ബൈക്കില്‍ ലഡാക്കിലേക്ക് പോകുന്ന യാത്രയെക്കുറിച്ചോ അല്ലെങ്കില്‍ അവിടെ ധരിക്കാനുള്ള സ്‌നീക്കര്‍ വാങ്ങുന്നതിനെക്കുറിച്ചോ സംസാരിച്ച് നിമിഷങ്ങള്‍ക്കകം നിങ്ങളുടെ ഫേസ്ബുക്ക് ഫീഡില്‍ ലഡാക്കിനെക്കുറിച്ചോ സ്നീക്കര്‍ സ്റ്റോറിനെക്കുറിച്ചോ ചില പരസ്യങ്ങളോ പോസ്റ്റുകളോ കാണാറില്ലേ? ഇത്തരത്തില്‍ പലപ്പോഴും നമ്മള്‍ സംസാരിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള പരസ്യങ്ങളും പോസ്റ്റുകളും ഫേസ്ബുക്ക് ഫീഡില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഫേസ്ബുക്കിന്റെ അല്‍ഗോരിതത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്ളതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഇത്തരത്തില്‍ ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും ഉപയോക്താക്കള്‍ കാണുന്ന കാര്യങ്ങളെ എഐ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ ഇപ്പോള്‍ ഒരു വിശദീകരണം നല്‍കിയിരിക്കുകയാണ്. മെറ്റയുടെ ഗ്ലോബല്‍ അഫയേഴ്‌സ് പ്രസിഡന്റ് നിക്ക് ക്ലെഗാണ് ഒരു ബ്ലോഗ് പോസ്റ്റില്‍ ഉപയോക്താക്കള്‍ കാണുന്ന കാര്യങ്ങളില്‍ എഐ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്നു വിശദീകരിച്ചത്.
''ഒരു ഉള്ളടക്കം നിങ്ങള്‍ക്ക് എത്രത്തോളം വിലപ്പെട്ടതായിരിക്കുമെന്ന് ഞങ്ങളുടെ എഐ സിസ്റ്റങ്ങള്‍ പ്രവചിക്കുന്നു. അതിനാല്‍ നിങ്ങളെ അവ വേഗത്തില്‍ കാണിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. ഉദാഹരണത്തിന്, ഒരു പോസ്റ്റ് നിങ്ങള്‍ പങ്കിടുന്നതിന്റെ അര്‍ത്ഥം ആ പോസ്റ്റ് രസകരമാണെന്ന് നിങ്ങള്‍ക്ക് തോന്നി എന്നതാണ്. അതിനാല്‍ അതുമായി ബന്ധപ്പെട്ടുളള കാര്യങ്ങള്‍ ഞങ്ങളുടെ സിസ്റ്റം പരിഗണിക്കുകയും അവ സൂക്ഷിച്ച് വക്കുകയും ചെയ്യുന്നു, ''ക്ലെഗ് വിശദീകരിച്ചു.
ഒരു ഉപയോക്താവിന് താത്പര്യമുള്ളത് എന്താണെന്ന് മനസിലാക്കാന്‍ പൂര്‍ണമായി കഴിയില്ലെന്നും അദ്ദേഹം പറയുന്നു. 'ഉപയോക്താക്കള്‍ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് കഴിയുന്നത്ര അടുത്തെത്താന്‍ ഞങ്ങള്‍ വൈവിധ്യമാര്‍ന്ന പ്രവചനങ്ങള്‍ നടത്തും. ചിലത് അവരുടെ പെരുമാറ്റത്തെ അടിസ്ഥാനമാക്കിയും ചിലത് സര്‍വേകളിലൂടെ ലഭിച്ച ഉപയോക്ത്യ ഫീഡ്ബാക്കിനെ അടിസ്ഥാനമാക്കിയുമായിരിക്കും,'' അദ്ദേഹം പറഞ്ഞു.
മെറ്റയുടെ ഉല്‍പ്പന്നങ്ങോടുള്ള ആളുകളുടെ താത്പര്യം വ്യക്തികള്‍ക്ക് അനുസരിച്ച് മാറും. കാരണം എല്ലാവരും ഒരേ കാര്യങ്ങള്‍ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യുന്നില്ല. കൂടാതെ താല്‍പ്പര്യങ്ങള്‍ കാലക്രമേണ മാറിയേക്കാം,'' കമ്പനി വ്യക്തമാക്കി.
എഐ എങ്ങനെയാണ് ഉപയോക്താക്കളുടെ ഫീഡില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കാനായി 22 സിസ്റ്റം കാര്‍ഡുകളാണ് മെറ്റ പുറത്തുവിട്ടത്. എഐ സിസ്റ്റങ്ങള്‍ ഫീഡിലെ ഉള്ളടക്കത്തെ എങ്ങനെ റാങ്ക് ചെയ്യുന്നു, ആളുകള്‍ക്ക് ഏറ്റവും പ്രസക്തമായി തോന്നുന്ന പോസ്റ്റുകള്‍ ഏതാണെന്ന് നിര്‍ണ്ണയിക്കാന്‍ ഓരോ സിസ്റ്റവും നടത്തുന്ന പ്രവചനങ്ങള്‍, സ്വന്തം ഫേസ്ബുക്ക് ഫീഡ് ഇഷ്ടാനുസൃതമാക്കാന്‍ സഹായിക്കുന്നതിന് എന്തൊക്കെ നിയന്ത്രണങ്ങള്‍ ഉപയോഗിക്കാം എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയവ ഈ സിസ്റ്റം കാര്‍ഡുകള്‍ നല്‍കുന്നു. അക്കൗണ്ടുകളില്‍ നിന്നോ ആളുകള്‍ പിന്തുടരുന്ന വ്യക്തികളില്‍ നിന്നോ അവരുടെ താത്പര്യങ്ങള്‍ കണ്ടെത്താന്‍ ഫീഡ്, സ്റ്റോറികള്‍,റീലുകള്‍, മറ്റ് പോസ്റ്റുകള്‍ എന്നിവ ശേഖരിക്കാറുണ്ടെന്നും ക്ലെഗ് പറഞ്ഞു.