മാസങ്ങൾ നീണ്ട കിംവദന്തികൾക്കും ഊഹാപോഹങ്ങൾക്കും ശേഷം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഭാഷാ മോഡലിന്റെ പുതിയ പതിപ്പ് ജിപിടി - 4 ഓപ്പൺഎഐ പ്രഖ്യാപിച്ചു. പുതിയ മോഡൽ മുമ്പത്തേക്കാളും കൂടുതൽ ക്രിയാത്മകവും, ഉപഭോക്താക്കളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതാണെന്നും, വളരെ കൃത്യതയോടെ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ചാറ്റ് ജിപിടി-4ന് ഭാഷയും ചിത്രങ്ങളും മനസിലാക്കാൻ സാധിക്കും. എന്നിരുന്നാലും ഇതിന് ടെക്‌സ്‌റ്റ് വഴി മാത്രമേ പ്രതികരിക്കാൻ കഴിയൂ. കൂടാതെ, മുമ്പത്തെ ഭാഷാ മോഡലുകളുടെ അതേ പ്രശ്നങ്ങൾ സിസ്റ്റം നിലനിർത്തുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകുന്നു.
ജിപിടി- 4 മുമ്പത്തെ പതിപ്പിനേക്കാൾ സങ്കീർണ്ണമാണെന്നും കൂടുതൽ ഡാറ്റയിൽ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയ കമ്പനി, പുതിയ മോഡൽ പ്രവർത്തിക്കാൻ ചെലവ് കൂടുതലാണെന്നും പറഞ്ഞു. ഡുവോലിംഗോ, സ്ട്രൈപ്പ്, ഖാൻ അക്കാദമി എന്നിവയടക്കം തങ്ങളുടെ ഉൽപ്പന്നങ്ങളിലേക്ക് ജിപിടി - 4 സംയോജിപ്പിക്കുന്നതിന് ശ്രമിക്കുന്നുണ്ടെന്ന് ഓപ്പൺ എഐ പറയുന്നു.
ഓപ്പൺ എഐയുടെ പ്രതിമാസ ചാറ്റ് ജിപിടി സബ്‌സ്‌ക്രിപ്‌ഷനിലൂടെ പുതിയ മോഡൽ പൊതുജനങ്ങൾക്ക് ലഭ്യമാണ്. നിരവധി സ്റ്റാൻഡേർഡ് ടെസ്റ്റുകളിൽ ജിപിടി-4 മനുഷ്യരേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്നുവെന്നാണ് കമ്പനിയുടെ അവകാശവാദം.
പുതിയ സിസ്റ്റത്തിന് ടെക്‌സ്‌റ്റ്, ഓഡിയോ, വീഡിയോ എന്നിവ സംയോജിപ്പിക്കുന്ന മൾട്ടി-മോഡൽ സിസ്റ്റമായി പ്രവർത്തിക്കാൻ കഴിയുമെന്ന് പല ഗവേഷകരും വിശ്വസിക്കുന്നു. ടെക്സ്റ്റ്, ഇമേജ് ഇൻപുട്ടുകൾ സ്വീകരിക്കാനും ടെക്സ്റ്റ് ഔട്ട്പുട്ടുകൾ പുറത്തുവിടാനും സിസ്റ്റത്തിന് കഴിയുമെന്ന് ഓപ്പൺ എഐ പറയുന്നു. പുതിയ മോഡലിന് ചിത്രങ്ങളോടും ടെക്സ്റ്റുകളോടും പ്രതികരിക്കാൻ കഴിയുമെന്നതിന് അപ്പുറം സർഗ്ഗാത്മകവും സാങ്കേതികവുമായ എഴുത്തുകളോട് സംവദിക്കാനും കഴിയും.
GPT 4 അനുവദനീയമല്ലാത്ത കാര്യങ്ങളോട് പ്രതികരിക്കാനുള്ള സാധ്യത 82 ശതമാനം കുറവാണെന്നാണ് കമ്പനി പറയുന്നത്. കൂടാതെ, വസ്തുതാപരമായ കാര്യങ്ങൾ ചെയ്യുന്നതിനുളള സാധ്യത 40 ശതമാനം കൂടുതലാണെന്നും ഓപ്പൺ എഐ വിശദീകരിക്കുന്നു ഇതിനായി, സിസ്റ്റം ആറ് മാസത്തെ സുരക്ഷാ പരിശീലനത്തിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ, തെറ്റുകൾ വരുത്തുകയോ ദോഷകരമായ ഉള്ളടക്കം പുറപ്പെടുവിക്കുകയോ ചെയ്യുന്നില്ലെന്ന് ഇതിനർത്ഥമില്ലെന്നും കമ്പനി വെളിപ്പെടുത്തി.
2022ൽ അവതരിപ്പിക്കപ്പെട്ട ചാറ്റ് ജിപിടി പൊതുജനങ്ങൾക്കായി ലഭ്യമാക്കി നിമിഷങ്ങള്‍ക്കകം തന്നെ ടെക് പ്രേമികള്‍ ഏറ്റെടുത്തിരുന്നു. മനുഷ്യനെപ്പോലെ സംവദിക്കാൻ ശേഷിയുള്ള ഈ നിർമിത ബുദ്ധി പല ജോലികളിലും മനുഷ്യന് പകരക്കാരനായേക്കാമെന്ന ആശങ്കകൾ നിലനിൽക്കെയാണ് ജിപിടി -4 ന്റെ വരവ്.