അനേകം മനുഷ്യരെ കൊല്ലാൻ കഴിയുന്ന തരത്തിൽ നിർമിത ബുദ്ധി രണ്ട് വർഷത്തിനുള്ളിൽ ശക്തമാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സാങ്കേതികകാര്യ ഉപദേഷ്ടാവ്. ചാറ്റ് ജിപിടി, ഗൂഗിളിന്റെ ബാർഡ് പോലുള്ള എഐ മോഡലുകളെ കുറിച്ച് ഗവേഷണം നടത്തുന്ന സർക്കാരിന്റെ ഫൗണ്ടേഷൻ മോഡൽ ടാസ്‌ക്‌ഫോഴ്‌സിന് നേതൃത്വം നൽകുന്ന വ്യക്തി കൂടിയാണ് മാറ്റ് ക്ലിഫ്‌ഫോഡ്.
ഒരു ടെലിവിഷന് നൽകിയ അഭിമുഖത്തിലായിരുന്നു ക്ലിഫ്‌ഫോഡിന്റെ പ്രതികരണം. നിരവധി മരണങ്ങൾക്ക് കാരണമായേക്കാവുന്ന സൈബർ, ജൈവ ആയുധങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ് നിർമിതബുദ്ധിക്കുണ്ട്. എഐ നിർമ്മാതാക്കൾക്ക് മേൽ ആഗോള തലത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ മനുഷ്യ പരിമിതികൾക്കുള്ളിൽ നിൽക്കാത്ത രീതിയിൽ "വളരെ ശക്തമായ" സംവിധാനങ്ങളായി ഇവ മാറാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
"നിരവധി അപകടസാധ്യതകൾ എഐയിലുണ്ടെന്ന് ഞാൻ കരുതുന്നു. വ്യവസായങ്ങളിൽ പലപ്പോഴും നമ്മൾ സമീപകാല, ദീർഘകാല അപകടസാധ്യതകളെക്കുറിച്ച് സംസാരിക്കാറുണ്ട്. സമീപകാലത്ത് നടക്കാനിരിക്കുന്ന അപകടസാധ്യതകൾ യഥാർത്ഥത്തിൽ വളരെ ഭയാനകമാണ്. പുതിയതരം ജൈവായുധങ്ങൾ നിർമിക്കാനും സൈബർ ആക്രമണങ്ങൾ നടത്തുന്നതിനും നിർമിത ബുദ്ധി ഉപയോഗിക്കാൻ കഴിയും" ഋഷി സുനക്കിന്റെ ഉപദേഷ്ടാവ് പറഞ്ഞു.
മഹാമാരിയും ആണവായുധവും പോലുള്ള അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുംപോലെ തന്നെ സാങ്കേതികവിദ്യയുടെ അപകടസാധ്യതകൾ കൈകാര്യം ചെയ്യണമെന്ന വിദഗ്ധരുടെ നിർദേശം അടുത്തിടെ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ക്ലിഫ്‌ഫോഡിന്റെ മുന്നറിയിപ്പുണ്ടാകുന്നത്. മനുഷ്യരേക്കാൾ കൂടുതൽ ബുദ്ധിശക്തിയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിക്കാൻ ശ്രമിച്ചാൽ, അതിനെ നിയന്ത്രിക്കാൻ സാധ്യമാകാതെ വരും. എന്നിരുന്നാലും, നിർമിത ബുദ്ധി ശരിയായ രീതിയിൽ ഉപയോഗിക്കുകയാണെങ്കിൽ നല്ല ഫലം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.