TECHNOLOGY

വേഗതയുടെ പുതുയുഗത്തിലേക്ക് ചുവടുവച്ച് ഇന്ത്യ: 5 ജി സ്പെക്ട്രം ലേലത്തിന് തുടക്കം

4 -ജിയേക്കാൾ പത്ത് മടങ്ങും 3 -ജിയേക്കാൾ 30 മടങ്ങും വേഗതയുള്ളതായിരിക്കും 5ജി സാങ്കേതികവിദ്യ

വെബ് ഡെസ്ക്

2-ജിയും 3-ജിയും 4-ജിയും കടന്ന് നെറ്റ് വർക്കിങ് മേഖലയിലെ പുതിയ യുഗത്തിനാണ് 5-ജി സ്പെക്ട്രം ലേലത്തിലൂടെ തുടക്കമാകുക. ഇന്ത്യയിലെ എക്കാലത്തെയും വലിയ സ്പെക്ട്ര ലേലമാണ്. ടെലികോം ഭീമന്മാരായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ, അദാനി ഗ്രൂപ്പ് എന്നിവരാണ് ലേലത്തിന്റെ ഭാഗമാവുക. ജൂണിലായിരുന്നു കേന്ദ്ര ക്യാബിനറ്റ് 5-ജി സ്പെക്ട്രം ലേലത്തിനുള്ള അനുമതി നൽകിയത്.

4 കമ്പനികൾ മാത്രം പങ്കെടുക്കുന്നത് കൊണ്ട് വാശിയേറിയ ലേലം ഉണ്ടാകാൻ സാധ്യതയില്ല. സ്പെക്ട്രം ബാന്റുകളുടെ ആവശ്യകതയും കമ്പനികളുടെ നീക്കങ്ങളെയും ആശ്രയിച്ചാകും ലേലത്തിന്റെ ദിവസങ്ങൾ തീരുമാനിക്കപ്പെടുക. ലേലത്തിന് മുന്നോടിയായി ദില്ലി വിമാനത്താവളം, ബെഗളൂരു മെട്രോ, കാണ്ട്‍ല തുറമുഖം, ഭോപ്പാല്‍ എന്നിവടങ്ങളിൽ ട്രായി (TRAI) 5-ജി പരീക്ഷണം നടത്തിയിരുന്നു.

4-ജിയേക്കാൾ പത്ത് മടങ്ങും 3-ജിയേക്കാൾ 30 മടങ്ങും വേഗതയുള്ളതായിരിക്കും 5ജി സാങ്കേതികവിദ്യ. 4-ജിയിൽ 40 മിനിറ്റ് കൊണ്ട് ഡൌൺലോഡ് ചെയ്യാൻ പറ്റുന്ന സിനിമ 5ജി ഉപയോഗിച്ച് 35 സെക്കൻഡിൽ ഡൗണ്‍ലോഡ്‌ ചെയ്യാം. മാളുകൾ പോലെയുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ മൊബൈൽ നെറ്റ് വർക്കിന്റെ വേഗത കുറയുന്ന പ്രശ്നങ്ങൾ 5-ജിയുടെ വരവോടെ ഇല്ലാതാകും. കൂടിയ ബാൻഡ്‌വിഡ്ത്ത് ഉള്ളതിനാല്‍ വീഡിയോ സ്ട്രീമിംഗ് വേഗത ഗണ്യമായി ഉയരും. കൂടാതെ, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി വീഡിയോകൾ കാണാനും 5-ജി സഹായകമാകും. രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ സാധാരണയായി സ്മാർട്ട് പേയ്‌മെന്റുകൾ കൂടുതൽ വേഗത്തിലും കൃത്യതയോടും നടപ്പിലാവുകയും ചെയ്യും.

ഗൌദം അദാനി

അദാനി ഗ്രൂപ്പിന്റെ വരവ്

എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു അദാനി ഗ്രൂപ്പിന്റെ ടെലികോം രംഗത്തേയ്ക്കുള്ള കടന്ന് വരവ്. ഇത് ലേലത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്ന ഒരു ഘടകമാണ്. സ്വകാര്യ ക്യാപ്റ്റീവ് 5-ജി നെറ്റ്‌വർക്ക് (ഒരു സ്ഥാപനത്തിന്റെ ഉപയോഗത്തിനായി സ്ഥാപനം സജ്ജീകരിക്കുന്ന നെറ്റ്‌വർക്ക്) സ്വന്തമാക്കുന്നതിന് വേണ്ടിയാണ് ലേലത്തിൽ പങ്കടുക്കുന്നത് എന്നാണ് അദാനി ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. അദാനിയുടെ കീഴിലുള്ള തുറമുഖങ്ങളും, വിമാനത്താവളങ്ങളും മറ്റ് വ്യവസായിക ശൃംഖലകളെയും തമ്മിൽ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.

