റോബോട്ടുകളില്‍ താരം കാസിയാണ്. 100 മീറ്റര്‍ ഓട്ടം 24 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് കാസി ബൈപെഡല്‍ റോബോട്ടുകളുടെ പുതിയ ലോക റെക്കോഡ് സ്വന്തമാക്കിയത്. 2022 മെയ് 11നായിരുന്നു മത്സരമെങ്കിലും അടുത്തിടെയാണ് ലോക റെക്കോഡ് പ്രകടനം പുറത്തുവന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഒറിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നിര്‍മ്മിച്ച റോബോട്ടാണ് കാസി. പരീക്ഷണത്തിന്റെ ആദ്യ ഘട്ടമായ 2021 ല്‍ കാസി 53 മിനുറ്റ് കൊണ്ട് 5 കിലോമീറ്റര്‍ ഓടിതീര്‍ത്തിരുന്നു. ലോകത്തിലെ മികച്ച ഓട്ടക്കാരുടെ റെക്കോഡുകള്‍ക്കൊപ്പം എത്തിയില്ലെങ്കിലും റോബോട്ടിക്‌സ് എന്‍ജിനീയറിങ്ങ് മേഖലയിലെ വലിയ മുന്നേറ്റമായാണ് ഗവേഷകര്‍ ഇതിനെ വിലയിരുത്തുന്നത്.
ലോകോത്തര റോബോട്ട് നിര്‍മ്മാണ കമ്പനിയായ എജിലിറ്റി റോബോട്ടാണ് കാസിയുടെ നിര്‍മാതാക്കള്‍. ഒറിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി 2017ല്‍ റോബോട്ടിക് ഗവേഷണത്തിനായി നിര്‍മ്മിച്ച കമ്പനിയാണ് എജിലിറ്റി റോബോട്ടിക്‌സ്. മെഷിന്‍ ലേണിങ് അല്‍ഗോരിതം വഴിയാണ് റോബോയെ ഓടുന്നതിന് പ്രാപ്തമാക്കിയത്. ബയോ മെക്കാനിക്ക് കാല്‍മുട്ടുകളിലൂടെ ഒട്ടകപക്ഷിയുടേതിന് സമാനമായ രീതിയിലുള്ള രണ്ടു കാലുകള്‍ (ബൈപെഡല്‍) ആണ് റോബോയ്ക്ക് നല്‍കിയിരിക്കുന്നത്. അതാണ് ഓട്ടത്തില്‍ വേഗത കൈവരിക്കാന്‍ റോബോട്ടിനെ സഹായിച്ചത്. നേട്ടം കൈവരിച്ചതോടെ മരങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കാന്‍ സാധിക്കുന്ന അറ്റ്‌ലസ് റോബോട്ടിനും ലോകത്തിലെ ഏറ്റവും വേഗതകൂടിയ ബൈപെഡല്‍ റോബോട്ടായ മാബെലിന്‍റെയും കൂട്ടത്തിലേക്ക് കാസിയും രംഗപ്രവേശം ചെയ്തിരിക്കുകയാണ്.
ലോക്കോമോഷന്റെ അനന്തസാധ്യതകളുമായി ബന്ധപ്പെട്ടുള്ള ഗവേഷണങ്ങള്‍ക്ക് കാസിയുടെ പുതിയ ലോക റെക്കോഡ് ഗുണം ചെയ്യുമെന്ന് ഒറിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ബിരുദ വിദ്യാര്‍ഥി ഡെവിന്‍ ക്രൗലി അഭിപ്രായപ്പെട്ടു.
2021ല്‍ 53 മിനുട്ടുകൊണ്ട് 5 കിലോമീറ്റര്‍ ഓടി തീര്‍ത്തപ്പോള്‍ ഇനി എത്ര ദൂരം കാസിക്ക് ഓടാന്‍ സാധിക്കുമെന്നായിരുന്നു ചോദ്യം. പീന്നീട് തുടര്‍ ഗവേഷണത്തിലൂടെ വേഗത കൈവരിക്കാന്‍ കാസി പ്രാപ്തമാകുകയായിരുന്നു. 24.73 സെക്കന്‍ഡില്‍ 100 മീറ്റര്‍ ദൂരം പൂര്‍ത്തിയാക്കി, ബൈപെഡല്‍ റോബോട്ടിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോഡിലും സ്ഥാനം പിടിച്ചിരിക്കുകയാണ് കാസി. റോബോര്‍ട്ട് ലോക്കോമേഷനില്‍ ഒരു നാഴികക്കല്ലാവും പുതിയ കണ്ടുപിടുത്തമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ജന ശ്രദ്ധയാണ് ഇരുകാലന്‍ റോബോയുടെ ഓട്ടത്തിന് ലഭിക്കുന്നത്.