അപ്രതീക്ഷിത തീരുമാനങ്ങളിലൂടെ എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ആളാണ് എക്സ് (ട്വിറ്റര്‍) ഉടമയായ ഇലോണ്‍ മസ്ക്. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വലിയ ഓഫറുമായാണ് ഇപ്പോൾ മസ്ക് രംഗത്തെത്തിയിരിക്കുന്നത്. എക്‌സിൽ വിവരങ്ങൾ നേരിട്ട് പ്രസിദ്ധീകരിക്കാനാണ് ഇലോൺ മസ്‌ക് മാധ്യമ പ്രവർത്തകരോട് അഭ്യർത്ഥിച്ചത്. വിവരങ്ങൾ നേരിട്ട് പ്രസിദ്ധീകരിക്കാൻ എക്‌സ് തിരഞ്ഞെടുക്കുകയാണെങ്കിൽ ഉയർന്ന വരുമാനവും എഴുതാനുള്ള കൂടുതൽ സ്വാതന്ത്ര്യവും മസ്ക് വാഗ്ദാനം ചെയ്യുന്നു.
‘‘നിങ്ങൾ എഴുതാൻ കൂടുതൽ സ്വാതന്ത്ര്യവും ഉയർന്ന വരുമാനവും ആഗ്രഹിക്കുന്ന ഒരു മാധ്യമ പ്രവർത്തകനാണെങ്കിൽ, ഈ പ്ലാറ്റ്‌ഫോമിൽ നേരിട്ട് പ്രസിദ്ധീകരിക്കുക’’– ഇലോൺ മസ്‌ക് എക്‌സിൽ കുറിച്ചു.
മാധ്യമ സ്ഥാപനങ്ങള്‍ എക്സിൽ പങ്കുവയ്ക്കുന്ന ലേഖനങ്ങള്‍ക്ക് ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ അനുവദിക്കുന്ന പദ്ധതികളെ കുറിച്ച് ഇലോണ്‍ മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കളിൽ നിന്ന് ഓരോ ആർട്ടിക്കിൾ അടിസ്ഥാനത്തിലും നിരക്ക് ഈടാക്കുകയും പ്രതിമാസ സബ്‍സ്ക്രിപ്ഷന്‍ എടുക്കാത്തവരില്‍ നിന്ന് ഓരോ ലേഖനങ്ങള്‍ക്കും വീതം പണം ഈടാക്കുമെന്നും മസ്ക് പറഞ്ഞിരുന്നു. എന്നാല്‍ എക്‌സിന്റെ നയത്തിൽ അത്തരം മാറ്റങ്ങൾ ഇതുവരെ വന്നിട്ടില്ല.
അതേസമയം, പകർപ്പവകാശ ലംഘനത്തിന് നിലവിൽ ഫ്രാൻസിൽ നിന്നുള്ള വാർത്ത ഏജൻസിയായ എഎഫ്പി, എക്സ്നെതിരെ കേസ് കൊടുത്തിരിക്കുകയാണ്. നിയമപരമായ നഷ്ടപരിഹാരം ലഭിക്കുന്നതിനായി എക്‌സിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് എഎഫ്‌പി അറിയിച്ചു.