കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ മാനവ വിഭവശേഷിക്ക് പകരം നിര്‍മിത ബുദ്ധിയിലേക്ക് ചുവടുമാറ്റാനൊരുങ്ങി അമേരിക്കന്‍ ടെക് ഭീമന്മാരായ ഐബിഎം. വിവിധ മേഖലകളില്‍ നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് കമ്പനി. അഞ്ച് വര്‍ഷത്തിനകം ഏകദേശം 7,800 ജീവനക്കാര്‍ക്ക് പകരം നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള പ്രവര്‍ത്തനത്തിലേക്ക് മാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ആമസോണ്‍ ഉള്‍പ്പെടെ പ്രമുഖരായ പല കമ്പനികളിലും മാനവവിഭവ ശേഷിക്ക് പകരം നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തി തുടങ്ങിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഐബിഎമ്മിന്റെ ചുവടുമാറ്റം. ചെലവുകള്‍ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഈ വര്‍ഷം ആദ്യം ഐബിഎം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ഏകദേശം 30 ശതമാനം മേഖലയും നിര്‍മിത ബുദ്ധിയുടെ സഹായത്താല്‍ മുന്നോട്ട് പോകാനാകുമെന്നാണ് ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ വ്യക്തമാക്കിയത്. ഐബിഎമ്മിന് നിലവില്‍ 26,000 ജീവനക്കാരാണുള്ളത് .
3900-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുന്നുമെന്ന് നേരത്തെ ഐബിഎം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഐടി സേവന ബിസിനസ്സായ കൈന്‍ഡ്രൈല്‍ ഹോള്‍ഡിങ്‌സ്, വാട്‌സണ്‍ ഹെല്‍ത്ത് എന്നിവയില്‍ നിന്നായിരുന്നു പിരിച്ചുവിടലിന് തുടക്കമിട്ടത്.
ആസ്തി വിറ്റഴിക്കലിന്റെ ഭാഗമായിരുന്നു തൊഴിലാളികളെ പിരിച്ചുവിടാനുള്ള തീരുമാനം. പ്രതീക്ഷിച്ച വാര്‍ഷിക വരുമാനം നേടാനാകാത്തതും പിരിച്ചുവിടലിന് കാരണമായി. ഐബിഎമ്മിന്റെ 2022-ലെ വാര്‍ഷിക വരുമാനം 9.3 ബില്യണ്‍ ഡോളറായിരുന്നു. 10 ബില്യണ്‍ ഡോളര്‍ നേടാനായിരുന്നു കമ്പനി ലക്ഷ്യം വച്ചിരുന്നത്. ഐബിഎമ്മിന്റെ ഓഹരികളിലും ഇടിവ് സംഭവിച്ചിരുന്നു.