TECHNOLOGY

ഇന്ത്യയിലും ഇനി സ്റ്റാര്‍ലിങ്ക്: സാറ്റ്‌ലൈറ്റ് ലൈസന്‍സ് സ്വന്തമാക്കാനൊരുങ്ങി മസ്‌ക്

രാജ്യത്ത് സാറ്റ്‌ലൈറ്റ് ഇൻ്റർനെറ്റ് സേവനങ്ങൾക്കുള്ള ലൈസൻസ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയായി സ്റ്റാർലിങ്ക് മാറും

വെബ് ഡെസ്ക്

ഇന്ത്യയില്‍ നിന്ന് സാറ്റ്‌ലൈറ്റ് ലൈസസന്‍സ് സ്വന്തമാക്കാനൊരുങ്ങി ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക്. അടുത്ത മാസം സ്റ്റാര്‍ലിങ്കിന് സര്‍ക്കാരില്‍ നിന്ന് ജിഎംപിസിഎസ്(ഗ്ലോബല്‍ മൊബൈല്‍ പേഴ്‌സണല്‍ കമ്മ്യൂണിക്കേഷന്‍ ബൈ സാറ്റ്‌ലൈറ്റ്) ലൈസന്‍സ് ലഭിക്കും. ഇതോടെ രാജ്യത്ത് സാറ്റ്‌ലൈറ്റ് ഇൻ്റർനെറ്റ് സേവനങ്ങൾക്കുള്ള ലൈസൻസ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയായി സ്റ്റാർലിങ്ക് മാറും.

ഭാരതി എയര്‍ടെല്ലിന്റെ വണ്‍വെബും റിലയന്‍സിന്റെ ജിയോ സാറ്റ്‌ലൈറ്റുമാണ് സ്പെക്ട്രം അലോക്കേഷന് യോഗ്യത നേടിയിട്ടുള്ള മറ്റ് രണ്ട് കമ്പനികൾ. ലൈസൻസ് ലഭ്യമായാൽ കമ്പനിയ്ക്ക് സാറ്റ്‌ലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ആരംഭിക്കാം. ഉപഗ്രഹങ്ങളുടെ സ്ഥാനം, ഡാറ്റാ കൈമാറ്റം, സംഭരണം, ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള പദ്ധതി തുടങ്ങി നിയന്ത്രണ നടപടികൾക്കാവശ്യമായ എല്ലാ വിവരങ്ങളും സ്റ്റാര്‍ലിങ്ക് മാതൃകമ്പനിയായ സ്പേസ് എക്സ് പാലിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ, ബഹിരാകാശ വകുപ്പ്, ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (ഡിഒടി), ആഭ്യന്തര മന്ത്രാലയം എന്നിവയില്‍ നിന്ന് അടുത്ത മാസത്തോടെ ഔപചാരിക അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. ജിഎംപിസിഎസ് ലൈസൻസ് കൂടാതെ, രാജ്യത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിന് ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രമോഷന്‍ ആന്‍ഡ് ഓഥറൈസേഷന്‍ സെന്ററിന്റെ (ഇന്‍-സ്‌പേസ്) അംഗീകാരത്തിനായും കമ്പനി അപേക്ഷിച്ചിട്ടുണ്ട്.

ഇന്ത്യയിൽ സാറ്റ്ലൈറ്റ് സേവനം ആരംഭിക്കുന്ന വിവരം കമ്പനി മുമ്പെ അറിയിച്ചിരുന്നു. എന്നാൽ ആവശ്യമായ ഡോക്യുമെന്റുകള്‍ നല്‍കാന്‍ കമ്പനി വൈകിയതാണ് സ്റ്റാര്‍ലിങ്കിന്റെ അപേക്ഷയ്ക്കുള്ള നടപടിക്രമങ്ങള്‍ക്ക് സമയമെടുത്തതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഉപഗ്രഹങ്ങളുടെ സഹായത്തോടെ വോയ്‌സ്, ഡേറ്റ സേവനങ്ങള്‍ നല്‍കുന്നതിന് ജിഎംപിസിഎസ് ലൈസന്‍സ് ആവശ്യമാണ്. 20 വര്‍ഷത്തേക്കാണ് ലൈസന്‍സ് നല്‍കുന്നത്. ഇത് അംഗീകൃതമായ സേവന മേഖലകളില്‍ സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ നല്‍കാന്‍ കമ്പനികളെ അനുവദിക്കുന്നു. എന്നാല്‍, അടുത്തിടെ ബഹിരാകാശ നയം പ്രാബല്യത്തില്‍ വന്നതോടെ, അത്തരം സേവനങ്ങള്‍ നല്‍കുന്നതിന് കമ്പനികള്‍ക്ക് ഇന്‍-സ്‌പേസ് അനുമതി വാങ്ങാവുന്നതുമാണ്.

രണ്ട് വര്‍ഷം മുമ്പ്, ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് സ്റ്റാര്‍ലിങ്കിനോട് ഇന്ത്യയിലെ സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പ്രീ-ബുക്കിങ് നടത്തുന്നത് നിര്‍ത്തലാക്കാനും ആദ്യം ലൈസന്‍സ് എടുക്കാനും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഡിഒടിയുടെ ഉത്തരവ് പാലിച്ച് പ്രീ-ബുക്കിങ് നടത്തിയ 5000 ഉപയോക്താക്കള്‍ക്ക് കമ്പനി 8000 രൂപ തിരികെ നല്‍കി.

സ്റ്റാർലിങ്കിൻ്റെ സാറ്റ്ലൈറ്റ് ഇൻ്റർനെറ്റ് സേവനം വിപണിയിൽ എത്തുന്നത് താരതമ്യേന ഉയർന്ന വിലയിലാണെന്നാണ് റിപ്പോർട്ടുകൾ. സെറ്റ്-അപ്പ് ചെയ്യാനുള്ള തുക ഉള്‍പ്പെടെ സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങളുടെ വില 8000 മുതല്‍ 10000 രൂപയാണെന്നാണ് വ്യവസായിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം റിലയന്‍സ് ജിയോ പോലുള്ള ടെലികോംകമ്പനികളുടെ ഹോം ബ്രോഡ്ബാന്‍ഡ് പ്ലാനുകളുടെ പ്രതിമാസ തുക 399 രൂപയാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങളുടെ വില വളരെ ഉയര്‍ന്നതാണ്.

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിദൂര പ്രദേശങ്ങള്‍ക്കാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് സാറ്റ്ലൈറ്റ് സേവനങ്ങള്‍ താങ്ങാനാവുന്നതാക്കാന്‍ കമ്പനികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ സബ്‌സിഡി നല്‍കേണ്ടതായുണ്ട്.

സേവനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് സ്‌പെക്ട്രം അനുവദിക്കുന്ന രീതി, നേരിട്ടുള്ള വിദേശ നിക്ഷേപ മാനദണ്ഡങ്ങള്‍ തുടങ്ങിയ നിര്‍ണായക വിവരങ്ങളില്‍ വ്യക്തതയ്ക്കായി കാത്തിരിക്കുകയാണ് കമ്പനികള്‍.

രാഹുലിന്റെ ലീഡ് 15,000 കടന്നു, പാലക്കാട് വമ്പന്‍ മുന്നേറ്റവുമായി യുഡിഎഫ് | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ശുഭപ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്

ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്ക് തിരിച്ചടി; വിജയം ഉറപ്പിക്കാനാകുമെന്ന വിശ്വാസത്തില്‍ യുഎഡിഎഫ്