വ്യാജ വെബ്സൈറ്റുകൾ ഉപയോഗിച്ച് ആളുകളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്ന തട്ടിപ്പുകൾ രാജ്യത്ത് വർധിച്ചുവരികയാണ്. കഴിഞ്ഞ മാസമാണ് സുപ്രീംകോടതിയുടെ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതിനെ കുറിച്ച് കോടതി തന്നെ മുന്നറിയിപ്പ് നല്‍കിയത്.
തുടർന്ന് വ്യക്തിപരവും രഹസ്യാത്മകവുമായ വിവരങ്ങൾ പങ്കിടരുതെന്നും വെളിപ്പെടുത്തരുതെന്നും കോടതി നിർദേശിച്ചിരുന്നു. ഒരു വെബ്‌സൈറ്റും തട്ടിപ്പുകാരില്‍ നിന്ന് സുരക്ഷിതമല്ല എന്ന് തെളിയിക്കുന്ന സംഭവമായിരുന്നു ഇത്.
വ്യാജ വെബ്‌സൈറ്റുകള്‍ എങ്ങനെ കണ്ടെത്താം എന്നറിയേണ്ടത് വളരെ പ്രധാനമാണ്. ഒരു യുആര്‍എല്ലില്‍ ക്ലിക് ചെയ്യുന്നതിന് മുമ്പായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കാം:
1.അഡ്രസ് ബാര്‍ ശ്രദ്ധിക്കുക
ബ്രൗസറില്‍ യുആര്‍എല്‍ എഴുതി വരുന്ന സ്ഥലത്തെയാണ് അഡ്രസ് ബാര്‍ എന്ന് പറയുന്നത്. ബ്രൗസറിന്റെ മുകള്‍ ഭാഗത്തായിരിക്കും ഇവ കാണപ്പെടുക.
അഡ്രസ് ബാറില്‍ വെബ്‌സൈറ്റ് ലിങ്ക് ആരംഭിക്കുന്നത് 'htttps' എന്നാണോ എന്ന് ശ്രദ്ധിക്കുക. ഇതിലെ 's' എന്നത് സെക്വര്‍ അഥാവ സുരക്ഷിതം എന്നാണ് അര്‍ഥമാക്കുന്നത്. എന്നാല്‍ ഇതിനെ അപ്പാടെ വിശ്വസിക്കാനും ചിലപ്പോള്‍ സാധിച്ചെന്ന് വരില്ല. നിര്‍ഭാഗ്യവശാല്‍ തട്ടിപ്പുകാര്‍ക്ക് സുരക്ഷാ പ്രോട്ടോക്കോളിനെയും കബളിപ്പിക്കാന്‍ സാധിക്കും. എന്നിരുന്നാലും ഇത് ശ്രദ്ധിക്കുന്നത് ഒരു പരിധിവരെ ഗുണം ചെയ്യുന്നതാണ്.
അഡ്രസ് ബാറില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് സ്‌പെല്ലിങ്. ലിങ്കില്‍ അക്ഷരതെറ്റുണ്ടോ എന്ന് നോക്കുക. ഉദാ: Amazon എന്നതിന് പകരം Amaz0n എന്ന് അടിക്കുന്നത്. അക്ഷരതെറ്റ് സൂചിപ്പിക്കുന്നത് വെബ്‌സൈറ്റ് വ്യാജമാണെന്നാണ്. ലിങ്കിന്റെ ഡൊമൈന്‍ എക്‌സ്റ്റെന്‍ഷനും പരിശോധിക്കാന്‍ വിട്ട് പോകരുത്. .com, .org, .net തുടങ്ങിയ ശരിയായ ഡൊമൈനുകളാണോ ഉപയോഗിച്ചിരിക്കുന്നതെന്ന് ഉറപ്പ് വരുത്തുക.
വെബ്‌സൈറ്റിലെ ഭാഷയിലുണ്ടാകുന്ന തെറ്റുകള്‍
സാധാരണയായി ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ തെറ്റുകള്‍ വരുന്നത് വളരെ കുറവാണ്. ഭാഷയിലെ തെറ്റുകള്‍, വ്യാകരണ പിശകുകള്‍, ആവശ്യമായ വാക്കുകള്‍ ഇല്ലാതിരിക്കുന്നത്, പൂര്‍ത്തിയാക്കാത്ത വാക്യങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു വെബ്‌സൈറ്റിന്റെ വിശ്വാസ്യതയെ സംശയിക്കേണ്ടതായുണ്ട്.
