ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ റിയല്‍മിക്കെതിരെ ഗുരുതര ആരോപണം. എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ് എന്ന സ്മാർട്ട്ഫോണിലെ ഒരു ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച് കടത്തുന്നതായാണ് ആരോപണം. ഋഷി ബാഗ്രീ എന്ന ഉപയോക്താവാണ് ട്വിറ്റര്‍ വഴി ഡാറ്റാ ചോര്‍ച്ചയുടെ ആശങ്ക പങ്കുവച്ചത്. റിയൽമിക്കെതിരെ ഉയർന്ന ആരോപണം അന്വേഷിക്കുമെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റ ശേഖരിക്കാൻ റിയൽമി ഫോണുകളെ അനുവദിക്കുന്ന ഒരു ഫീച്ചറിന്റെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവച്ചു. സ്മാർട്ട്ഫോൺ ആദ്യമായി കൈയ്യിൽ കിട്ടുമ്പോൾ തന്നെ ഈ ഫീച്ചർ ഓൺ ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു. എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ് എന്ന പേരില്‍ റിയല്‍മി സ്മാര്‍ട്ഫോണില്‍ ഒരു ഫീച്ചര്‍ ഉണ്ടെന്നും അത് കോള്‍ ലോഗ്, എസ്എംഎസ്, ലൊക്കേഷന്‍ വിവരങ്ങള്‍ അടങ്ങുന്ന ഉപഭോക്തൃ വിവരങ്ങള്‍ എന്നിവ ശേഖരിക്കുന്നുവെന്നും പരാതിക്കാരന്‍ ഉന്നയിക്കുന്നു.
സമ്മതമില്ലാതെയാണ് ഉപയോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്നത്. വിവരങ്ങള്‍ ചൈനയിലേക്കാണോ പോകുന്നതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. സെറ്റിങ്‌സ് - അഡീഷണല്‍ സെറ്റിങ്‌സ് - സിസ്റ്റം സര്‍വീസസ് - എന്‍ഹാന്‍സ്ഡ് ഇന്റലിജന്റ് സര്‍വീസസ് ചെക്ക് ചെയ്താല്‍ ഈ ഫീച്ചര്‍ കാണാമെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു.
യൂസര്‍ എക്സ്പീരിയന്‍സ് മെച്ചപ്പെടുത്തുന്നതിനായി ഉപയോക്താക്കളുടെ ഡിവൈസ് ഇന്‍ഫര്‍മേഷന്‍,ആപ്പ്യൂസേജ് സ്റ്റാറ്റിസറ്റിക്, ലൊക്കേഷന്‍ ഇന്‍ഫര്‍മേഷന്‍, കലണ്ടര്‍ ഇവന്റ്‌സ്, അണ്‍ റീസ് മെസേജ്, മിസ്ഡ് കോള്‍സ് തുടങ്ങിയ വിവരങ്ങള്‍ ആവശ്യപ്പെടുന്ന സംവിധാനം ഫോണിലുണ്ടെന്നാണ് പരാതിക്കാരന്‍ ഉന്നയിക്കുന്നത്. എന്നാൽ ഉപകരണത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി ഉപയോക്താക്കളുടെ എക്സ്പീരിയൻസ് മികച്ചതാക്കാനുള്ള ഫീച്ചറാണിത് എന്നാണ് റിയൽമിയുടെ വാദം.
ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്താൻ വേണ്ടി മാത്രമുള്ള ഡാറ്റയാണ് ശേഖരിക്കുന്നതെന്നും അത് പൂർണമായും ഉപകരണത്തിലാണ് സംഭരിച്ചിരിക്കുന്നതെന്നും കമ്പനി പറഞ്ഞു. ഡാറ്റ മറ്റെവിടെയും പങ്കിടുകയോ ക്ലൗഡിൽ അപ്‌ലോഡ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും റിയൽമി വ്യക്തമാക്കി. ''ഞങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും റിയൽമി വലിയ പ്രാധാന്യം നൽകുന്നു. ഡാറ്റ സുരക്ഷയുടെ രഹസ്യാത്മകത നിലനിർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്''. എസ്എംഎസ്, ഫോൺ കോളുകൾ, ഷെഡ്യൂളുകൾ മുതലായവയിൽ ഒരു ഡാറ്റയും എടുക്കുന്നില്ലെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചുവെന്ന ആരോപണം അന്വേഷിക്കുമെന്ന് ഐടി മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആരോപണമുന്നയിച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനീസ് കമ്പനിയായ ബിബികെ ഇലക്ട്രേണിക്സിന്റെ കീഴിലുള്ള കമ്പനിയാണ് റിയല്‍മി. വിവോ, ഓപ്പോ, വണ്‍പ്ലസ്, ഐഖൂ തുടങ്ങിയ ഇന്ത്യയിലെ മുന്‍നിര ചൈനീസ് ബ്രാന്‍ഡുകള്‍ എല്ലാ തന്നെ ബിബികെ ഇലക്ട്രോണിക്‌സിന്റേതാണ്. അതേസമയം റിയൽമി 11 പ്രോയിലും വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റിലും ഓപ്പോ റെനോ 7 5ജിയിലും ഈ ഫീച്ചർ ഉണ്ടെന്നാണ് സൂചന.