ലേലം എങ്ങനെ?

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ, അദാനി ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ അദാനി ടാറ്റ നെറ്റ് വർക്സ് എന്നിവരാണ് മത്സര രംഗത്തുള്ളത്. നാല് കമ്പനികളും ചേർന്ന് ഇ എം ഡി ( ഏണസ്റ്റ് മണി ഡേപ്പോസിറ്റ്) തുകയായി 21800 കോടി രൂപയാണ് ലേലത്തിൽ നിക്ഷേപിച്ചിരിക്കുന്നത്. 5-ജി ലേലത്തിൽ നിന്ന് 70,000 കോടി മുതൽ ഒരു ലക്ഷം കോടി വരെയാണ് പ്രതീക്ഷിക്കുന്നത്.

  • റിലയൻസ് ജിയോ - 14,000 കോടി രൂപ

  • ഭാരതി എയർടെൽ - 5,500 കോടി

  • വോഡഫോൺ ഐഡിയ - 2,200 കോടി

  • അദാനി ഗ്രൂപ്പ് - 100 കോടി

4.3 ലക്ഷം കോടി രൂപയാണ് ആകെ മൂല്യമുള്ള 72 ഗിഗാ ഹെർട്സിന്റെ ലേലമാണ് നടക്കുന്നത്. 20 വർഷത്തെ കാലാവധിയിൽ 600 MHz, 700 MHz, 800 MHz, 900 MHz, 1,800 MHz, 2,100 MHz, 2,300 MHz, 3,300 എംഎസ്, 26 GHz എന്നീ ഫ്രീക്വൻസി ബാൻഡുകളിലുള്ള സ്പെക്‌ട്രങ്ങളാണ് ലേലത്തിലുള്ളത്. മിഡ്, ഹൈ ബാൻഡ് സ്പെക്ട്രങ്ങൾ സ്വന്തമാക്കുന്നതിലാകും കമ്പനികളുടെ കൂടുതൽ ശ്രദ്ധ. നെറ്റ്‌വർക്ക് കവറേജ് കൂടുതൽ ശക്തിപ്പെടുത്താൻ ഈ ബാൻഡുകൾ ഓപ്പറേറ്റർമാരെ സഹായിക്കും.

ഏണസ്റ്റ് മണി ഡെപ്പോസിറ്റ് (ഇ എം ഡി)

ലേലത്തിൽ കമ്പനികൾ എത്രത്തോളം സ്പെക്ട്രങ്ങൾ സ്വന്തമാക്കാൻ സാധ്യതയുണ്ടെന്ന സൂചന നൽകുന്നതാണ് ഏണസ്റ്റ് മണി ഡെപ്പോസിറ്റ്. ഇ.എം.ഡി തുക അനുസരിച്ച് യോഗ്യതാ പോയിന്റുകൾ നൽകിയിട്ടുമുണ്ട്.

  • റിലയൻസ് ജിയോ- 1,59,830

  • ഭാരതി എയർടെൽ- 66,330,

  • വൊഡാഫോൺ ഐഡിയ- 29,370.

  • അദാനി ടാറ്റ നെറ്റ് വർക്സ് - 1,650

ഏറ്റവും കൂടുതൽ യോഗ്യത പോയിന്റുകളുള്ള റിലയൻസ് ജിയോയും അദാനി ഗ്രൂപ്പും തമ്മിൽ വലിയ വ്യത്യാസമുള്ള കൊണ്ട് തന്നെ അദാനി ഗ്രൂപ്പിന്റെ ടെലികോം രംഗത്തേക്കുള്ള ശക്തമായ കടന്ന് വരവിന് സാധ്യതയില്ല. നിലവിലെ യോഗ്യത പോയിന്റുകൾ ഉപയോഗിച്ച് 700 കോടി രൂപ വരെ മൂല്യമുള്ള സ്പെക്ട്രം അദാനി ഗ്രൂപ്പിന് സ്വന്തമാക്കാനാകുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.

പാലക്കാട് സി കൃഷ്ണകുമാറിന്റെ മുന്നേറ്റം, ലീഡ് ആയിരം കടന്നു | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആത്മവിശ്വാസത്തില്‍ ഇന്ത്യ മുന്നണി| Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