'About Us', 'Contact Us' എന്നീ വിഭാഗങ്ങള്‍ തീര്‍ച്ചയായും പരിശോധിക്കണം
വെബ്‌സൈറ്റിലെ 'Contact Us' വിഭാഗത്തില്‍ തന്നിരിക്കുന്ന നമ്പറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇത് കൂടാതെ, 'About Us' വിഭാഗത്തില്‍ ടീമിനെ കുറിച്ച് കൊടുത്തിരിക്കുന്ന വിവരങ്ങളും പരിശോധിക്കുക. ടീം അംഗങ്ങളുടെ വിവരങ്ങള്‍ ശരിയാണോ എന്നറിയാൻ ലിങ്കടിനിലോ മറ്റേതെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലോ പരിശോധിക്കുക.
വെബ്‌സൈറ്റിനെ സാമൂഹ്യ മാധ്യമങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാം
സാധാരണയായി സ്ഥാപനങ്ങളുടെ യഥാര്‍ഥ വെബ്‌സൈറ്റുകള്‍ക്ക് സ്വന്തമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉണ്ടായിരിക്കുന്നതാണ്. വെബ്‌സൈറ്റും സോഷ്യല്‍ മീഡിയയും തമ്മില്‍ ലിങ്ക് ചെയ്തിട്ടുണ്ടാകും. അങ്ങനെയുണ്ടെങ്കില്‍ അവ പരിശോധിക്കാതെ വിടരുത്.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങളും ഫോളോവേഴ്‌സിനെയും പരിശോധിക്കുക. കമന്റ് സെക്ഷനും വിട്ടുകളയരുത്. പലപ്പോഴും ഉപയോക്താക്കളുടെ യഥാര്‍ഥമായ അഭിപ്രായങ്ങള്‍ അറിയാന്‍ സാധിക്കുന്നത് കമന്റ് സെക്ഷനില്‍ നിന്നായിരിക്കും.
പോപ് അപ്പുകളും പരസ്യങ്ങളും
വെബ്‌സൈറ്റുകള്‍ തുറക്കുമ്പോള്‍ നിരവധി പോപ് അപ്പുകളും പരസ്യങ്ങളും പൊങ്ങിവരികയാണെങ്കില്‍ സൂക്ഷിക്കണം. ഇത്തരം പോപ് അപ്പുകളിലും പരസ്യങ്ങളിലും ക്ലിക്ക് ചെയ്യാതിരിക്കാന്‍ ശ്രമിക്കുക. അപ്പോള്‍ തന്നെ ടാബ് അടയ്ക്കുന്നതാണ് നല്ലത്. കാരണം, ഇത് മറ്റൊരു ചതിയിലേയ്ക്ക് നിങ്ങളെ നയിച്ചെന്ന് വരാം.
ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ചെക്കറും ഉപയോഗിക്കാം
ചില വെബ്‌സൈറ്റ് ചെക്കറുകള്‍ വ്യാജ വെബ്‌സൈറ്റുകള്‍ വിശകലനം ചെയ്യുകയും വെബ്‌സൈറ്റിന്റെ ആധികാരികതയെക്കുറിച്ച് ഉപയോക്താവിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുന്നു.
ഒരു വെബ്‌സൈറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞാല്‍ അവ റിപ്പോര്‍ട്ട് ചെയ്യാന്‍ മറക്കരുത്. ഏതെങ്കിലും ആള്‍മാറാട്ടം നടത്തുന്ന വെബ്‌സൈറ്റുകള്‍ തിരിച്ചറിഞ്ഞാല്‍ അതിന്റെ യഥാർഥ വെബ്‌സൈറ്റിന്റെ സ്ഥാപനത്തിനോ അല്ലെങ്കില്‍ സൈബര്‍ സെല്ലിനെയോ അറിയിക്കാം. ഇത് മറ്റുള്ളവരെ ചതിയില്‍ പെടുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ സാധിക്കും.