർ വരെയാണ് പരിധി. പ്രതിമാസം 8 ഡോളറിന്, ട്വിറ്റർ ബ്ലൂ ടിക്ക് വരിക്കാർക്ക് അവരുടെ ക്യാരക്ടർ പരിധി 25,000 ആയി ഉയർത്താം. എന്നാല്‍, 500 ക്യാരക്ടറുകളാണ് ത്രെഡ്സ് പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുകളിലേക്ക് പണം അടയ്ക്കാനുള്ള ഓപ്ഷനുകള്‍ ലഭ്യമല്ല.
ഇന്‍സ്റ്റാഗ്രാമുമായി കണക്ട് ചെയ്താണ് ത്രെഡ്സ് പ്രവര്‍ത്തിക്കുന്നത്. ത്രെഡ്സ് ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആവശ്യമാണ്. ഇങ്ങനെ ലോഗിന്‍ ചെയ്യുന്നവർക്ക് അവരുടെ ഇന്‍സ്റ്റഗ്രാമിലെ അതേ വിവരങ്ങള്‍ ത്രെഡ്സിലേക്ക് ഇംപോർട്ട് ചെയ്യാന്‍ സാധിക്കും. പ്രൊഫൈല്‍ പിക്ചർ, ബയോ, ലിങ്ക് എന്നിവ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും ഇംപോർട്ട് ചെയ്യാം. ആവശ്യമെങ്കില്‍ പുതിയ ബയോ എഴുതിച്ചേർക്കാനും അവസരമുണ്ട്. മാത്രമല്ല, ഇന്‍സ്റ്റഗ്രാമില്‍ നിങ്ങള്‍ ഫോളോ ചെയ്യുന്നവരെ ത്രെഡ്സില്‍ ഫോളോ ആള്‍ ഓപ്ഷൻ കൊടുത്ത് ഫോളോ ചെയ്യാം. ത്രെഡ്സിൽ നിന്ന് ഇൻസ്റ്റാഗ്രാമിലേക്ക് നേരിട്ട് എത്താനും ഉപയോക്താക്കൾക്ക് സാധിക്കും.
ത്രെഡ്സില്‍ വേരിഫൈഡ് അല്ലാത്തവർ ഉള്‍പ്പെടെ എല്ലാ ഉപയോക്താക്കൾക്കും അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ പോസ്റ്റുചെയ്യാൻ കഴിയും
മറ്റൊരു പ്രധാന വ്യത്യാസം വീഡിയോ പോസ്റ്റ് ചെയ്യുന്നതിലാണ്. ത്രെഡ്സില്‍ വേരിഫൈഡ് അല്ലാത്തവർ ഉള്‍പ്പെടെ എല്ലാ ഉപയോക്താക്കൾക്കും അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ പോസ്റ്റുചെയ്യാൻ കഴിയും. ട്വിറ്ററിൽ, ബ്ലൂ ടിക്ക് ഇല്ലാത്തവർക്ക് രണ്ട് മിനിറ്റ് 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകൾ മാത്രമേ പോസ്റ്റ് ചെയ്യാന്‍ സാധിക്കൂ. ത്രെഡ്സ് ആപ്പിലെ പോസ്റ്റുകൾ ഉപയോക്താവിന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലോ പ്രൊഫൈലിലോ പങ്കിടാനും കഴിയും.
ത്രെഡ്സിന്റെ ഹോം പേജ് ട്വിറ്ററിന്റെ ഫോർ യു പേജിന് സമാനമാണ്. ട്വിറ്ററിന്റെ ഹോംപേജില്‍ ഉപയോക്താക്കള്‍ക്കായി ട്രെൻഡിംഗ് വിഷയങ്ങള്‍ പ്രത്യക്ഷപ്പെടും. എന്നാല്‍, ത്രെഡ്സില്‍ ഇത് ഹോം ഫീഡിലൂടെ സ്ക്രോൾ ചെയ്താൽ മാത്രമാണ് ലഭിക്കുക. ഇത് താത്കാലികമാകാനാണ് സാധ്യത. ട്വിറ്ററിന്റെ ഡ്രാഫ്റ്റ് സേവ് ഓപ്ഷനും ത്രെഡ്സിൽ ലഭ്യമല്ല. മാത്രമല്ല, ഉപയോക്താക്കള്‍ക്ക് മറ്റ് പ്രൊഫൈലുകളിലെ ലൈക്കുകള്‍ കാണാന്‍ സാധിക്കില്ല. എന്നാൽ, ട്വിറ്ററിൽ, ഇതൊരു പ്രത്യേക ടാബായി കാണാം.
ത്രെഡ്സിന് ഇൻസ്റ്റാഗ്രാമിന് സമാനമായ ഉള്ളടക്ക നിയമങ്ങൾ ഉണ്ടായിരിക്കും. ആവശ്യമില്ലാത്തതും ഉപദ്രവകരവുമായ അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ഓപ്ഷന്‍ ഇതിലുണ്ട്. മാസ്റ്റഡോണിന്റെയും മറ്റ് സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെയും അതേ ആക്റ്റിവിറ്റി പബ് സോഷ്യൽ നെറ്റ് വർക്കിംഗ് പ്രോട്ടോക്കോളിലാണ് ഇത് നിർമ്മിച്ചിരിക്കുന്നതെന്ന് ത്രെഡ്സിന്റെ വൈസ് പ്രസിഡന്റ് കോണർ ഹെയ്സ് പറഞ്ഞു. ഇത് ഇൻസ്റ്റാഗ്രാമിനപ്പുറമുള്ളവരുമായും സംവദിക്കാൻ അവസരം നൽകും. എന്തായാലും പുറത്തിറങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്രയേറെ ജനശ്രദ്ധ നേടിയ ടെക്സ്റ്റ് ആപ്പ് വേറെയില്ലെന്ന് വ്യക്തമാണ്.