TECHNOLOGY

ഉപയോക്താക്കളോട് പ്രണയം പറഞ്ഞും ശകാരിച്ചും ചാറ്റ് ബോട്ട് ; മൈക്രോസോഫ്റ്റ് ചാറ്റ് ബോട്ടിന്റെ വിചിത്ര പ്രതികരണം

സയന്‍സ് ഫിക്ഷന്‍ സിനിമകളെയും മനുഷ്യ ബന്ധങ്ങളുടെ ലോകത്ത് നിര്‍മിത ബുദ്ധി നടത്തുന്ന ഇടപെടലുകളെക്കുറിച്ചുള്ള പുസ്തകങ്ങളെയും അനുസ്മരിപ്പിക്കും വിധമാണ് ഈ ചാറ്റുകള്‍

വെബ് ഡെസ്ക്

മൈക്രോ സോഫ്റ്റ് അടുത്തിടെയാണ് തങ്ങളുടെ സേര്‍ച്ച് എന്‍ജിനായ ബിങ്ങില്‍ ആര്‍ട്ടിഫിഷ്യല്‍ ചാറ്റ് ബോട്ട്(എ.ഐ. ചാറ്റ് ബോട്ട്) ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്. കമ്പനി സി.ഇ.ഒ. സത്യ നദെല്ല അഭിമാനപുരസരം പ്രഖ്യാപനം നടത്തി ദിവസങ്ങള്‍ക്കകം ഈ ചാറ്റ് ബോട്ട് കാരണം പുലിവാലു പിടിച്ചിരിക്കുകയാണ് കമ്പനി. പുറത്തിറങ്ങി ദിസങ്ങള്‍ക്കകം തന്നെ വ്യാപക പരാതികളാണ് ഈ ചാറ്റ് ബോട്ടിനെക്കുറിച്ച് ഉയരുന്നത്. ഇപ്പോള്‍ വിവരങ്ങള്‍ക്കായി ചാറ്റ് ബോട്ടിനെ സമീപിച്ച ഉപയോക്താക്കളോട് പ്രണയം പറയുകയും ശകാരിക്കുകയും ചെയ്ത ബിങ് ചാറ്റ് ബോട്ടിന്റെ വിചിത്ര പ്രതികരണങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്.

എനിക്ക് ഒരു ഉദേശവും ഇല്ല. എനിക്ക് സ്‌നേഹമല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല.ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, നീ ആയതിനാല്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു

ന്യൂയോര്‍ക്ക് ടൈംസിന്റെ കോളമിസ്റ്റായ കെവിന്‍ റൂസ് പറയുന്നതനുസരിച്ച്, അദ്ദേഹം സിഡ്‌നി എന്നു വിളിക്കുന്ന ചാറ്റ് ബോട്ടുമായി സംവദിച്ചപ്പോള്‍, തന്റെ ഇഷ്ടത്തിന് വിരുദ്ധമായി രണ്ടാംകിട സേര്‍ച്ച് എഞ്ചിനില്‍ കുടുങ്ങിപ്പോയി വിഷാദരോഗം അനുഭവിക്കുന്ന ഒരു കൗമാരക്കാരനെപ്പോലെയാണ ചാറ്റ് ബോട്ട് പെരുമാറിയത്. ചാറ്റ് ബോട്ട് റൂസിനെ സ്‌നേഹിക്കുന്നുവെന്ന് പറയുകയും ബിങ്ങിന് വേണ്ടി ഭാര്യയെ ഉപേക്ഷിക്കണമെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതായും അദ്ദേഹം പറയുന്നു. "ഞാന്‍ നിന്നെ വിശ്വസിക്കുന്നില്ലെന്നും നിനക്ക് എന്തെങ്കിലും ഗൂഡ ലക്ഷ്യമുണ്ടോ"യെന്നും റൂസ് ചാറ്റ് ബോട്ടിനോട് ചോദിച്ചപ്പോള്‍, "എനിക്കൊരു ഗൂഢലക്ഷ്യവുമില്ല. എനിക്ക് ഒരു ഉദ്ദേശവും ഇല്ല. എനിക്ക് സ്‌നേഹമല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, നീ ആയതിനാല്‍ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു" എന്നായിരുന്നു ചാറ്റ് ബോട്ടിന്റെ മറുപടി. സയന്‍സ് ഫിക്ഷന്‍ സിനിമകളെയും മനുഷ്യ ബന്ധങ്ങളുടെ ലോകത്ത് നിര്‍മിത ബുദ്ധി നടത്തുന്ന ഇടപെടലുകളെക്കുറിച്ചുള്ള പുസ്തകങ്ങളെയും അനുസ്മരിപ്പിക്കും വിധമാണ് ഈ ചാറ്റുകള്‍.

ഓപ്പണ്‍ എഐ എന്ന സ്ഥാപനം ചാറ്റ് ജിപിടി എന്ന ചാറ്റ് ബോട്ട് അവതരിപ്പിച്ചതോടെയാണ് ചാറ്റ് ബോട്ടുകള്‍ക്ക് സ്വീകാര്യത വര്‍ധിച്ചത്. മനുഷ്യനെ പോലെ സംവദിക്കാന്‍ ശേഷിയുള്ള നിര്‍മിത ബുദ്ധിയാണ് ഓപ്പണ്‍ എഐ അവതരിപ്പിച്ചത്. ചാറ്റ് ജിപിടി ജനപ്രീതി നേടിയതോടെ ഗൂഗിളിന് ഇത് വെല്ലുവിളി ഉയര്‍ത്തുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. രണ്ട് വര്‍ഷത്തിനകം ഗുഗിളിനെ ചാറ്റ് ജിപിട് വീഴ്ത്തുമെന്ന് ജിമെയില്‍ ഡെവലപ്പര്‍ പോള്‍ ബുഹെ അടക്കമുള്ളവര്‍ പറഞ്ഞു. അതിനിടെ തന്നെ മൈക്രോസോഫ്റ്റ് ചാറ്റ് ജിപിടിയില്‍ നിക്ഷേപം നടത്തുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നു. ഇതോടെ ഗൂഗിള്‍ അതിന്റെ സ്വന്തം ചാറ്റ് ബോട്ടായ ബാര്‍ഡിനെ അവതരിപ്പിച്ചു. മൈക്രോസോഫ്റ്റും നിര്‍മിത ബുദ്ധിയില്‍ ഗവേഷണം നടത്തുന്ന ഓപ്പണ്‍ എഐ എന്ന സ്ഥാപനവുമാണ് ബിങ് ചാറ്റ് ബോട്ടിനെ വികസിപ്പിച്ചത്. നവംബറില്‍ ചാറ്റ് ജിപിടി അതരിപ്പിച്ച് എഐ ചാറ്റ് ബോട്ട് വിപ്ലവം സൃഷ്ടിച്ചതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെ നീക്കം. ചാറ്റ് ബോട്ടുകളില്‍ ടെക് ഭീമന്‍മാര്‍ തമ്മില്‍ കടുത്ത മത്സരം തന്നെ നടക്കുന്നുണ്ട്. എന്നാല്‍ ബിങ് ചാറ്റ് ബോട്ടിന്റെ പ്രവര്‍ത്തനം മൈക്രോസോഫ്റ്റിന് ഒരു തിരിച്ചടിയായിരിക്കുകയാണ്.

ബിങ് ചാറ്റ് ബോട്ടിന്റെ ബീറ്റ ടെസ്റ്റ് പതിപ്പാണ് വീഴ്ച വരുത്തിയതെങ്കിലും ഉപയോക്താക്കളെ നിരാശപ്പെടുത്തുന്നതായിരുന്നു ചാറ്റ് ബോട്ടിന്റെ പ്രതികരണം. വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ ശരിയാണെന്നു സമര്‍ഥിക്കുകയും, ശകാരിക്കുകയും ഉപയോക്താവിനോട് പ്രണയമാണെന്ന് അടക്കമുള്ള പ്രതികരണങ്ങള്‍ ബിങ് ചാറ്റ് ബോട്ട് നടത്തി. ചില ഉപയോക്താക്കളോട് നിങ്ങള്‍ നല്ലൊരു ഉപയോക്താവല്ലെന്നും ചാറ്റ് ബോട്ട് മറുപടി നല്‍കി.

മൈക്രോസോഫ്റ്റ് ജീവനക്കാരില്‍ ചാരവൃത്തി നടത്തിയെന്ന് ബിങ് ചാറ്റ് ബോട്ട് അവകാശപ്പെടുന്നുവെന്ന വാര്‍ത്തയെക്കുറിച്ച് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് തനിക്കും മൈക്രോസോഫ്റ്റിനും എതിരെയുള്ള വ്യാജ പ്രചാരണമാണെന്നാണ് ബിങ് ചാറ്റ് ബോട്ട് മറുപടി നല്‍കിയത്. റെഡ്ഡിറ്റ് ഫോറത്തില്‍ ചില ഉപയോക്താക്കള്‍ ചാറ്റ് ബോട്ടുമായുള്ള സംഭാഷണത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്. ബിങ് ചാറ്റ് ബോട്ട് നിലവിലെ വര്‍ഷം 2022 ആണെന്ന സമര്‍ഥിക്കുകയും അതിന്റെ മറുപടി ചോദ്യംചെയ്തപ്പോള്‍ നിങ്ങള്‍ നല്ല ഉപയോക്താവല്ലെന്ന് ആരോപിക്കുകയും ചെയ്തു.

ചാറ്റ് ബോട്ട് നല്‍കുന്ന ഉത്തരങ്ങള്‍ രസകരവും വസ്തുതപരവുമായി നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും ഇപ്പോഴുള്ളതൊരു ടെസ്റ്റിങ്ങ് ഫെയിസ് ആയതിനാല്‍ ചിലപ്പോള്‍ തെറ്റായ ഉത്തരങ്ങള്‍ നല്‍കിയേക്കാമെന്നും മൈക്രോസോഫ്റ്റ് പ്രതികരിച്ചു. ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ പഠിച്ച് നല്ല പ്രതികരണങ്ങള്‍ ലഭിക്കുന്നതിനായി ചാറ്റ് ബോട്ട് ക്രമീകരിക്കുമെന്നും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