പകർപ്പവകാശ ലംഘനം ചൂണ്ടിക്കാട്ടി മൈക്രോസോഫ്റ്റിനും ഓപ്പണ്‍ എഐക്കുമെതിരെ നിയമ നടപടികളുമായി ന്യൂയോർക്ക് ടൈംസ്. ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ അനുമതിയില്ലാതെ, നിർമിത ബുദ്ധി ഉപയോഗിച്ചുള്ള എഐ മോഡലുകളായ ചാറ്റ് ജിപിടി, കോപൈലറ്റ് എന്നിവയ്ക്കായി ഉപയോഗിച്ചുവെന്നാണ് ആരോപണം. മൈക്രോസോഫ്റ്റ് ബിംഗ് ചാറ്റിന്റെ പുതിയ പേരാണ് കോപൈലറ്റ്.
മറ്റ് നിരവധി പ്രസിദ്ധീകരണങ്ങളുമായി ചേർന്നാണ് പകർപ്പവകാശ ലംഘനത്തിനുള്ള നിയമ നടപടി ക്രമങ്ങൾ ന്യൂയോർക്ക് ടൈംസ് നടത്തുന്നത്. മാൻഹാട്ടൻ ഫെഡറൽ കോടതിയിലാണ് കേസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച് ടൈംസിന്റെ പകർപ്പവകാശമുള്ള വാർത്താ ലേഖനങ്ങൾ, അന്വേഷണ പരമ്പരകൾ, അഭിപ്രായ ലേഖനങ്ങൾ, നിരൂപണങ്ങൾ, അങ്ങനെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളും അനുമതിയില്ലാതെ എഐ ചാറ്റ് ബോട്ടുകൾ ഉപയോഗിച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തിയിലൂടെ വായനക്കാരിലേക്ക് നല്ല ലേഖനങ്ങൾ എത്തിക്കാനുള്ള ടൈംസിന്റെ കഴിവിനെ അപകടപ്പെടുത്തുകയാണെന്നും ആരോപണമുണ്ട്.
ടൈംസ് സത്യസന്ധമായും ആത്മാർത്ഥതയോടും നൽകുന്ന ഉള്ളടക്കങ്ങളെ സൗജന്യമായി എടുത്ത് മറ്റ് ബദൽ മാർഗങ്ങളിലൂടെ വായനക്കാരിലേക്ക് എത്തിക്കുകയാണെന്നാണ് ആരോപണം. ആരോപണ വിധേയരായ കമ്പനികൾ യാതൊരു മാറ്റവും വരുത്താതെ അതേപടി ടൈംസിന്റെ ഉള്ളടക്കങ്ങൾ ഉപയോഗിക്കുകയാണെന്നും അതിലൂടെ തങ്ങളുടെ വായനക്കാരെ കവർന്നെടുക്കുകയാണെന്നും ആരോപണമുണ്ട്.
നിശ്ചിത തുകയല്ല ടൈംസ് നഷ്ടപരിഹാരം ചോദിക്കുന്നത്, നൂറ് കണക്കിന് കോടി ഡോളറിന്റെ നഷ്ടപരിഹാരമാണ് കണക്കാക്കുന്നത്. ഓപ്പൺഎഐയും മൈക്രോസോഫ്റ്റും അവരുടെ ചാറ്റ്ബോട്ട് മോഡലുകളും ടൈംസിന്റെ ഉള്ളടക്കം ഉപയോഗിച്ചിട്ടുള്ള ട്രെയിനിങ് സെറ്റുകളും നശിപ്പിക്കണമെന്നും പരാതിയിലുണ്ട്.
ചാറ്റ് ജിപിടിയെ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച മെറ്റീരിയലുകൾ ഉപയോഗിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കങ്ങൾ വർദ്ധിക്കുന്നതിനാൽ, സുഗമമായ പ്രവർത്തനങ്ങൾക്കായി അടുത്തിടെ പബ്ലിഷിങ് മേഖലയിലെ ഭീമന്മാരായ 'ആക്‌സൽ സ്പ്രിങ്' എന്ന ജർമൻ കമ്പനിയുമായി ഓപ്പൺ എഐ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ചാറ്റ് ജിപിടിയിൽ ഉപയോക്താക്കളുടെ അനുഭവം കുറച്ചുകൂടി മെച്ചപ്പെടുത്താൻ വിവിധ വിഷയങ്ങളിൽ സമകാലികവും ആധികാരികവുമായ ഉള്ളടക്കം ചേർക്കാൻ ഈ പങ്കാളിത്ത ഒരു കണക്കിന് വരെ സഹായിച്ചിട്ടുണ്ട്.
കണ്ടന്റുകളുടെ ഉടമകളെയും അവരുടെ അവകാശങ്ങളെയും മാനിക്കുന്നതായും ന്യൂയോർക്ക് ടൈംസുമായി വളരെ നല്ല ബന്ധമാണുള്ളതെന്നും ഓപ്പൺ എഐ ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു. ഈ ആരോപണം ആശ്ചര്യപ്പെടുത്തുന്നതും നിരാശപ്പെടുത്തുന്നതുമാണെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.