രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂട് മാറുന്നവരേറി വരികയാണ്. മതിയായ ചാര്‍ജിങ് പോയിന്റുകള്‍ ഇല്ലാത്തത് പലപ്പോഴും ദൂരയാത്രകള്‍ക്ക് ഇവയെ ആശ്രയിക്കാതിരിക്കാൻ പലരേയും പ്രേരിപ്പിക്കാറുണ്ട്. ചാര്‍ജ് ചെയ്യാന്‍ അധിക സമയമെടുക്കുന്നുവെന്നതും പിന്തിരിപ്പിക്കുന്ന ഘടകമാണ്. എന്നാല്‍, ഇവയ്‌ക്കെല്ലാമൊരു പരിഹാരമാണ് വയര്‍ലെസ് ചാര്‍ജിങ്.
ഇ വി ചാര്‍ജിങ് സൗകര്യം ലോകമെമ്പാടും വിപുലീകരിക്കുകയെന്ന ഉദ്ദേശത്തോടെ വയര്‍ലെസ് ചാര്‍ജിങ് എന്ന ആശയവുമായി യുഎസ് ആസ്ഥാനമായുള്ള 'വൈട്രിസിറ്റി' എന്ന കമ്പനി രംഗത്തുവന്നിരിക്കുകയാണ്.
വയര്‍ലെസ് ചാര്‍ജിങ് സ്റ്റേഷനുകളും വയര്‍ലെസ് ചാര്‍ജിങിനെ പിന്തുണയ്ക്കുന്ന വിധത്തില്‍ ഇലക്ട്രിക് കാറുകളില്‍ നിര്‍മിക്കാവുന്ന സാങ്കേതിക വിദ്യയും വൈട്രിസിറ്റി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
കമ്പനി അടുത്തിടയ്ക്ക് പങ്കുവച്ച വീഡിയോയില്‍, ഒരു ടെസ്ല മോഡല്‍ 3 ഇവി 2018 മോഡല്‍ ഒരു വൈട്രിസിറ്റി പബ്ലിക് ചാര്‍ജറിന് മുന്നില്‍ പാര്‍ക്ക് ചെയ്യുന്നതും വയര്‍ ഉപയോഗിക്കാതെ തന്നെ ചാര്‍ജ് ചെയ്യുന്നതും കാണാം. മോഡല്‍ 3 ന് വയര്‍ലെസ് ചാര്‍ജിങ് സൗകര്യം ഇല്ലാതിരുന്നിട്ടും വൈട്രിസിറ്റിയുടെ പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇവ ചാര്‍ജ് ചെയ്യുന്നത് കാണാം.
വീഡിയോയില്‍ ഒരു ചാര്‍ജിങ് പോയിന്റിന് മുമ്പിൽ നിലത്തായി ഒരു സമചതുരത്തിലുള്ള പാഡ് സ്ഥാപിച്ചിരിക്കുന്നത് കാണാം. വൈട്രിസിറ്റി വികസിപ്പിച്ചെടുത്ത വയര്‍ലെസ് ചാര്‍ജിങ് ടെക്‌നോളജി, ഒരു ചാര്‍ജിങ് പോയിന്റില്‍ നിന്ന് ഇവിയിലേയ്ക്ക് വൈദ്യുതി കൈമാറ്റം ചെയ്യുന്നതിന് മാഗ്നെറ്റിക്ക് റെസൊണന്‍സ് ഉപയോഗിക്കുന്നു.
ഇതിനായി രണ്ട് റെസൊണേറ്റര്‍ ഉപകരണങ്ങളാണുള്ളത്. ഒരു സോഴ്‌സ് റെസൊണേറ്റര്‍ (നിലത്ത് സ്ഥാപിച്ചിരിക്കുന്ന ചാര്‍ജിങ് പാഡ്), ഒരു ഡിവൈസ് റെസൊണേറ്റര്‍ (ഇവിയില്‍ നിര്‍മിച്ചിരിക്കുന്നത്) എന്നിവയാണവ. ഈ രണ്ട് സിസ്റ്റങ്ങളുടെയും സ്വാഭാവിക ഫ്രീക്വൻസി (ആവൃത്തികള്‍) ഏകദേശം തുല്യമാകുമ്പോഴാണ് റെസോണന്റ് കപ്ലിങ് നടക്കുന്നത്. തുടർന്ന് ഇതുവഴി കാറിലെയും ചാര്‍ജിങ് സ്‌റ്റേഷനിലെയും പ്രത്യേകം രൂപകല്‍പ്പന ചെയ്ത മാഗ്‌നറ്റിക് റെസൊണേറ്ററുകള്‍ തമ്മില്‍ വൈദ്യുതി കൈമാറുകയും കാർ ചാർജ് ആകുകയും ചെയ്യുന്നു.
ഇതിന് സ്മാര്‍ട്ട്‌ഫോണുകളുടെ വയര്‍ലെസ് ചാര്‍ജിങ്ങുമായി സാമ്യം തോന്നുമെങ്കിലും അവയേക്കാള്‍ കാര്യക്ഷമമാണ് വൈട്രിസിറ്റിയുടെ ചാർജിങ് സാങ്കേതിക വിദ്യ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഫാസ്റ്റ് ചാര്‍ജിങ് ഫെസിലിറ്റിയാണ് മറ്റൊരു പ്രത്യേകത.
ചാര്‍ജിങ്ങിന് മറ്റ് ഉപകരണങ്ങളുടെ സഹായം വേണ്ടാത്തതിനാല്‍ അതുവഴിയുണ്ടാകാവുന്ന കോടുപാടുകളും അറ്റകുറ്റപ്പണികളും ഒഴിവാക്കാം. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാം, കുറഞ്ഞ യൂട്ടിലിറ്റി ചെലവ്, വര്‍ധിച്ച സുരക്ഷ എന്നിവയും വയര്‍ലെസ് ചാര്‍ജിങ്ങിന്റെ പ്രയോജനങ്ങളാണ്. വരാനിരിക്കുന്ന ഇവി മോഡലുകളില്‍ പുതിയ സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് വൈട്രിസിറ്റിയിപ്പോൾ.