ടെക്സ്റ്റ് മെസേജിങ് ഉപയോഗിച്ച് ഹാക്കർമാർ ഉപയോക്താക്കളുടെ ലൊക്കേഷനുകൾ ചോർത്തുന്ന ''എസ്എംഎസ് ലൊക്കേഷൻ ട്രാക്കിങ് '' ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ഗവേഷകർ. മെഷീൻ ലേണിംഗ് പ്രോഗ്രാമും എസ്എംഎസ് സിസ്റ്റത്തിൽ നിന്നുള്ള ഡാറ്റയും ഉപയോഗിച്ച് ഉപയോക്താവിന്റെ ലൊക്കേഷൻ ചോർത്തുന്ന സംവിധാനത്തെക്കുറിച്ചാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. യുഎസ് ആസ്ഥാനമായുള്ള നോർത്ത് ഈസ്റ്റേൺ യൂണിവേഴ്‌സിറ്റി പിഎച്ച്‌ഡി വിദ്യാർത്ഥിയായ ഇവാഞ്ചലോസ് ബിറ്റ്‌സികാസിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്.
ഒരാളുടെ ഫോൺ നമ്പറും നെറ്റവർക്ക് ആക്‌സസും ലഭിക്കുന്നതിലൂടെ ഹാക്കർമാർക്ക് അയാളെ ലോകത്തെ ഏത് കോണിൽ നിന്നും ഈ സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കാൻ സാധിക്കും. "ഇരയാകുന്ന ഉപയോക്താവിന്റെ ഫോൺ നമ്പർ കണ്ടെത്തുകയും നെറ്റവർക്ക് ആക്‌സസ് നേടുകയും ചെയ്താൽ നിങ്ങൾക്ക് ഇരയെ നിരീക്ഷകൻ സാധിക്കും." ബിറ്റ്‌സികാസ് പറയുന്നു. വര്ഷങ്ങളായി എസ്എംഎസ് സുരക്ഷാ മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഡെലിവറി അറിയിപ്പുകളുടെ സമയക്രമത്തിലുണ്ടാകുന്ന ചില പിഴവുകളാണ് ഈ ഹാക്കിങ്ങിന് വഴിയൊരുക്കുന്നത്. നോർത്ത് ഈസ്റ്റേൺ ഗ്ലോബൽ ന്യൂസ് റിപ്പോർട്ട് പ്രകാരം ഒരു എംഎംഎസ് അയക്കുന്നതിലൂയോടെ നമ്മുടെ ലൊക്കേഷൻ കണ്ടുപിടിക്കാൻ ഹാക്കർമാർക്ക് സാധിക്കും.
എസ്എംഎസിലെ ഓട്ടോമേറ്റഡ് ഡെലിവറി അറിയിപ്പ് ഫീച്ചറിലാണ് അപകടസാധ്യതയെന്ന് ബിറ്റ്‌സികാസ് വിശദീകരിക്കുന്നു. ഒരു ഉപയോക്താവിന് ഒരു വാചക സന്ദേശം ലഭിക്കുമ്പോൾ ഫോൺ അവരുടെ സ്ഥാനം സൂചിപ്പിക്കുന്ന ടൈംസ്റ്റാമ്പ് സഹിതം ഒരു ഡെലിവറി റെസിപ്പ്റ്റും ഓട്ടോമെറ്റിക് ആയി അയയ്ക്കുന്നു. ബിറ്റ്‌സികാസിന്റെ അഭിപ്രായ പ്രകാരം ഈ ടൈംസ്റ്റാമ്പുകൾ കണ്ടെത്താനും ഉപയോക്താവിന്റെ സ്ഥാനം മനസിലാക്കാനും കഴിവുള്ള ഒരു അൽഗോരിതം മെഷീൻ ലേണിംഗ് ഉപയോഗിച്ച് ഹാക്കർമാർക്ക് സൃഷ്ടിക്കാൻ ആകും.
ഒരു ലൊക്കേഷൻ കണ്ടെത്താൻ മെഷീൻ ലേണിംഗ് ഉപയോഗിക്കുന്നതിന്, ഹാക്കർമാർക്ക് ഇരയുടെ ഫോൺ നമ്പർ മാത്രമേ ആവശ്യമുള്ളൂവെന്നും പതിവായി നെറ്റ്‌വർക്ക് ആക്‌സസ് ഉണ്ടായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. നിലവിൽ, പ്രധാനമായും ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലാണ് ഈ അപകടസാധ്യത കണ്ടുവരുന്നത്.
എങ്ങനെ സുരക്ഷാ ഉറപ്പുവരുത്താം
ഇത്തരം കേസുകൾ വളരെ സജീവമായി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഭാവിയിൽ ഇതിന്റെ ഉപയോഗം വ്യാപകമാവുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഹാക്കിങ്ങുകളുടെ അപകടസാധ്യതയുടെ ഗൗരവം കണക്കിലെടുത്ത് ഇതിൽ നിന്ന് സുരക്ഷിതരായിരിക്കാനുള്ള വഴികൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്. അതിനുള്ള ചില വഴികൾ ഇതാ
എസ്എംഎസ് സംവിധാനം ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കുക : എസ്എംഎസ് ഉപയോഗിക്കുന്നത് കുറക്കുക. കൂടുതൽ ശക്തമായ സുരക്ഷാ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന WhatsApp പോലുള്ള എൻക്രിപ്റ്റഡ് മെസേജിംഗ് ആപ്പുകൾ ഉപയോഗിക്കാം.
ഫോണിൽ ഏറ്റവും പുതിയ സുരക്ഷാ പാച്ചുകളും അപ്ഡേഷനുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
നിങ്ങളുടെ ഫോൺ നമ്പർ പങ്കിടുന്നത് പരിമിതപ്പെടുത്തുക: നിങ്ങളുടെ ഫോൺ നമ്പർ പങ്കിടുന്നത്, പ്രത്യേകിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കിടുന്നത് ശ്രദ്ധിക്കുക.
റീഡ് റെസിപ്റ്റുകൾ പ്രവർത്തനരഹിതമാക്കുക: നിങ്ങളുടെ ഫോൺ ക്രമീകരണങ്ങൾ പരിശോധിക്കുകയും സാധ്യമെങ്കിൽ SMS-നായുള്ള റീഡ് റെസിപ്റ്റുകൾ പ്രവർത്തനരഹിതമാക്കുകയും ചെയ്യുക.
സൈബർ സുരക്ഷയെക്കുറിച്ച് ഇപ്പോഴും ബോധവാനായിരിക്കുക