മെറ്റ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. 6,000 ജീവനക്കാരെ കൂടി കമ്പനി ഉടൻ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. മെറ്റ ഏറ്റവും പുതിയ പിരിച്ചുവിടലുകൾ ആരംഭിക്കാൻ ഒരുങ്ങുകയാണെന്ന് കമ്പനിയുടെ ഗ്ലോബൽ അഫയേഴ്‌സ് പ്രസിഡന്റ് നിക്ക് ക്ലെഗ് ഒരു മീറ്റിങ്ങിൽ അറിയിച്ചതായി വോക്സ് റിപ്പോർട്ട് ചെയ്യുന്നു. മൂന്നാംഘട്ട പിരിച്ചുവിടൽ അടുത്തയാഴ്ച ആരംഭിക്കുമെന്നാണ് വോക്സ് റിപ്പോർട്ട് ചെയ്യുന്നത്. മെയിൽ അടുത്തഘട്ട പിരിച്ചുവിടലുണ്ടാകുമെന്ന് മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
''മൂന്നാമത്തെ ഘട്ടം അടുത്ത ആഴ്ച സംഭവിക്കും. അത് എന്റെ ഓർഗനൈസേഷൻ ഉൾപ്പെടെ ബിസ് ടീമുകളിലെ എല്ലാവരെയും ബാധിക്കും''- നിക്ക് ക്ലെഗ് പറഞ്ഞു. പിരിച്ചുവിടുന്ന ജീവനക്കാരെ ഇ മെയിൽ വഴി വിവരം അറിയിക്കുമെന്നാണ് വോക്സ് റിപ്പോർട്ട് ചെയ്യുന്നത്. പിരിച്ചുവിടൽ പ്രക്രിയ എപ്പോൾ ആരംഭിക്കുമെന്നും പിരിച്ചുവിടലുകൾ ഏതൊക്കെ ടീമുകളെ ബാധിക്കുമെന്നും ജീവനക്കാരെ ഇ മെയിൽ വഴി അറിയിക്കും.
11,000 തൊഴിലാളികളെയാണ് കമ്പനി നവംബറിൽ പിരിച്ചുവിട്ടത്. 2023 മാർച്ചിൽ 10,000 ജോലി വെട്ടിക്കുറയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ 4000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അവശേഷിക്കുന്ന 6000 പേരെയാണ് വരുന്ന ഘട്ടത്തിൽ പിരിച്ചുവിടുക.
അതേസമയം പിരിച്ചുവിടുന്ന ജീവനക്കാർക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. നേരത്തെ പിരിച്ചുവിട്ട ജീവനക്കാർക്ക് കമ്പനി നഷ്ടപരിഹാരം നൽകിയിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സ് ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റയിൽ 2022 അവസാനത്തോടെ, ഏകദേശം 86,000 ജീവനക്കാരാണ് ഉണ്ടായിരുന്നത്. സാമ്പത്തിക മാന്ദ്യവും ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമാവുമായാണ് ഈ തീരുമാനം. മാറുന്ന വിപണിക്ക് അനുസൃതമായി ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ടീമുകളെ പുന:ക്രമീകരിക്കാനും മെറ്റാ ഉദ്ദേശിക്കുന്നു എന്നായിരുന്നു സക്കര്‍ബര്‍ഗ് നൽകിയ വിശദീകരണം.