അനുദിനം വളരുകയാണ് ഡിജിറ്റല്‍ ലോകം. സൈബര്‍ ഇടങ്ങള്‍ നമ്മുടെ നിത്യജീവിതത്തില്‍ ഒഴിവാക്കാനാകാത്ത ഭാഗമായിക്കഴിഞ്ഞു. ജീവിത പരിസരങ്ങളെ എളുപ്പമാക്കുക എന്നതാണ് ഡിജിറ്റല്‍ ലോകം മുന്നോട്ട് വയ്ക്കുന്ന പ്രധാന ആശയം. എന്നാല്‍ ഇതിനൊപ്പം വളരുന്ന ഒന്നാണ് സാങ്കേതിക വിദ്യയുടെ ദൂഷ്യവശങ്ങള്‍.
മുതിർന്നവരേക്കാൾ കുട്ടികളെയാണ് ഈ സാങ്കേതിക വിദ്യകൾ സ്വാധീനിക്കുന്നത്. മുതിർന്നവരിൽ നിന്ന് വ്യത്യസ്തമായി കുട്ടികളുടെ വളർച്ച ആരംഭിക്കുന്നത് തന്നെ ഏറ്റവും പുതിയ ജീവിത ശൈലികളിലൂടെയാണ്. അതിൽ പ്രധാനം മൊബൈൽ ഫോണിന്റെ ഉപയോഗമാണ്. ചെറിയ കുട്ടികള്‍ പോലും ഫോണും ഇന്റർനെറ്റും അനായാസം ഉപയോഗിക്കുന്നത് നമുക്ക് ചുറ്റും കാണാം.
എന്നാൽ അതിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ കുട്ടികള്‍ തിരിച്ചറിഞ്ഞ് കൊള്ളണമെന്നില്ല. അവരുടെ വളർച്ചയെയും സ്വഭാവ രുപീകരണത്തിനെയും മോശമായി ബാധിക്കാൻ തക്ക കഴിവുള്ള സ്വാധീനം ഇന്റർനെറ്റും ഫോണും ചെലുത്തുന്നു. വിരൽത്തുമ്പിൽ തുറന്ന് ലഭിക്കുന്ന വലിയ മായിക ലോകം അവരിലെ ജിജ്ഞാസ വര്‍ധിപ്പിക്കുന്നു. ഇത് തിരിച്ചറിഞ്ഞ് കൃത്യ സമയത്ത് മതിയായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കേണ്ടത് മുതിർന്നവരാണ്.
സൈബർ ലോകത്തെ അപകടങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാം ?
നല്ല ഉപയോഗമാണ് വേണ്ടത്
നിലവിൽ നമ്മൾ ഉപയോഗിക്കുന്ന സമൂഹ്യ മാധ്യമങ്ങളും ഇന്റർനെറ്റ് സൗകര്യങ്ങളും ഒന്നും നമുക്ക് ദോഷകരമല്ല. എന്നാൽ ശ്രദ്ധയോടെ ഇവ ഉപയോഗിക്കാതിരിക്കുമ്പോഴാണ് ഇവ ദോഷമായി മാറുന്നത്. അതിനാൽ സ്ക്രീൻ സമയത്തിന് ന്യായമായ പരിധികൾ നിശ്ചയിക്കുക.
ലഭ്യമായതും സുരക്ഷിതമായ ആപ്പുകൾ വഴി രക്ഷകർതൃ നിയന്ത്രണം നടത്തുക. കുട്ടികളെ ഉപദ്രവിക്കാതെ അവരെ നിയന്ത്രണത്തിൽ നിർത്തുക. വിദ്യാഭ്യാസ ആപ്പുകൾ, ക്രിയേറ്റീവ് പ്രോജക്റ്റുകൾ, സ്കിൽ ഡെവലപ്മെന്റ് ഗെയിമുകൾ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഉയർന്ന നിലവാരമുള്ള ഡിജിറ്റൽ പര്യവേക്ഷണങ്ങൾ വളർത്തിയെടുക്കുക വഴി ഉത്പാദന ക്ഷമമായ രീതിയിൽ സാങ്കേതിക വിദ്യ ഉപയോഗിക്കുക.
