ഒരു വാട്സ് ആപ്പ് അക്കൗണ്ട് ഇനി നാല് ഡിവൈസുകളിൽ ഒരേ സമയം ഉപയോഗിക്കാം. നാല് ഫോണുകളിലോ അല്ലെങ്കിൽ ഡെസ്ക്ടോപ്പ്, ഫോൺ, ടാബ് തുടങ്ങി നാല് വ്യത്യസ്ത ഡിവൈസുകളിലോ ഇനി എളുപ്പത്തിൽ ഒരു വാട്സ് ആപ്പ് അക്കൗണ്ട് ഉപയോഗിക്കാനാകും. വരും ആഴ്ചകളിൽ തന്നെ പുതിയ ഫീച്ചർ പ്രാബല്യത്തിൽ വരുമെന്ന് മെറ്റ അറിയിച്ചു.
നിലവിൽ ഒരു അക്കൗണ്ട് ഒരു ഫോണിൽ മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. അല്ലെങ്കിൽ വെബ് ബ്രൗസർ വഴിയോ പി സി ആപ്ലിക്കേഷനുകൾ വഴിയോ വാട്സ് ആപ്പ് ഉപയോഗിക്കാൻ കഴിയും. എന്നാൽ ഒന്നിലധികം സ്‌മാർട്ട്‌ഫോണുകൾ ലിങ്ക് ചെയ്യാൻ കഴിയുന്നത് ഇതാദ്യമാണ്. വാട്സ് ആപ്പ് ഉപഭോക്താക്കളുടെ നിരന്തര ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. പ്രൈമറിയായി ഒരു ഫോൺ ഉണ്ടായിരിക്കണം എന്നതാണ് പ്രധാനം. ഓരോ ലിങ്ക് ചെയ്‌ത ഉപകരണവും സ്വതന്ത്രമായി പ്രവർത്തിക്കും. പ്രൈമറി ഉപകരണത്തിൽ നെറ്റ്‌വർക്ക് ആക്‌സസ് ഇല്ലെങ്കിൽപ്പോലും, സ്വതന്ത്ര ഉപകരണങ്ങളിൽ സന്ദേശങ്ങൾ ലഭിക്കുന്നത് തുടരും. അതേസമയം, പ്രൈമറി അക്കൗണ്ട് സ്ഥിതി ചെയ്യുന്ന ഡിവൈസ് കുറേ നേരം ഉപയോഗിക്കാതിരുന്നാൽ മറ്റ് ഡിവൈസുകളിലും വാട്സ് ആപ്പ് ലോഗൗട്ട് ആകും. വാട്സ് ആപ്പ് വെബ് ഉപയോഗിക്കുന്നതുപോലെ ക്യുആർ കോഡ് സ്കാൻ ചെയ്താണ് മറ്റ് ഡിവൈസുകളിലും അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കുക.
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പരിരക്ഷ നിലനിർത്തിക്കൊണ്ട് ഉപകരണങ്ങളിലുടനീളം സന്ദേശങ്ങൾ സമന്വയിപ്പിക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചാണ് ഇത് സാധ്യമാക്കിയത്. 2021 മുതൽ തിരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കളുമായി കമ്പനി മൾട്ടി-ഡിവൈസ് കോംപാറ്റബിളിറ്റി പരീക്ഷിച്ചുവരികയായിരുന്നു. വാട്സ് ആപ്പ് നൽകുന്ന ചാറ്റുകൾക്കും കോളുകൾക്കുമുള്ള പൂർണ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ പിന്തുണയുള്ളതിനാൽ ഇതൊരു വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു. വാട്സ് ആപ്പിന്റെ പുതിയ ഫീച്ചർ കമ്പനിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ്.