TECHNOLOGY

'സയണിസം' എന്ന വാക്ക് ഉപയോഗിച്ചാൽ പോസ്റ്റ് നീക്കം ചെയ്യും; പുതിയ സെൻസർ നടപടിക്ക് പദ്ധതിയിട്ട് മെറ്റ

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നാലെ പലസ്തീൻ അനുകൂല പോസ്റ്റുകൾക്കും ഇസ്രയേലിനെതിരായ പോസ്റ്റുകൾക്കും സെൻസർഷിപ് ഏർപ്പെടുത്തുന്നതായി മെറ്റയ്‌ക്കെതിരെ ആരോപണമുയർന്നിരുന്നു

വെബ് ഡെസ്ക്

ഇസ്രയേൽ ദേശീയത ചർച്ചയാകുന്നത് കർശനമായി നിയന്ത്രിക്കാൻ ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിൻ്റെയും മാതൃസ്ഥാപനമായ മെറ്റ ആലോചിക്കുന്നതായി റിപ്പോർട്ട്. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്ക് പിന്നാലെ പലസ്തീൻ അനുകൂല പോസ്റ്റുകൾക്കും ഇസ്രയേലിനെതിരായ പോസ്റ്റുകൾക്കും സെൻസർഷിപ് ഏർപ്പെടുത്തുന്നതായി മെറ്റയ്‌ക്കെതിരെ ആരോപണമുയർന്നിരുന്നു. ഇത് നിലനിൽക്കെയാണ് പുതിയ തെളിവുകൾ ഉൾപ്പെടെ പുറത്തുവരുന്നത്.

“സയണിസ്റ്റ്” എന്ന പദവുമായി ബന്ധപ്പെട്ട് മെറ്റാ നിലവിൽ അതിൻ്റെ വിദ്വേഷ പ്രസംഗനയം പുനഃപരിശോധിക്കുന്നു” എന്ന് 2024 ജനുവരി 30ന് മെറ്റാ പോളിസി ഉദ്യോഗസ്ഥർ സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾക്ക് അയച്ച കത്തിൽ പറയുന്നു. ജൂതന്മാർ തങ്ങളുടെ വാഗ്ദത്തഭൂമിയായി കരുതുന്ന പലസ്‌തീനിൽ സ്വതന്ത്ര ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന രാഷ്ട്രീയ മുന്നേറ്റമാണ് ''സയണിസം''.

മെറ്റ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് ഇ-മെയിൽ സൂചിപ്പിക്കുന്നുണ്ടെങ്കിലും, സിവിൽ സൊസൈറ്റിയിൽനിന്നും ഡിജിറ്റൽ റൈറ്റ്സ് ഗ്രൂപ്പുകളിൽനിന്നും നയമാറ്റം സംബന്ധിച്ച് നിർദേശങ്ങൾ സ്വീകരിക്കുന്നുണ്ട്. ഉപയോക്താക്കളും പങ്കാളികളും അടുത്തിടെ റിപ്പോർട്ട് ചെയ്‌ത ഉള്ളടക്കത്തിൻ്റെ വെളിച്ചത്തിലാണ് മെറ്റാ ഈ നയം അവലോകനം ചെയ്യുന്നത് എന്നും ഈമെയിലിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ എന്താണ് ഉള്ളടക്കമെന്നോ ആരാണ് പരാതിപ്പെട്ടതെന്നോ സംബന്ധിച്ച് വിവരങ്ങൾ ഒന്നും നൽകിയിട്ടില്ല.

വർഷങ്ങളായി, ലോകമെമ്പാടുമുള്ള മൂന്ന് ബില്യൺ ഉപയോക്താക്കൾക്കും "സയണിസ്റ്റ്" എന്ന പദം ഉപയോഗിക്കാൻ അനുവാദമുണ്ടായിരുന്നു. ഇപ്പോൾ ഇസ്രയേലിന് പകരം അവരെ വിമർശിക്കാൻ സയണിസ്റ്റ് എന്ന പദം ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ ആലോചനകൾ സജീവമാകുന്നത്. ഗാസയിൽ തുടരുന്ന ആക്രമണങ്ങൾക്ക് ശേഷമാണ് ഈ പ്രവണത വർധിച്ചതെന്നാണ് മെറ്റയുടെ വിശദീകരണം.

മതത്തെയോ ദേശീയതയെയോ അടിസ്ഥാനമാക്കി ആളുകൾക്കെതിരായ ആക്രമണങ്ങളെ മെറ്റാ പോളിസി നിരോധിക്കുന്നുണ്ട്. എന്നാൽ "സയണിസ്റ്റ്" എന്ന ഉപയോഗം ആളുകളെയാണോ പ്രത്യയശാസ്ത്രത്തെയാണോ പരാമർശിക്കുന്നത് എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത സാഹചര്യം കമ്പനിക്കുണ്ട്. ഈ പശ്ചാത്തലത്തിൽ നിർദിഷ്ട വാക്ക് ഉപയോഗിച്ചുള്ള ചർച്ചകളെ മുഴുവനായി നിരോധിക്കാനാണ് മെറ്റ പദ്ധതിയിടുന്നത്.

അതേസമയം, സയണിസ്റ്റ്, സയണിസം എന്നീ വാക്കുകൾ ഉപയോഗിക്കുന്നതിനെ പൂർണമായി വിലക്കുന്നത് സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തെ സാരമായി ബാധിക്കുമെന്ന അഭിപ്രായങ്ങളും പല കോണുകളിൽനിന്ന് ഉയരുന്നുണ്ട്. പലസ്തീനുമായി ബന്ധപ്പെട്ട ഉള്ളടക്കം അന്യായമായി സെൻസർ ചെയ്തതിന് വിമർശിക്കപ്പെട്ട മെറ്റയുടെ പുതിയ നീക്കത്തെ സിവിൽ സൊസൈറ്റികളിൽ പലരും ചോദ്യം ചെയ്യുന്നുമുണ്ട്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം