നീണ്ട കാത്തിരിപ്പിനൊടുവിൽ ഫെയ്സ്ബുക്ക് മെസഞ്ചര്‍ ആപ്പില്‍ പുതിയ ഡിഫോൾട്ട് എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. വർഷങ്ങളുടെ പ്രയത്നത്തിന് ശേഷമാണ് ഇത് സാധ്യമാകുന്നതെന്നും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ നേരുന്നു എന്നുമാണ് സക്കർബർഗ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചത്.
പുതിയ ഫീച്ചർ അവതരിപ്പിക്കുന്നതോടെ ഒരു വ്യക്തിയുടെ മെസഞ്ചര്‍ ചാറ്റിലെ ഉള്ളടക്കങ്ങൾ അവർക്കും മെസഞ്ചറിൽ സന്ദേശം അയക്കുന്ന വ്യക്തിക്കും മാത്രമേ ഇനിമുതൽ കാണാൻ സാധിക്കൂ.
2016ൽ ആണ് മെറ്റ ആദ്യമായി മെസഞ്ചറില്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഫീച്ചറുകള്‍ പരീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെസഞ്ചർ ഉപഭോക്താക്കള്‍ക്ക് കോളുകളും ഗ്രൂപ്പ് ചാറ്റുകളും എന്റ് ടു എന്റ് എന്‍ക്രിപഷന്‍ അവരുടെ ഇഷ്ടാനുസരണം മാറ്റം വരുത്താനുള്ള ഓപ്ഷൻ മെറ്റ നൽകിയിരുന്നു. എന്നാൽ ഡിഫോൾട്ട് എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ ഫീച്ചർ ഇപ്പോഴാണ് ഉപഭോക്താക്കൾക്കായി മെറ്റ അവതരിപ്പിക്കുന്നത്.
ഈ വർഷമാദ്യം പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചതിന് പിന്നാലെ പുതിയ എന്‍ക്രിപ്ഷന്‍ ഫീച്ചറുകള്‍ മെസഞ്ചര്‍ ആപ്പില്‍ അപ്‌ഗ്രേഡ് ചെയ്യപ്പെടുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.
പുതിയ ഡിഫോൾട്ട് എൻക്രിപ്റ്റ് ചാറ്റിലും കസ്റ്റം ചാറ്റ് ഇമോജികള്‍, ചാറ്റ് തീം തുടങ്ങിയ പഴയ ഫീച്ചറുകളും ലഭ്യമാകും. കൂടാതെ മെസഞ്ചറിലെ എല്ലാ ചാറ്റുകളും ഡിഫോൾട്ട് എൻക്രിപ്ഷനിലേക്ക് മാറുന്നതിന് സമയമെടുക്കുമെന്നും മെസഞ്ചർ മേധാവി ലോറിഡാന ക്രിസൻ പറഞ്ഞു.
സ്വകാര്യ ചാറ്റുകൾ ഡിഫോൾട്ട് എൻക്രിപ്റ്റിലേക്ക് മാറിയെങ്കിലും ഗ്രൂപ്പ് മെസഞ്ചർ ചാറ്റുകൾക്കുള്ള എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഇപ്പോഴും 'ഓപ്റ്റ് ഇൻ' ഓപ്ഷനിലാണുള്ളത്. മെറ്റയുടെ കീഴിലുള്ള മറ്റൊരു സമൂഹമാധ്യമമായ ഇൻസ്റാഗ്രാമിലും ചാറ്റ് ഇതുവരെ ഡിഫോൾട്ടായി എൻക്രിപ്റ്റ് ചെയ്തിട്ടില്ല. ഡിഫോൾട്ട് പ്രൈവറ്റ് മെസഞ്ചർ ചാറ്റുകൾ അവതരിപ്പിക്കുന്നതോടെ ഇൻസ്റാഗ്രാമിലും ചാറ്റുകൾ ഡിഫോൾട്ട് എൻക്രിപ്റ്റിലേക്ക് മാറ്റുമെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ മെറ്റ പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തു വന്നില്ല.