മൈക്രോ ബ്ലോഗിങ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം രംഗത്ത് ഇന്ത്യന്‍ സാന്നിധ്യമായിരുന്ന കൂ അടച്ചുപൂട്ടുന്നു. ഒരിക്കല്‍ ട്വിറ്ററിന് ശക്തമായ വെല്ലുവിളിയായിരുന്നു എങ്കിലും വെറും നാല് വര്‍ഷം കൊണ്ട് കൂവിന് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവന്നു. ബെംഗളൂരു ആസ്ഥാനമായ ബോബിനേറ്റ് ടെക്‌നോളജീസ് രൂപം നല്‍കിയ കൂ പ്രവര്‍ത്തനം നിര്‍ത്തുന്നതായി സ്ഥാപകനായ അപ്രമേയ രാധാകൃഷ്ണന്‍ തന്നെയാണ് അറിയിച്ചത്. ലിന്‍കിഡ് ഇന്‍ പോസ്റ്റിലൂടെയാണ് അപ്രമേയ രാധാകൃഷ്ണന്‍ തീരുമാനം അറിയിച്ചത്.
കൂവിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പ്ലാറ്റ് ഫോം നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടതോടെയാണ് അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്. നേരത്തെ കൂ 585 കോടി രൂപ സമാഹരിച്ചതായും മൂല്യം 2,255 കോടിയിലെത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 2020ല്‍ സ്ഥാപിതമായ കൂ ലാഭകരമാക്കുന്നതിനായി ഇനിയും അഞ്ച് അല്ലെങ്കില്‍ ആറ് വർഷത്തെ ശ്രമം ആവശ്യമാണെന്നും സഹസ്ഥാപകർ പറയുന്നു.
കൂവിന് ഏറ്റവുമധികം സ്വീകാര്യതയുണ്ടായിരുന്ന സമയത്ത് പ്രതിദിനം 21 ലക്ഷത്തിലധികം സജീവ ഉപയോക്താക്കളും പ്രതിമാസം ഒരു കോടിയിലധികം ഉപയോക്താക്കളുമുണ്ടായിരുന്നതായാണ് റിപ്പോർട്ടുകള്‍. കേന്ദ്ര മന്ത്രിമാരുള്‍പ്പെടെയുള്ള ഒൻപതിനായിരത്തിലധികം പ്രശസ്തരും കൂവിന്റെ ഭാഗമായിരുന്നു.
ലൈക്ക് അനുപാദത്തില്‍ സമൂഹമാധ്യമമായ എക്സിനേക്കാള്‍ (അന്നത്തെ ട്വിറ്റർ) ഏഴ് മടങ്ങ് മുന്നിലായിരുന്നു കൂ. ബ്രീസിലില്‍ 2022ലാണ് കൂ ലോഞ്ച് ചെയ്തത്. അന്ന് 48 മണിക്കൂറിനുള്ളില്‍ പത്ത് ലക്ഷത്തിലധികം ഉപയോക്താക്കളെ ലഭിച്ചിരുന്നു.
2022ല്‍ ഇന്ത്യയില്‍ ട്വിറ്ററിനെ മറികടക്കാൻ പ്രാപ്തിയുണ്ടായിരുന്നെന്നും മൂലധനത്തിന്റെ അഭാവമാണ് കാരണമായതെന്നും കമ്പനി സ്ഥാപകർ പറയുന്നു. ഫണ്ടിങ്ങിന്റെ അഭാവമാണ് തകർച്ചയ്ക്കും സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനാകാതെ പോയതിനും കാരണമെന്നും സ്ഥാപകർ കൂട്ടിച്ചേർത്തു. സംരംഭകരായതിനാല്‍ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഉപയോക്താക്കളിലേക്ക് തിരികെയെത്തുമെന്നും അവർ വ്യക്തമാക്കി.