ആപ്പിളും ഗൂഗിളും 2024ലെ തങ്ങളുടെ ഫ്ലാഗ്‌ഷിപ്പ് സ്മാർട്ട്ഫോണുകള്‍ വിപണിയിലെത്തിച്ചിരിക്കുകയാണ്. ഐഫോണ്‍ 16 സീരീസും ഗൂഗിള്‍ പിക്‌സല്‍ 9 സീരീസും. ഇതോടെ ഒരിക്കല്‍ക്കൂടി ഐഒഎസൊ ആൻഡ്രോയിഡോ മികച്ചതെന്ന തർക്കം സജീവമായിരിക്കുകയാണ്.
സാധാരണയായി ഐഫോണിന്റെ ലോഞ്ചിന് ശേഷമാണ് ഗൂഗിള്‍ തങ്ങളുടെ സ്മാർട്ട്ഫോണ്‍ വിപണിയിലത്തിക്കാറുള്ളത്. എന്നാല്‍, ഇത്തവണ ആദ്യം തന്നെ ഗൂഗിള്‍ പിക്സല്‍ 9 സീരിസ് പുറത്തിറക്കി. 15 സീരീസുമായി ഡിസൈനില്‍ 16 സീരീസിന് കാര്യമായ വ്യത്യാസങ്ങളില്ല. പക്ഷേ, ഡിസൈനില്‍ ആപ്പിളിനോട് സമാനമായ പുതിയ ബോഡി ഡിസൈനുമായാണ് പിക്‌സലെത്തിയത്.
ബില്‍ഡ് ക്വാളിറ്റിയില്‍ ഇരുഫോണുകളും നിർമ്മിച്ചിരിക്കുന്നത് പ്രീമിയം അനുഭവം സമ്മാനിക്കുന്ന തരത്തിലാണ്. ഐഫോണിന്റെ പിൻഭാഗത്ത് മാറ്റ് ഫിനിഷുണ്ട് എന്നത് മാത്രമാണ് ഒരു പ്രധാന വ്യത്യാസമായി ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നത്. പിക്‌സലിന്റെ പിൻഭാഗത്തിന് ഗ്ലോസി ഫിനിഷാണ് നല്‍കിയിരിക്കുന്നത്.
60 ഹേർട്ട്‌സ് റിഫ്രഷ് റേറ്റോടുകൂടി വരുന്ന 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെയാണ് ഐഫോണ്‍ 16 സീരീസില്‍ വരുന്നത്. 15 സീരീസില്‍ നിന്ന് മാറ്റങ്ങളില്ല. മറുവശത്ത് പിക്‌സലില്‍ 6.3 ഇഞ്ച് ഒഎല്‍ഇഡി സ്ക്രീനാണ് വരുന്നത്. 120 ഹേർട്ട്‌സാണ് റിഫ്രഷ് റേറ്റ്. ഫോണ്‍ വായനയ്ക്കായി ഉപയോഗിക്കുന്നവർക്ക് പിക്‌സലായിരിക്കാം ഉത്തമം.
പ്രകടനം
ആപ്പിളിന്റെ ഏറ്റവും പുതിയ ചിപ്‌സെറ്റായ എ18നാണ് 16 സീരീസില്‍ വരുന്നത്. ഇത് പിക്‌സല്‍ 9ല്‍ വരുന്ന ടെൻസർ ജി4നേക്കാള്‍ വേഗതയുള്ള ചിപ്‌സെറ്റാണ്. പിക്‌സലിനേക്കാള്‍ 40 മുതല്‍ 50 ശതമാനം വരെ കൂടുതല്‍ വേഗതയുണ്ടെന്ന് സാരം.
റാമിന്റെ കാര്യമെടുത്താല്‍ ഇത്തവണ റാം സൈസ് വർധിപ്പിച്ചിട്ടുണ്ടെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കൃത്യമായ സഖ്യ വ്യക്തമല്ല. മറുവശത്ത് 12 ജിബി റാമാണ് പിക്‌സല്‍ 9ല്‍ വരുന്നത്.
