TECHNOLOGY

ഐഫോൺ 16 നിരോധിച്ച് ഇന്തോനേഷ്യ; ഉപയോഗിക്കുന്നത് നിയമവിരുദ്ധം, കാരണം ഇതാണ്

ആപ്പിൾ സിഇഒ ടിം കുക്ക് ഏപ്രിൽ മാസം ജക്കാർത്ത സന്ദർശിക്കുകയും പ്രസിഡൻ്റ് ജോക്കോ വിഡോഡോയുമായി ഉൽപ്പാദന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു

വെബ് ഡെസ്ക്

ആപ്പിൾ ഐഫോൺ 16 രാജ്യത്ത് വിൽക്കുന്നതും ഉപയോഗിക്കുന്നതും വിലക്കി ഇന്തോനേഷ്യ. ഇന്തോനേഷ്യയിൽ പ്രവർത്തിക്കുന്ന എല്ലാ ഐഫോൺ 16 മോഡലുകളും നിയമവിരുദ്ധമാണെന്ന് വ്യവസായ മന്ത്രി അഗസ് ഗുമിവാങ് കർതാസസ്മിത പ്രഖ്യാപിച്ചു. വിദേശത്തുനിന്ന് ഫോൺ വാങ്ങുന്നതിനെതിരെ ഉപയോക്താക്കൾക്കു മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

"ഇന്തോനേഷ്യയിൽ പ്രവർത്തിക്കാൻ കഴിയുന്ന ഒരു ഐഫോൺ 16 ഉണ്ടെങ്കിൽ, അത് നിയമവിരുദ്ധമാണെന്ന് എനിക്ക് പറയാൻ കഴിയും. അത് ഞങ്ങൾക്ക് റിപ്പോർട്ട് ചെയ്യൂ," കർതാസസ്മിത ഉപയോക്താക്കൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. ഫോണിന് ഇൻ്റർനാഷണൽ മൊബൈൽ എക്യുപ്‌മെൻ്റ് ഐഡൻ്റിറ്റി (IMEI) സർട്ടിഫിക്കേഷൻ നൽകിയിട്ടില്ലെന്നും ഇന്തോനേഷ്യൻ സർക്കാർ വ്യക്തമാക്കി. നിരോധനത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ് ഈ നീക്കം.

ഇന്തോനേഷ്യയിൽ ആപ്പിളിൻ്റെ നിക്ഷേപങ്ങൾ പൂർത്തിയാക്കാത്തതാണ് നിരോധനത്തിനുപിന്നിലെന്നാണു വിവിധ ഇന്തോനേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1.71 ട്രില്യൺ റുപിയ(ഇന്തോനേഷ്യൻ കറൻസി)യുടെ നിക്ഷേപമാണ് ആപ്പിൾ ഇന്തോനേഷ്യയിൽ വാഗ്ദാനം ചെയ്തിരുന്നത്. ഇതിൽ 1.48 ട്രില്യൺ റുപിയ (95 മില്യൺ ഡോളർ) നിക്ഷേപിച്ചെങ്കിലും 230 ബില്യൺ റുപിയ (14.75 മില്യൺ ഡോളർ) ബാക്കിയാണ്.

"ഐഫോൺ 16നു വ്യവസായ മന്ത്രാലയം ഇതുവരെ പെർമിറ്റ് നൽകിയിട്ടില്ല. കാരണം ആപ്പിൾ തീർക്കേണ്ട ബാധ്യതകൾ ഇപ്പോഴും ബാക്കിയുണ്ട്," കർത്താസസ്മിതയുടെ ഓഫീസ് വ്യക്തമാക്കി. ഈ മാസം ആദ്യവും ഇതേസംബന്ധിച്ച ചില സൂചനകൾ മന്ത്രിയുടെ ഓഫീസിൽനിന്ന് നൽകിയിരുന്നു.

"ആപ്പിളിൻ്റെ ഐഫോൺ 16 ഇന്തോനേഷ്യയിൽ വിൽക്കാനുള്ള അനുമതി ഇതുവരെ നൽകിയിട്ടില്ല. കാരണം ടികെഡിഎൻ സർട്ടിഫിക്കേഷൻ്റെ വിപുലീകരണം ഇപ്പോഴും തീർച്ചപ്പെടുത്തിയിട്ടില്ല. ആപ്പിളിൽ നിന്നുള്ള കൂടുതൽ നിക്ഷേപത്തിനായി കാത്തിരിക്കുന്നു, " അദ്ദേഹം ഒരുമാസം മുൻപേ ചൂണ്ടിക്കാട്ടി.

ടികെഡിഎൻ (ആഭ്യന്തര ഘടക തലം) സർട്ടിഫിക്കേഷന് കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾ ഇന്തോനേഷ്യയിൽ വിൽക്കുന്നതിന് 40 ശതമാനം പ്രാദേശിക ഉള്ളടക്ക മൂല്യം പാലിക്കേണ്ടതുണ്ട്. രാജ്യത്ത് ആപ്പിൾ അക്കാദമികൾ എന്നറിയപ്പെടുന്ന ഗവേഷണ വികസന സൗകര്യങ്ങൾ സ്ഥാപിക്കാനുള്ള ആപ്പിളിന്റെ ആവശ്യവുമായി ഈ സർട്ടിഫിക്കേഷൻ പ്രക്രിയയ്ക്ക് ബന്ധമുണ്ട്.

ആപ്പിൾ സിഇഒ ടിം കുക്ക് ഏപ്രിൽ മാസം ജക്കാർത്ത സന്ദർശിക്കുകയും പ്രസിഡൻ്റ് ജോക്കോ വിഡോഡോയുമായി ഉൽപ്പാദന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലം അവഗണിച്ചുകൊണ്ടാണ് ഇന്തോനേഷ്യ നിലവിൽ കടുത്ത തീരുമാനങ്ങളെടുത്തിരിക്കുന്നത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം