ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് പ്രതിദിനം വായിക്കാവുന്ന പോസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി ഇലോണ്‍ മസ്‌ക്. അക്കൗണ്ടില്ലാത്തവരെ ട്വീറ്റുകള്‍ വായിക്കുന്നതില്‍ നിന്ന് വിലക്കിയതിന് പിന്നാലെയാണ് മസ്‌കിന്റെ പുതിയ തീരുമാനം. ട്വിറ്ററിലെ വിവരങ്ങള്‍ ചോര്‍ത്തുന്നത് തടയാനും കൃത്രിമത്വം ഒഴിവാക്കാനുമുളള പോരാട്ടത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് മസ്‌ക് പറയുന്നത്.
വെരിഫൈഡ് ഉപയോക്താക്കള്‍, സാധാരണ ഉപയോക്താക്കള്‍, പുതുതായി അക്കൗണ്ട് എടുത്തവര്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് പോസ്റ്റുകള്‍ വായിക്കുന്നത് പരിമിതപ്പെടുത്തുന്നത്. വെരിഫൈഡ് ഉപയോക്താക്കള്‍ക്ക് പ്രതിദിനം 6,000 പോസ്റ്റുകള്‍ വായിക്കാം. സാധാരണ ഉപയോക്താക്കള്‍ക്ക് 600 പോസ്റ്റുകളും പുതിയ അക്കൗണ്ട് എടുത്തവര്‍ക്ക് 300 പോസ്റ്റുകളും പ്രതിദിനം വായിക്കാമെന്നാണ് മസ്‌ക് വിശദീകരിക്കുന്നത്.
പുതിയ നയം എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് മസ്ക് വ്യക്തമാക്കിയിട്ടില്ല. വെരിഫൈഡ് ഉപയോക്താക്കൾക്ക് 8000, അല്ലാത്തവർക്ക് 800, പുതുതായി അക്കൗണ്ട് എടുത്തവർക്ക് 400 എന്നിങ്ങനെ വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണം അധികം വൈകാതെ തന്നെ ഉയർത്തുമെന്നും സൂചനയുണ്ട്. എന്നാൽ പുതിയ പ്രഖ്യാപനത്തിനെതിരെ ട്വിറ്റർ ഉപയോക്താക്കളിൽ നിന്ന് പ്രതിഷേധം ശക്തമാകുകയാണ്. ഒരു മിനുട്ടിൽതന്നെ നൂറുകണക്കിന് ട്വീറ്റുകൾ സ്കോൾ ചെയ്ത് പോകുമെന്നാണ് വെരിഫൈഡ് അക്കൗണ്ട് ഇല്ലാത്ത പലരും ചൂണ്ടിക്കാട്ടുന്നത്.
ട്വിറ്റർ പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് ഇല്ലാതെ ട്വീറ്റുകൾ കാണാനാകില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഡിജിറ്റൽ പരസ്യങ്ങൾക്കപ്പുറം സോഷ്യൽ മീഡിയ കമ്പനിയുടെ ബിസിനസ് തിരിച്ചുകൊണ്ടുവരാൻ വീഡിയോ, ക്രിയേഷൻ, ബിസിനസ് പങ്കാളിത്തം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പദ്ധതികൾ ട്വിറ്റർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ട്വിറ്ററില്‍ കൂടുതല്‍ സവിശേഷ ഫീച്ചറുകള്‍ കൊണ്ടുവരുന്നതായും സിഇഒ ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനമുണ്ടായി.യൂട്യൂബിന് സമാനമായ രീതിയില്‍ വീഡിയോ മുന്നിലേക്കും പുറകിലേക്കും പ്ലേ ചെയ്ത് കാണാന്‍ സാധിക്കും. പേജ് സ്‌ക്രോള്‍ ചെയ്യുന്ന അതേ സമയം തന്നെ വീഡിയോ കാണാനുള്ള പുതിയ സംവിധാനവും ഉടന്‍ വരുമെന്ന് മസ്ക് അറിയിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബറില്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം വെരിഫൈഡ് അക്കൗണ്ട് ഉടമകളുടെ ഐഡന്ററ്റി പരിശോധിക്കുന്നില്ല. പിന്നീട് തെറ്റായ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുവെന്ന പരാതികള്‍ ഉയര്‍ന്നതോടെ ബ്ലൂ ടിക്കിന് സബ്‌സ്‌ക്രിപ്ഷന്‍ ഈടാക്കുന്നതടക്കമുള്ള നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഇതോടെയാണ് പ്രതിമാസം ബ്ലൂ ടിക് ഉപയോക്താക്കളില്‍ നിന്നും 656.77 രൂപ( 8 ഡോളര്‍) വീതം ഈടാക്കാന്‍ തുടങ്ങിയത്.