ചതിക്കുഴികളെ ക്കുറിച്ച് സംസാരിക്കുക
ഇന്റെർനെറ്റിന്റെ ഉപയോഗത്തോടൊപ്പം അതിന്റെ ചതിക്കുഴികളും മനസിലാക്കി കൊടുക്കുക. ഇൻറർനെറ്റിൽ കാണുന്ന കാര്യങ്ങൾ വിമർശനാത്മകമായി വിലയിരുത്താൻ കുട്ടിക്ക് സാധിക്കണം. വിശ്വസിനീയമായ ഉറവിടങ്ങൾ, കൃത്രിമ ഉള്ളടക്കം എന്നിവ തിരിച്ചറിയാൻ പഠിപ്പിക്കാം. കാഴ്ചപ്പാടുകളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാന്‍ കുട്ടികളെ സഹായിക്കാം. കാണുന്ന കാര്യങ്ങൾ സമ്പൂർണ്ണമായി വിശ്വസിക്കുന്നതിന് പകരം അവയെ ചോദ്യം ചെയ്യാൻ പ്രാപ്തരാക്കുക. ഉള്ളടക്കം രക്ഷാകർതൃ നിരീക്ഷണം സാധ്യമാക്കുന്ന ആപ്പുകൾ ഇക്കാര്യത്തിൽ സഹായകമാണ്.
തുറന്ന സംഭാഷണങ്ങൾ നടത്തുക
കുട്ടികൾക്ക് എന്തും തുറന്ന് സംസാരിക്കാൻ നല്ല ഒരു അന്തരീക്ഷം വളർത്തിയെടുക്കുക. തുറന്ന സ്പേസ് മാതാപിതാക്കൾക്കും കുട്ടികൾക്കും ഇടയിൽ ഉണ്ടാക്കുക. ചോദ്യം ചെയ്യൽ ജിജ്ഞാസയായി വളർത്തിയെടുക്കുക. അവരുടെ പുതിയ കണ്ടുപിടുത്തങ്ങൾ, സംശയങ്ങൾ, ആശയക്കുഴപ്പങ്ങൾ, താല്പര്യമുണർത്തുന്ന ആപ്പുകൾ, വെബ്‌സൈറ്റുകൾ എന്നിവയെ ക്കുറിച്ച് ചോദിച്ച് അറിയാം. ഇത്തരത്തിൽ സാങ്കേതിക വിദ്യകളെ കുറിച്ചുള്ള സംഭാഷണം സാധാരണമാക്കുക. സൈബർ ഭീഷണി പോലുള്ള പ്രശ്‍നങ്ങൾ ഉണ്ടായാൽ അവർക്ക് ആവശ്യമായ പിന്തുണ നൽകുക.
ശ്രദ്ധപൂർവമായ ഉപയോഗം പഠിപ്പിക്കുക
ഉള്ളടക്കങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്താൻ കുട്ടികളെ പ്രേരിപ്പിക്കുക. ഈ ആത്മപരിശോധന അവബോധം വർധിപ്പിക്കുകയും ശ്രദ്ധാപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്താൻ സഹായിക്കുകയും ചെയ്യുന്നു. നെഗറ്റീവ് സ്‌പെയ്‌സുകളിൽ നിന്ന് വിട്ടുനിൽക്കുക, ആപ്പുകൾ പരിമിതപ്പെടുത്തുക, ഇടക്ക് ഫോണിൽ നിന്ന് മാറി സമയം ചിലവഴിക്കാൻ പ്രോത്സാഹിപ്പിക്കുക എന്നതും ഇതിന്റെ ഭാഗമാണ്. സാമൂഹ്യ മാധ്യമങ്ങളുടെ മോശം വശങ്ങൾ മനസിലാക്കാൻ അവർക്ക് ആവശ്യമായ പിന്തുണ നൽകുക. ഇമോഷണൽ ഇന്റലിജൻസ് വളർത്തുക എന്നതും പ്രധാനമാണ്. വൈകാരികമായി ചിന്തിക്കാനും കുട്ടികളെ പ്രാപ്തരാക്കുക.