ചൈനീസ് സ്മാർട്ഫോൺ ബ്രാന്‍ഡായ ഒപ്പോയുടെ പുതിയ സ്മാർട്ട്‌ഫോൺ, Oppo Find N2 Flip ഫെബ്രുവരി 15ന് ഇന്ത്യയിലും ആഗോളതലത്തിലും അവതരിപ്പിക്കും. 20,000 രൂപ സെഗ്‌മെന്റിൽ Oppo A78 5Gയും 30,000 രൂപ സെഗ്‌മെന്റിൽ Oppo Reno 8Tയും അവതരിപ്പിച്ചതിന് ശേഷം 2023-ൽ ഒപ്പോയുടെ ആദ്യത്തെ പ്രധാന ലോഞ്ച് ആയിരിക്കും ഇത്. ഇതോടെ ഇന്ത്യയിൽ 82,999 രൂപ വിലയുള്ള Samsung Galaxy Z Flip 4ന് വെല്ലുവിളിയാകും Find N2 ഫ്ലിപ്പ് എന്നാണ് നിഗമനം. ഏറെ കാലമായി സാംസങ്ങിന്റെ ഫ്‌ളിപ് ഫോണുകള്‍ക്ക് മറ്റൊരു എതിരാളി ഇല്ലായിരുന്നു. ഫോൾഡബിൾ ഡിസ്‌പ്ലേകളെ പിന്തുണയ്‌ക്കുന്ന വിപണിയിൽ ഇതിനകം ലഭ്യമായ ഫ്ലിപ്പ് ഫോണുകളുടെ സീരീസ് പൂർത്തിയാക്കുന്നതിനാണ് ഈ ഫോൺ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. നേരത്തെ Oppo Find N2 Flip ഫ്ലാഗ്ഷിപ്പ് ഫോൺ 2022 ഡിസംബറിൽ ചൈനയിൽ കമ്പനി അവതരിപ്പിച്ചിരുന്നു.
പിങ്ക്, ബ്ലാക്ക് കളർ ഓപ്ഷനുകളിലായിരിക്കും ഫോൺ ലഭ്യമാകുക. പരമാവധി 3.20GHz ഫ്രീക്വൻസിയിൽ Dimensity 9000+ SoC ആണ് ഫൈൻഡ് N2 ഫ്ലിപ്പ് നൽകുന്നത്. 16GB വരെ റാമും 512GB UFS 3.1 സ്റ്റോറേജും ഉണ്ട്. ഫ്ലിപ്പ് ഫോൾഡബിൾ ഫോണിന് 50MP Sony IMX890 പ്ലസ് 8MP ഡ്യുവൽ ക്യാമറ സജ്ജീകരണവുമുണ്ട്. ഫൈൻഡ് എൻ2 ഫ്ലിപ്പ് 3.26 ഇഞ്ചിൽ അമോലെഡ് കവർ ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രൈമറി ഡിസ്‌പ്ലേ 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.8ഇഞ്ച് മടക്കാവുന്ന അമോലെഡ് പാനലാണ്. ഫൈൻഡ് എൻ2 ഫ്ലിപ്പ് ചൈന മോഡലിൽ 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും ഉണ്ട്. തുറക്കുമ്പോൾ, ഉപയോക്താക്കൾക്ക് സെൽഫികൾക്കായി 32 മെഗാപിക്സൽ ക്യാമറ ഉപയോഗിക്കാം. 5G, 44W SuperVOOC ചാർജിങുള്ള 4,300mAh ഡ്യുവൽ സെൽ ബാറ്ററി, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, NFC, ബ്ലൂടൂത്ത് v5.3, ട്രൈ-ബാൻഡ് Wi-Fi 6 എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. ഫോണിന് ആകെ 191 ഗ്രാം ഭാരമുണ്ട്. ഫോൺ തുറക്കാതെ തന്നെ അറിയിപ്പുകൾ കാണാനോ ഫോട്ടോകൾ നോക്കാനോ ഡിസ്പ്ലേ ഉപയോക്താക്കളെ സഹായിക്കുന്നു.
ആഗോള വേരിയന്റിന് അതിന്റെ ചൈനീസ് എതിരാളിയുടെ അതേ സ്പെസിഫിക്കേഷനുകൾ ഉണ്ടോ എന്ന് കണ്ടറിയണം. ഒപ്പോ ഫൈൻഡ് എൻ2 ഫ്ലിപ്പ് ഇന്ത്യയിൽ ഏത് വിലയ്ക്കാണ് അവതരിപ്പിക്കാൻ പോകുന്നത് എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ നാലഞ്ച് വർഷത്തിനുള്ളിൽ സാംസങ് ഇതിനകം നാല് തലമുറ ഫോൾഡിങ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഫൈൻഡ് എൻ2 ഫ്ലിപ്പിന്റെ വില ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 4-ന്റെ വിലയുടെ ഏതാണ്ട് തുല്യമാണെങ്കിൽ, ഉപഭോക്താക്കളെ ആകർഷിക്കുന്നത് ഒപ്പോയ്ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. ചൈനയിൽ 8GB + 256GB സ്റ്റോറേജ് മോഡൽ CNY 5,999 (ഏകദേശം 71,000 രൂപ) പ്രാരംഭ വിലയിലാണ് Oppo Find N2 Flip ലോഞ്ച് ചെയ്‌തത്.