സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സര്‍മാര്‍ക്കും സെലിബ്രിറ്റികള്‍ക്കും സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിയന്ത്രണം വരുന്നു. 'എന്‍ഡോസ്‌മെന്റ്‌സ് നോ ഹൗസ്' എന്ന പേരിലാണ് ഉപഭോക്തൃ കാര്യ വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരിക്കുന്നത്. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരമോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും നിര്‍ദേശങ്ങളോ പാലിച്ചാണ് പരസ്യങ്ങള്‍ നല്‍കുന്നതെന്ന് ഉറപ്പുവരുത്തുന്നതിനാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
സ്വയം ഉപയോഗിച്ച് അനുഭവമില്ലാത്ത ഒന്നിന്റേയും പരസ്യം നല്‍കരുത്
പരസ്യങ്ങളുടെ സുതാര്യത ഉറപ്പു വരുത്തുന്നതിനും പ്രേക്ഷകരുമായുള്ള ആധികാരികത നിലനിര്‍ത്തുന്നതിനും പുതിയ തീരുമാനം ഗുണം ചെയ്യും. സെലിബ്രിറ്റികള്‍ക്കും ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും വെര്‍ച്വല്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും ഇത് ബാധകമാണെന്നും സര്‍ക്കാര്‍ പറയുന്നു. പരസ്യങ്ങള്‍, സ്‌പോണ്‍സേര്‍ഡ്, കൊളാബ്രേഷന്‍ തുടങ്ങി എല്ലാത്തിലും ലളിതവും വ്യക്തവുമായ ഭാഷ ഉപയോഗിക്കണം. സ്വയം ഉപയോഗിച്ച് അനുഭവമില്ലാത്ത ഒന്നിന്റേയും പരസ്യം നല്‍കരുത്. അക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ ചെയ്യുന്ന പരസ്യങ്ങള്‍, സ്പോണ്‍സേര്‍ഡ് കോളാബറേഷന്‍, പാര്‍ട്ട്ണര്‍ഷിപ്പ് എന്നിവ ഹാഷ്ടാഗ് വഴിയോ തലക്കെട്ടിലൂടെയോ ഉപഭോക്താക്കളെ അറിയിക്കേണ്ടതുണ്ട്. പരസ്യം ചെയ്യുന്ന വീഡിയോ, ലൈവ് വീഡിയോകളില്‍ ഓഡിയോ വീഡിയോ ഫോര്‍മാറ്റ് തുടര്‍ച്ചയായി പ്രാധാന്യത്തോടെ പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.