സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി വിടുന്നതായി പ്രഖ്യാപിച്ച് ഇന്ത്യാ മേധാവി മനു കുമാർ ജെയിന്‍. നീണ്ട 9 വർഷത്തിന് ശേഷം ഷവോമിയിൽ നിന്ന് വിടവാങ്ങുന്ന വിവരം മനു ജെയിൻ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഷവോമിക്ക് ആഗോളതലത്തില്‍ വിജയം ആശംസിച്ചുകൊണ്ടുള്ള ട്വീറ്റില്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡിന്റെ യാത്രയില്‍ ജെയിന്‍ വഹിച്ച പങ്കും വ്യക്തമാക്കുന്ന കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. വൈകാതെ മറ്റൊരു പുതിയ സംരംഭത്തിന്റെ ഭാഗമാകുമെന്നും അതിന് മുമ്പായി അല്‍പം ഇടവേള അനിവാര്യമാണെന്നും ട്വീറ്റില്‍ പറയുന്നു.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഷവോമിയെ ഇന്ത്യയിലെ നമ്പര്‍ വണ്‍ സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡാക്കിയ ജെയിനിന്റെ തുടര്‍ന്നുള്ള യാത്രയില്‍ ആശംസകളുമായി ഷവോമിയും രംഗത്തെത്തി. മനു ജെയിൻ ഷവോമിയുടെ വളർച്ചയ്ക്ക് നൽകിയ സംഭാവനകള്‍ക്ക് ഷവോമി ഗ്രൂപ്പ് നന്ദി അറിയിച്ചു.
ഷവോമിയെ ഇന്ത്യയില്‍ നമ്പര്‍ വണ്ണാക്കിയ ജെയിന്‍
ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണി ചൈനീസ് മൊബൈല്‍ കമ്പനികള്‍ അടക്കി വാഴുന്ന കാലത്താണ് ഷവോമിയുടെ വരവ്. അറിയപ്പെടാത്ത നൂറില്‍പ്പരം സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നായി നിന്ന ഷവോമിയെ ഇന്ത്യയിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡാക്കുന്നതില്‍ മനു ജെയിന്‍ എന്ന വ്യക്തിയുടെ പങ്ക് വളരെ വലുതാണ്. ഷവോമിയെന്ന് കേട്ടു പരിചയം പോലുമില്ലാത്ത ഇന്ത്യക്കാര്‍ക്കിടയില്‍ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുക എന്നത് എളുപ്പമായിരുന്നില്ല.
ചെറിയ ഒരു ഓഫിസിലായിരുന്നു ഷവോമിയുടെ തുടക്കം. വളരെ കുറച്ച് ജീവനക്കാർ. സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മുന്‍ പരിചയം ഇല്ലാതിരുന്നത് കൊണ്ട് തന്നെ മനു ജെയിനും ഷവോമിക്കും ആദ്യത്തെ കുറച്ച് വര്‍ഷങ്ങള്‍ ഉയര്‍ച്ചതാഴ്ചകളുടേത് ആയിരുന്നു. എന്നാല്‍ മനു ജെയിനിന്റെ നേതൃത്വത്തില്‍ ടീമിന്റെ നിരന്തര പ്രയത്‌നത്തിലൂടെയും മൂന്ന് വര്‍ഷത്തിനുള്ളില്‍ ഷവോമിയെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി മാറി. മറ്റ് ബ്രാന്‍ഡുകളെ പോലെ പരസ്യത്തിനായി കോടികള്‍ ചിലവാക്കാതെ തന്നെ ഷവോമി ഇന്ത്യയിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡായി മാറി. വൈകാതെ ടാറ്റാ ഗ്രൂപ്പും ഷവോമിയില്‍ നിക്ഷേപത്തിന് തയ്യാറായി മുന്നോട്ട് വന്നു.
ഷവോമിയുടെ നേട്ടം രാജ്യത്തിന് തന്നെ വലിയ പ്രചോദനമാക്കാന്‍ മനു ജെയിനിന് സാധിച്ചു. ഷവോമിയുടെ സ്മാര്‍ട്ട് ഫോണുകളും സ്മാര്‍ട്ട് ടിവികളും പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ നിര്‍മിക്കാന്‍ തുടങ്ങിയതോടെ 'മേക്ക് ഇന്‍ ഇന്ത്യ' വിപ്ലവത്തിന്റെ ഭാഗമാകാനും ഷവോമിക്കും ജെയിനും സാധിച്ചു. ജെയിനിന്റെ നേട്ടങ്ങള്‍ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ട് സന്ദര്‍ശിക്കുന്നതിന് അവസരം ഒരുക്കി. ഷവോമിയുടെ വളര്‍ച്ച രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ മേഖലയില്‍ 50000 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.
ഇന്ത്യയില്‍ ഷവോമിയുടെ സ്ഥാനം ഉറപ്പിച്ച ജെയിന്‍ ലോക വിപണിയിലും ബ്രാന്‍ഡിന്റെ സാന്നിദ്ധ്യം അറിയിക്കാനൊരുങ്ങി. 2021 ജൂലൈയില്‍ ഷവോമിയുടെ അന്തര്‍ദേശീയ ടീമിന്റെ ഭാഗമായ മനു ഒന്നര വര്‍ഷം കൊണ്ട് ഷവോമിയെ ആഗോള വിപണിയിലും ലാഭത്തിലെത്തിച്ചതിന് ശേഷമാണ് കമ്പനിയില്‍ നിന്ന് പടിയിറങ്ങുന്നത്. ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞാണ് ജെയിന്‍ വിരമിക്കുന്നത്.