512 ജിബിയാണ് ഐഫോണ്‍ 16ന്റെ പരമാവധി സ്റ്റോറേജ്. പിക്‌സല്‍ 9ല്‍ 256 ജിബിയും. ഒരുപാട് വീഡിയോകളും ചിത്രങ്ങളും പകർത്തുന്നവർക്ക് ഐഫോണ്‍ 16 സീരീസായിരിക്കും സ്റ്റോറേജിന്റെ കാര്യത്തില്‍ ഉചിതം.
സോഫ്‌റ്റ്‌വെയറിന്റെ കാര്യത്തിലാണ് പ്രധാന വ്യത്യാസം. ഐഒഎസ് 18 ഔട്ട് ഓഫ് ദ ബോക്സിലാണ് ഐഫോണിന്റെ പ്രവർത്തനം. എന്നാല്‍, ഒരു വർഷത്തോളം പഴക്കമുള്ള ആൻഡ്രോയിഡ് 14നാണ് പിക്‌സലില്‍ വരുന്നത്.
ക്യാമറ, ബാറ്ററി
ഐഫോണ്‍ 16നില്‍ 48 എംപിയാണ് പ്രധാന ക്യാമറ, ഇതിനൊപ്പം 12 എംപി അള്‍ട്രാവൈഡ് സെൻസറും വരുന്നുണ്ട്. പിക്‌സലില്‍ പ്രധാന ക്യാമറ 50 എംപിയും അള്‍ട്രാവൈഡ് ലെൻസ് 48 എംപിയുമാണ്. എല്ലാ സാഹചര്യത്തിലും മികച്ച ചിത്രങ്ങളും വീഡിയോകളും സമ്മാനിക്കാൻ രണ്ട് ഫോണുകള്‍ക്കും സാധിക്കും. വീഡിയോയുടെ കാര്യത്തില്‍ പിക്‌സലിനേക്കാള്‍ മികച്ച് ഔട്ട് നല്‍കാൻ ഐഫോണിന്റെ ക്യാമറയ്ക്ക് സാധിക്കും.
ഐഫോണ്‍ 16ന്റെ ബാറ്ററി 3,561 എംഎഎച്ചാണ്. പിക്സലിന്റെ ബാറ്ററി 4,700 എംഎഎച്ചും. ഒരു ദിവസം മുഴുവനായും ചാർജ് നില്‍ക്കുമെന്നാണ് ആപ്പിളിന്റെ അവകാശവാദം. എന്നാല്‍, പിക്‌സലില്‍ ഒരുദിവത്തില്‍ കൂടുതല്‍ ചാർജ് നില്‍ക്കുമെന്ന് ഗൂഗിളും പറയുന്നു. രണ്ട് ഫോണുകളുടെ ബാറ്ററിയും പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാർജാകാൻ ഒരു മണിക്കൂറിലധികം ആവശ്യമാണ്.
ഏത് വാങ്ങിക്കാം?
15 സീരീസില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെയാണ് 16 എത്തിയിരിക്കുന്നത്. പിക്‌സല്‍ 9ല്‍ നിരവധി മാറ്റങ്ങളുണ്ട്, പ്രത്യേകിച്ചും ക്യാമറ, ഡിസൈൻ, ചിപ്‌സെറ്റ് എന്നിവയില്‍. നിങ്ങള്‍ നിലവിലൊരും ഐഫോണ്‍ 14 ഉപയോക്താവാണെങ്കില്‍ 16നിലേക്ക് മാറുന്നതില്‍ തെറ്റില്ല. 15 ഉപയോക്താവണെങ്കില്‍ ഉപയോഗത്തില്‍ വലിയ മാറ്റങ്ങള്‍ അനുഭവപ്പെടില്ല.
മികച്ച ഡിസൈനും സവിശേഷതകളും ക്യാമറകളുള്ള ആൻഡ്രോയിഡ് ഫോണാണ് നിങ്ങള്‍ നോക്കുന്നതെങ്കില്‍ പിക്‌സല്‍ 9 അനുയോജ്യമായ തിരഞ്ഞെടുപ്പായിരിക്കും.